കുക്കിങ്ങും ക്ലീനിങ്ങും പഠിപ്പിക്കുന്നത് തെറ്റാണോ?
DISCOURSE
കുക്കിങ്ങും ക്ലീനിങ്ങും പഠിപ്പിക്കുന്നത് തെറ്റാണോ?
അന്ന കീർത്തി ജോർജ്
Wednesday, 20th October 2021, 6:01 pm

കുക്കിങ്ങും ക്ലീനിങ്ങും പഠിക്കുന്നത് തെറ്റാണോ? കല്യാണം കഴിക്കുന്നത് തെറ്റാണോ? കല്യാണം കഴിഞ്ഞ് വേറെ വീട്ടില്‍ കയറി ചെല്ലുന്നത് തെറ്റാണോ? കല്യാണം കഴിഞ്ഞാല്‍ വീട്ടിലെ കാര്യങ്ങള്‍ നോക്കി ജീവിക്കുന്നത് തെറ്റാണോ? കല്യാണം കഴിയുന്നതോടെ  കരിയര്‍ ഉപേക്ഷിക്കുന്നത് തെറ്റാണോ? എന്നെങ്കിലും കല്യാണം കഴിച്ച് വേറെ വീട്ടില്‍ കയറി ചെല്ലേണ്ടി വരുമെന്നത് കൊണ്ടു ഇതൊക്കെ ചെറുപ്പത്തില്‍ തന്നെ പഠിപ്പിക്കുന്നതും പഠിച്ചെടുക്കുന്നതും തെറ്റാണോ? നമുക്കൊന്ന് നോക്കാം

ഈ ചോദ്യങ്ങളിലെവിടെയും ഇക്കാര്യങ്ങളൊക്കെ ചെയ്യുന്നയാളുടെ ജെന്‍ഡര്‍ പറഞ്ഞിട്ടില്ല, എല്ലാവരുടെയും മനസില്‍ ഒരു പെണ്‍കുട്ടി അല്ലാതെ മറ്റാരെങ്കിലും വന്നോ? ഇല്ല, വരാന്‍ സാധ്യതയില്ല. അതു തന്നെയാണ് ആദ്യ പ്രശ്‌നം. ഇതെല്ലാം ചെയ്യേണ്ടത് സ്ത്രീകളാണ്, ഇതൊക്കെ തന്നെയാണ് ഒരു സ്ത്രീയുടെ ആത്യന്തികമായ കടമയെന്ന ധാരണ, അത്രയും ആഴത്തില്‍ പതിഞ്ഞിരിക്കുന്ന സമൂഹത്തിലാണ് നമ്മള്‍ ഇന്നും കഴിയുന്നത്.

അതിനെ ചോദ്യം ചെയ്തും വെല്ലുവിളിച്ചും സ്ത്രീകള്‍ മുന്നോട്ടുവരുന്ന ഈ സന്ദര്‍ഭത്തില്‍, ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍, ‘മറ്റൊരു വീട്ടിലേക്ക് കയറിച്ചെന്ന് വീട്ടമ്മയായി കഴിയേണ്ടതുകൊണ്ട’ അഞ്ചു വയസുകാരിയായ മകളെ കുക്കിംഗും ക്ലീനിംഗും പഠിപ്പിച്ചിട്ടുണ്ടെന്ന് പറയുന്നതില്‍, തെറ്റുണ്ട്. അതും ലക്ഷക്കണക്കിന് പേര്‍ കാണുന്ന ഒരു ചാനല്‍ പരിപാടിയില്‍ വെച്ചാവുമ്പോള്‍ അതിന്റെ ഇംപാക്ട് അത്ര ചെറുതൊന്നും ആവില്ല.

