Movie Day
കാതലില്‍ മാത്യുവിന്റേയും തങ്കന്റേയും ഇന്റിമേറ്റ് സീനുകള്‍ കാണിക്കാതിരുന്നതിന് കാരണമുണ്ട്: മുത്തുമണി
മമ്മൂട്ടി-ജിയോ ബേബി കൂട്ടുകെട്ടിലൊരുങ്ങിയ കാതല്‍ തുടങ്ങിവെച്ച ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണ്. സ്വവര്‍ഗ ലൈംഗികതയെ കുറിച്ച് പറയുന്ന ചിത്രം വലിയ രീതിയില്‍ പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു.
എന്നാല്‍ സിനിമയില്‍ മാത്യുവും തങ്കനുമായുള്ള രംഗങ്ങള്‍ പരിമിതപ്പെടുത്തിയതിനെ കുറിച്ചും അവരുടെ കഴിഞ്ഞകാലം പറയുന്ന ഒരു ബാക്ക് സ്റ്റോറി പോലും കാണിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവും ഉയര്‍ന്നിരുന്നു.
ഇരുവരും തമ്മിലുള്ള ഇന്റിമസി രംഗങ്ങള്‍ ചിത്രത്തില്‍ നിന്ന് തങ്ങള്‍ മന:പൂര്‍വം ഒഴിവാക്കിയതാണെന്നായിരുന്നു സംവിധായകന്‍ ജിയോ ബേബി ഇതിനോട് പ്രതികരിച്ചത്. ഇപ്പോള്‍ ഇതേ ചോദ്യത്തിന് മറുപടി നല്‍കുകയാണ് ചിത്രത്തില്‍ അമീറ എന്ന അഭിഭാഷകയുടെ വേഷം ചെയ്ത മുത്തുവിളി.
‘നമുക്ക് ഈ സിനിമ എങ്ങനെയും കാണിക്കാം. ഗോവ ഫിലിം ഫെസ്റ്റിവലില്‍ ഈ ചിത്രം പ്രദര്‍ശിപ്പിച്ച ശേഷം നടന്ന സെഷനില്‍ ഒരാള്‍ ചോദിക്കുന്നുണ്ടായിരുന്നു എന്തുകൊണ്ടാണ് മാത്യുവും തങ്കനും തമ്മിലുള്ള ഇന്റിമസി സീനുകള്‍ കാണിക്കാത്തതെന്ന്.
അതിന്റെ മറുപടി, അതാണ് അതിന്റെ ഒരു ബ്യൂട്ടി എന്നതാണ്. ഇത് എങ്ങനെ വേണമെങ്കിലും നമുക്ക് കാണാം. അത് പ്രേക്ഷകര്‍ക്ക് വിട്ടുതന്നിരിക്കുകയാണ്.
ഈ കമ്യൂണിറ്റിയില്‍ ഉള്ളവരുടെ ജീവിതം എന്ന് പറയുമ്പോള്‍ ഇന്റിമേറ്റ് സീനുകള്‍ കാണിക്കുക എന്നുള്ളത് മാത്രമല്ല. അവര്‍ക്ക് അവരുടേതായ കമ്പാനിയന്‍ഷിപ്പുണ്ട്, ജീവിതമുണ്ട്. അവര്‍ മറ്റുള്ളവരെ കുറിച്ച് ഈക്വലി കണ്‍സേണ്‍ഡ് ആണ്.
ഇതില്‍ ഒരു സീനില്‍ ഓമന പറയുന്നുണ്ട്, പ്രസവശേഷം തന്നെ വിളിച്ചുകൊണ്ടുവരാന്‍ ചാച്ചനാണ് വന്നത്. അന്ന് തങ്കന്‍ ചേട്ടന്‍ ആക്‌സിഡന്റ് ആയി എന്ന് പറഞ്ഞിട്ട് മാത്യു അങ്ങോട്ട് പോയി എന്ന്. മാത്യുവിന് തങ്കനോടുള്ള കണ്‍സേണും കെയറും ഇഷ്ടവും കാണിക്കുന്ന സീക്വന്‍സാണ് അത്.
കാലങ്ങളായി അവര്‍ തമ്മിലുള്ള ഇക്വേഷന്‍ എങ്ങനെയാണ് ഇവോള്‍ഡ് ചെയ്ത് വന്നത് എന്ന് കാണിക്കുകയാണ്. പിന്നെ കേട്ടത് മധുരം കേള്‍ക്കാത്തത് അതിമധുരം എന്നാണല്ലോ. കാണിച്ചു കഴിഞ്ഞാല്‍ ആ ഫ്രേമില്‍ നമ്മുടെ ചിന്തകള്‍ തട്ടിനില്‍ക്കും.
അതിന് പകരം ഇവിടെ ഇവരുടെ മനോഹരമായ ജീവിതത്തെ കുറിച്ച് എന്തു വേണമെങ്കിലും ചിന്തിക്കാനുള്ള വാതില്‍ തുറന്നിട്ടു തന്നിരിക്കുകയാണ്,’ മുത്തുമണി പറയുന്നു.
അതുപോലെ ഓമന എന്തുകൊണ്ട് ഇത്രയും കാലം വിവാഹമോചനമെന്ന തീരുമാനത്തിലേക്ക് പോയില്ല എന്ന ചോദ്യമാണ് ചിലര്‍ ഉയര്‍ത്തിയത്. അതും സിനിമ പറയുന്നുണ്ട്.
ഓമന ഒരിക്കലും മാത്യുവിനെ ഒരു ദുഷ്ടനായിട്ടോ തന്റെ ജീവിതം നശിപ്പിച്ച വ്യക്തിയായിട്ടല്ലോ അല്ല കാണുന്നത്. ഓമന അവരുടെ അച്ഛനോട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഈ കാര്യം പറയുന്നുണ്ട്. എന്നാല്‍ അച്ഛന്‍ സമ്മതിക്കുന്നില്ല.
പിന്നെ ഓമന അവള്‍ക്ക് കിട്ടിയ കുഞ്ഞിന്റെ കാര്യമൊക്കെ നോക്കി സന്തോഷത്തോടെ ജീവിക്കാന്‍ ശ്രമിച്ചു. പിന്നെ 377ാം വകുപ്പ് ഡീ ക്രിമിനലൈസ് ചെയ്യുന്നതിന് മുന്‍പാണ് ഓമന ഇത്തരമൊരു കേസുമായി പോകുന്നതെങ്കില്‍ മാത്യു അവിടെ ഒരു ക്രിമിനലാകും. അത് ഒരുകാരണവശാലും സംഭവിക്കണമെന്ന് ഓമന ആഗ്രഹിക്കുന്നില്ല.
പിന്നെ ഇപ്പോള്‍ എന്തുകൊണ്ട് വന്നു എന്ന് ചോദിച്ചുകഴിഞ്ഞാല്‍ ഇപ്പോഴെങ്കിലും വരേണ്ട എന്നൊരു ചോദ്യമുണ്ട്. മാത്രമല്ല ഇനിയെങ്കിലും മാത്യു മാത്യുവിന്റെ ഇഷ്ടത്തിന് മാത്യുവായി ജീവിക്കട്ടെ എന്ന് ഓമന ആഗ്രഹിക്കുന്നുണ്ട്,’ മുത്തുമണി പറയുന്നു.
Content Highlight: Actress Muthumani about Intinate scenes and Thankan Mathew Relationship of kaathal movie