നടി മുക്ത ഫ്‌ളവേഴ്‌സ് ചാനലിലെ സ്റ്റാര്‍ മാജിക് എന്ന പരിപാടിക്കിടെ ഇത് പറഞ്ഞപ്പോള്‍, അത് മെച്യൂരിറ്റിയാണെന്ന് അവതാരകയായ ലക്ഷ്മി തിരിച്ചു പറഞ്ഞ് പ്രോത്സാഹിപ്പിക്കുന്നതിലും തെറ്റുണ്ട്. നിരാശജനകമാണെന്ന് മാത്രമല്ല, സമൂഹത്തെ ഒരുപാട് പിന്നോട്ടടിപ്പിക്കുന്ന പ്രസ്താവന തന്നെയാണത്. സ്ത്രീവിരുദ്ധത മാത്രമല്ല, കുട്ടികളുടെ അടിസ്ഥാന അവകാശങ്ങള്‍ വരെ ഹനിക്കുന്ന കാഴ്ചപ്പാടാണിത്. സ്വന്തം താല്‍പര്യങ്ങളും ഇഷ്ടങ്ങളും മനസിലാക്കി ഒരു വ്യക്തിയെന്ന നിലയില്‍ വളരാനുള്ള മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങളെ കൂടിയാണ് ഇത്തരം അബദ്ധധാരണകള്‍ ഇല്ലാതാക്കുന്നത്.

മുക്തയുടെ പരാമര്‍ശത്തെയും അതിനോട് പരിപാടിയിലെ മറ്റുള്ളവര്‍ നടത്തുന്ന പ്രതികരണങ്ങളെയും നമുക്കൊന്ന് പരിശോധിക്കാം. ഇനി പറയാന്‍ പോകുന്ന പല കാര്യങ്ങളും നിങ്ങള്‍ കേട്ടുമടുത്തതായിരിക്കാം, പക്ഷെ വീണ്ടും വീണ്ടും ഇത്തരം പ്രതികരണങ്ങളുണ്ടാകുന്ന ഘട്ടത്തില്‍ ഒന്നുകൂടി പറയുകയാണ്.

അമ്മയെന്തൊക്കെ കാര്യങ്ങളാണ് പഠിപ്പിച്ചു തന്നിട്ടുള്ളതെന്ന് മകളോട് അവതാരക ചോദിക്കുമ്പോള്‍, വളരെ അഭിമാനപൂര്‍വ്വം മുക്ത പറയുന്നു, ഞാന്‍ അവളെ അത്യാവശ്യം കുക്കിങ്ങും ക്ലീനിങ്ങുമൊക്കെ പഠിപ്പിച്ചിട്ടുണ്ടെന്ന്. (അത്യാവശ്യം ഭക്ഷണം ഉണ്ടാക്കാനും താമസ്ഥലം വൃത്തിയായി സൂക്ഷിക്കാനുമൊക്കെ ഏതൊരാളും അറിഞ്ഞിരിക്കുന്നത് നല്ലതാണ്. എവിടെ പോയാലും ജീവിച്ചുപോരാന്‍ ആവശ്യമായ അടിസ്ഥാന കാര്യങ്ങളാണിത്, തര്‍ക്കമില്ല)

മുക്തയുടെ ഈ പ്രസ്താവന വന്നപ്പോള്‍ പരിപാടിയില്‍ പങ്കെടുക്കുന്ന ബിനു അടിമാലി, ബാലവേലയാണല്ലേ എന്ന് തിരിച്ചു ചോദിക്കുന്നു. അതിന് മുക്ത നല്‍കുന്ന മറുപടിയാണ് ഈ സാഹചര്യത്തെ വളരെ പ്രോബ്ലമാറ്റിക് ആക്കുന്നത്.

‘അല്ല, പെണ്‍കുട്ടികള്‍ ഇതെല്ലാം ചെയ്തു പഠിക്കണം ചേട്ടാ…ആര്‍ടിസ്റ്റൊക്കെ കല്ല്യാണം കഴിയുന്നതു വരെയേ ഉള്ളൂ. അതു കഴിഞ്ഞ് നമ്മള്‍ വീട്ടമ്മ ആയി. നമ്മള്‍ ജോലി ചെയ്തു തന്നെ പഠിക്കണം. ഇവള്‍ വേറെ വീട്ടില്‍ കേറി ചെല്ലാനുള്ളതല്ലേ,’ ഇതാണ് മുക്തയുടെ മറുപടി.

എങ്ങനെ നോക്കിയാലും വിമര്‍ശിക്കപ്പെടേണ്ട വാക്കുകളാണിതെന്ന് സംശയലേശമന്യേ പറയാം. പെണ്‍കുട്ടിയായതുകൊണ്ട് മാത്രം ഒരാള്‍ കുക്കിങ്ങും ക്ലീനിങ്ങും പഠിക്കണമെന്ന് പറയുന്നതിലൂടെ ഒരു ലിംഗത്തില്‍ പെട്ടവര്‍ മാത്രം ചെയ്യേണ്ട ജോലിയായി വീട്ടിലെ പണികളെ ചിത്രീകരിക്കുകയാണ്. തൊട്ടടുത്ത വാചകങ്ങളിലൂടെ ഈ ജോലി ചെയ്യേണ്ടത് ഒരു സ്ത്രീയുടെ ഒഴിച്ചുകൂടാനാകാത്ത കടമയാണെന്ന ബോധ്യമുണ്ടാക്കുന്നു. അഞ്ച് വയസായ ഒരു കുട്ടിയിലാണ് പാട്രിയാര്‍ക്കിയും ജെന്‍ഡര്‍ റോളുകളും ഇത്തരത്തില്‍ അടിച്ചേല്‍പ്പിക്കുന്നതെന്ന് കൂടി ശ്രദ്ധിക്കണം. നമ്മുടെയൊക്കെ വീടുകളില്‍ നടുക്കുന്നതും ഇതു തന്നെ.

പുറത്ത് ജോലി ചെയ്യുന്ന സ്ത്രീകളായാലും അല്ലെങ്കിലും വീട്ടിലെ ജോലികള്‍ ചെയ്തിരിക്കണമെന്ന കടുത്ത ലിംഗവിവേചനത്തെ നോര്‍മലൈസ് ചെയ്യുന്നതാണ് ഈ കാണുന്നത്. വീടുകള്‍ക്കുള്ളിലും ജോലിസ്ഥലത്തും മറ്റെവിടെയും സ്ത്രീകള്‍ നേരിടുന്ന വിവിധ തലങ്ങളിലുള്ള അസമത്വത്തിന്റെ അടിസ്ഥാനമായി കാണാവുന്ന പ്രസ്താവനയാണിത്.

സ്ത്രീകള്‍ മുറ്റമടിക്കുകയും പാത്രം കഴുകുകയും വസ്ത്രങ്ങള്‍ അലക്കുകയും ചെയ്യുന്നത് കടമയും സ്വാഭാവികവുമാകുന്നതും പുരുഷന്മാര്‍ ഇതേ കാര്യം ചെയ്യുമ്പോള്‍ ഭാര്യയെ സഹായിക്കുന്നവനും മഹാനും വ്യത്യസ്തനും ചിലപ്പോഴൊക്കെ പെണ്‍കോന്തനുമാകുന്നതും എന്തുകൊണ്ടാണെന്നും ഈ പ്രസ്താവന വ്യക്തമാക്കുന്നുണ്ട്.

ഇനി, ‘ആര്‍ടിസ്റ്റൊക്കെ കല്യാണം കഴിയുന്നത് വരെയുള്ളുവെന്നും അതു കഴിഞ്ഞാല്‍ വീട്ടമ്മയാണെന്നും പറയുന്നതും മറ്റൊരു വീട്ടില്‍ കയറി ചെല്ലേണ്ടവളാണ്’ വാചകങ്ങള്‍- വിവാഹത്തിന് ശേഷം കുടുംബത്തെ നോക്കി വീട്ടില്‍ കഴിയേണ്ടവളാണ് സ്ത്രീകള്‍, അവരുടെ കരിയര്‍, അത് ഏത് പ്രൊഫഷനും ആയിക്കൊള്ളട്ടേ, കല്യാണം വരെയേ ആയുസുള്ളു. അതിനുശേഷം പിന്നെ വീട്ടമ്മയായി തന്നെ കഴിയണമെന്നല്ലാം പറയുന്നത് ഒരിക്കലും അംഗീകരിച്ചു കൊടുക്കാവുന്നതല്ല.

സ്വന്തമായി ഒരു വ്യക്തിത്വം അവകാശപ്പെടാനില്ലാത്ത, മകള്‍-ഭാര്യ-അമ്മ എന്നീ റോളുകള്‍ക്കായി മാത്രം വിധിക്കപ്പെട്ടവരാണ് സ്ത്രീകളെന്ന ബോധ്യമാണിത്. മനുസ്മൃതിയൊന്നും എവിടെയും പോയിട്ടില്ലെന്ന് മുക്തയുടെ പ്രസ്താവന കേള്‍ക്കുമ്പോള്‍ തോന്നിപ്പോകും. കരിയറില്‍ എത്ര ഉയര്‍ന്ന നിലയിലെത്തിയാലും നന്നായി ഭക്ഷണം പാകം ചെയ്യാനും വീട്ടുപണികള്‍ കൃത്യമായി ചെയ്യാനും അറിഞ്ഞില്ലെങ്കില്‍ പിന്നെ സ്ത്രീ വെറും വട്ടപ്പൂജ്യമാണെന്ന് വിഡ്ഢിത്തമാണ് ഈ വരികളിലുമുള്ളത്.

ഗാര്‍ഹിക പീഡനങ്ങളും സ്ത്രീധന പീഡനങ്ങളും കാരണം പെണ്‍കുട്ടികളുടെ കൊലപാതകവും ആത്മഹത്യയും നിത്യസംഭവങ്ങളുമായി തുടരുന്നതിന് പിന്നിലും ഇത്തരം ബോധ്യങ്ങള്‍ക്ക് വലിയ പങ്കുണ്ട്. കാരണം ഈ മരണങ്ങളൊന്നും ശൂന്യതയില്‍ സംഭവിക്കുന്നതല്ല. നമ്മുടെ സമൂഹം ഒരു പെണ്‍കുട്ടിയുടെ ജനനം മുതല്‍ അടിച്ചേല്‍പ്പിക്കുന്ന പാട്രിയാര്‍ക്കിയുടെ പരിണിതഫലങ്ങളാണ് ഇതെല്ലാം. അതുകൊണ്ടുതന്നെ അത്രയൊന്നും നിസാരമായും നിഷ്‌കളങ്കമായും ഇത്തരം പ്രസ്താവനകളെ തള്ളിക്കളയാനാകില്ല.

മറ്റൊരു വീട്ടിലേക്ക് പോകാനുള്ളവരാണെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞ് വളര്‍ത്തുന്നത് ഓരോ പെണ്‍കുട്ടിയിലും ചെറുപ്പം മുതല്‍ സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥ ചെറുതൊന്നുമല്ല. ചെറുപ്പക്കാരായ പെണ്‍കുട്ടികള്‍ ഭര്‍തൃവീടുകളില്‍ കൊല്ലപ്പെടുകയും ആത്മഹത്യ ചെയ്യുകയും ചെയ്യുന്ന ഒരുപാട് വാര്‍ത്തകള്‍ അടുത്ത കാലത്ത് വന്നപ്പോള്‍ ഏറ്റവും കൂടുതല്‍ കേട്ട ചോദ്യമായിരുന്നു, ‘അവര്‍ക്കൊന്നും സ്വന്തം വീടുകളിലേക്ക് പോകാമായിരുന്നില്ലേ’ എന്നത്. ആ പെണ്‍കുട്ടികള്‍ക്ക് അതിന് സാധിക്കാതിരുന്നത് അവര്‍ക്കൊന്നും സ്വന്തമായി വീടുകളില്ലായിരുന്നു എന്നതുകൊണ്ടാണ്. കാരണം, മറ്റൊരു വീട്ടിലേക്ക് പറഞ്ഞയക്കാന്‍ വേണ്ടിയായിരുന്നു അവരെ ജനിച്ച വീട്ടില്‍ വളര്‍ത്തിയിരുന്നത്.

ഇപ്പറഞ്ഞത് മാത്രമല്ല, എണ്ണിതിട്ടപ്പെടുത്താന്‍ തുടങ്ങിയാല്‍ ചാനല്‍ പരിപാടിയിലെ മുക്തയുടെ പ്രസ്താവനയില്‍ പുരുഷാധിപത്യത്തിന്റെയും ലിംഗവിവേചനത്തിന്റെയും അസമത്വത്തിന്റെയും ആദ്യ വിത്തുകള്‍ ഒരുപാട് കാണാം.

മുക്തയുടെ വാക്കുകളോട് വന്ന രണ്ട് പ്രതികരണങ്ങള്‍ നോക്കാം. അവതാരകയായ ലക്ഷ്മി, മുക്ത ന്യൂജനറേഷനാണെങ്കിലും വളരെ മെച്ച്വേര്‍ഡ് ആണെന്ന് പറയുന്നു. അതായത് അടുക്കള ജോലിയും വീട്ടമ്മയാകലുമാണ് ഒരു സ്ത്രീയുടെ ജീവിതലക്ഷ്യമെന്ന് മനസിലാക്കുന്നിടത്താണ് ഒരു പെണ്‍കുട്ടിയുടെ പക്വത നിശ്ചയിക്കപ്പെടുന്നത് എന്ന്. അങ്ങനെയല്ലാത്ത സ്ത്രീകള്‍ അപക്വമായ ജീവിതം നയിക്കുന്നവരാണെന്ന്.

ഒരു പൊതുവേദിയില്‍ വന്നുനിന്നു കൊണ്ടാണ് ‘വീട്ടമ്മ മാത്രമായിരിക്കുന്നതിലേ’ മഹാത്മ്യത്തെ കുറിച്ച് ഇരുവരും സംസാരിക്കുന്നത് എന്നതാണ് ഇതിലെ തമാശ. ഇവര്‍ പറയുന്നതിന്റെ പ്രത്യാഘാതം ജീവിതത്തില്‍ നേരിടാന്‍ പോകുന്നത് വീട്ടമ്മ മാത്രമായിരിക്കുന്ന സ്ത്രീകളായിരിക്കും എന്നൊരു ക്രൂര യാഥാര്‍ത്ഥ്യവും ഇതിലുണ്ട്. അതിന്റെ ഉദാഹരണം ആ വീഡിയോയില്‍ തന്നെ കാണാം.

മുക്തയുടെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെ ബിനു അടിമാലി തൊട്ടടുത്തിരിക്കുന്ന ഫീമെയ്ല്‍ ആര്‍ട്ടിസ്റ്റിനോട് കേട്ടു പഠിക്ക് എന്ന് പറയുന്നുണ്ട്. ഈ പരിപാടി വീടുകളിലിരുന്ന് കാണുന്നവരില്‍ ഭൂരിഭാഗവും തങ്ങളുടെ അടുത്തുള്ള ഓരോ സ്ത്രീയോടും, സ്വന്തം സ്വപ്‌നങ്ങളും തീരുമാനങ്ങളുമുള്ള ഓരോ സ്ത്രീയോടും, ഇതുതന്നെ പറഞ്ഞുകാണും. പോയി വീട്ടമ്മയാകാന്‍ പഠിക്ക്, അടുക്കളയില്‍ പോകൂ എന്നെല്ലാം. സ്ത്രീവിരുദ്ധവും മനുഷ്യത്വവിരുദ്ധമായ നിലപാടുകള്‍ വെച്ചുപുലര്‍ത്തുന്നവര്‍ക്കെല്ലാം തങ്ങളുടെ കാഴ്ചപ്പാടുകള്‍ ശരിയാണെന്ന് തോന്നാനുള്ള സാഹചര്യമാണ് മുക്തയുടെ വാക്കുകള്‍ എളുപ്പമാക്കിയിരിക്കുന്നത്.

മുക്തയുടെ വാക്കുകള്‍ക്കും അതിനെ പരിപാടിയിലുള്ളവര്‍ പ്രോത്സാഹിപ്പിച്ചതിനുമെതിരെ വ്യാപക വിമര്‍ശനവും പല തലങ്ങളില്‍ നിന്നുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട് എന്നത് നല്‍കുന്ന പ്രതീക്ഷ ചെറുതല്ല. ഈ പരിപാടി സംപ്രേക്ഷണം ചെയ്ത് തൊട്ടടുത്ത ദിവസം മുതല്‍ തന്നെ വിമര്‍ശനവും പരാതികളും വന്നു കഴിഞ്ഞു. ഒരു വിച്ച് ഹണ്ടിലേക്ക് നീങ്ങാതെ കാര്യങ്ങളെ വ്യക്തതയോടെ കാണുന്ന രീതിയില്‍ തന്നെ ഈ ചര്‍ച്ചകള്‍ മുന്നോട്ടുപോകുമെന്ന് കരുതാം. ഇതുകൊണ്ട്  ചാനല്‍ പരിപാടികളില്‍ സ്ത്രീവിരുദ്ധതയും മനുഷ്യത്വ വിരുദ്ധതയും അവസാനിക്കുമെന്ന വ്യാമോഹം തീരെയില്ല, പക്ഷെ ഇന്ന് നടക്കുന്ന ഈ ചൂണ്ടിക്കാണിക്കപ്പെടലുകള്‍ പ്രതീക്ഷ തന്നെയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content  Highlight: Actress Muktha’s inappropriate comment in Flowers TV Star Magic program – Explained

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.