പെണ്‍കുട്ടികളായാല്‍ ക്ലീനിംഗും കുക്കിംഗും പഠിക്കണമെന്ന പരാമര്‍ശം; മുക്തയ്‌ക്കെതിരെ പരാതി
Kerala News
പെണ്‍കുട്ടികളായാല്‍ ക്ലീനിംഗും കുക്കിംഗും പഠിക്കണമെന്ന പരാമര്‍ശം; മുക്തയ്‌ക്കെതിരെ പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th October 2021, 8:09 pm

കൊച്ചി: നടി മുക്തയ്‌ക്കെതിരെ വനിതാ കമ്മീഷനും ബാലാവകാശ കമ്മീഷനും വാര്‍ത്താവിതരണ വകുപ്പിനും പരാതി. ഫ്‌ളവേഴ്‌സ് ചാനലിലെ സ്റ്റാര്‍ മാജിക് എന്ന പ്രോഗാമിനിടയിലെ സ്ത്രീവിരുദ്ധമായ പരാമര്‍ശത്തിനെതിരെയാണ് പരാതി.

അഡ്വ. ഷഹീന്‍, എഴുത്തുകാരിയായ തനുജ ഭട്ടതിരി, അഡ്വക്കേറ്റ് കുക്കു ദേവകി, സുജാത വര്‍മ്മ, ലീനു ആനന്ദന്‍, എ.കെ. വിനോദ് തുടങ്ങിയവരാണ് പരാതി അയച്ചിരിക്കുന്നത്.

മകളെ അത്യാവശ്യം ക്ലീനിംഗ്, കുക്കിംഗ് എല്ലാം ചെയ്യിപ്പിക്കുമെന്നും പെണ്‍കുട്ടികള്‍ ഇതെല്ലാം ചെയ്ത് പഠിക്കണമെന്നുമായിരുന്നു പരിപാടിയില്‍ പങ്കെടുത്ത് മുക്ത പറഞ്ഞത്.

കല്യാണം കഴിയുന്നത് വരെയാണ് ആര്‍ട്ടിസ്റ്റെന്നും അതുകഴിഞ്ഞാല്‍ നമ്മള്‍ വീട്ടമ്മയാണെന്നും മുക്ത പറഞ്ഞിരുന്നു. മകളും വേറെ വീട്ടില്‍ കയറി ചെല്ലേണ്ടതാണെന്നും ജോലി ചെയ്ത് പഠിക്കണമെന്നും മുക്ത പറയുന്നു.

ഇതിനെതിരെയാണ് പരാതി. പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം ചെയ്തിട്ടും കാര്യമില്ലെന്നും അവള്‍ മറ്റൊരു വീട്ടില്‍ പോയി വീട്ടുവേല ചെയ്യേണ്ടവളാണെന്നുമുള്ള പരാമര്‍ശം ബാലവകാശ നിഷേധവും സ്ത്രീ വിരുദ്ധവും സ്ത്രീകളെ സാമൂഹികമായി അപമാനിക്കുന്നതുമാണെന്നും പരാതിയില്‍ പറയുന്നു.

ഇതില്‍ അന്വേഷണം നടത്തി ഇത്തരം പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നത് തടയാനും നിലവില്‍ യൂട്യൂബ് വഴി പ്രചരിപ്പിക്കുന്ന പരിപാടി പിന്‍വലിക്കുന്നതിനും വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്ന് ഇവര്‍ തുറന്ന കത്തിലൂടെ ആവശ്യപ്പെട്ടു.

നേരത്തെ ബോഡി ഷെയിമിംഗും വംശീയ അധിക്ഷേപവും തമാശയെന്ന മട്ടില്‍ അവതരിപ്പിക്കുന്നുവെന്ന വിമര്‍ശനങ്ങളും സ്റ്റാര്‍ മാജികിനെതിരെ ഉയര്‍ന്നിരുന്നു.

കത്തിന്റെ പൂര്‍ണരൂപം

ഇതില്‍ താഴെ കൊടുത്തിട്ടുള്ള യു ട്യൂബ് ലിങ്ക് ഫ്ലവേര്‍ഴ്സ് ചാനലില്‍ പ്രക്ഷേപണം ചെയ്യുന്ന സ്റ്റാര്‍ മാജിക്ക് എന്ന ഒരു പരിപാടിയുടെതാണ്

പ്രസ്തുത പരിപാടിയില്‍ ഒരു ചെറിയ പെണ്‍കുട്ടിയുടെ സാനിദ്ധ്യത്തില്‍ അവളുടെ അമ്മ അവളെക്കൊണ്ട് ചെയ്യിപ്പിക്കുന്ന ചില കാര്യങ്ങള്‍ പറയുന്നുണ്ട്.

ആ പെണ്‍കുട്ടിയെ വീട്ടു ജോലികളായ ക്ലിനിങ്ങ് കുക്കിംങ്ങ് തുടങ്ങിയ ജോലികള്‍ ചെയ്യിപ്പിക്കുമെന്നും അത് പെണ്‍കുട്ടിയായതിനാലും മറ്റൊരു വീട്ടില്‍ കയറിച്ചെല്ലേണ്ടവളായതിനാലുമാണ് എന്നാണ് പറയുന്നത്.

ലക്ഷക്കണക്കിനാളുകള്‍ കാണുന്ന ഒരു പരിപാടിയിലാണ് തികച്ചും ബാലവിരുദ്ധവും സ്ത്രീ വിരുദ്ധവുമായ ഉള്ളടക്കമടങ്ങുന്ന ഭാഗം തനിക്ക് ചുറ്റും എന്താണ് നടക്കുന്നതെന്നറിയാന്‍ പോലും ശേഷിയില്ലാത്ത ഒരു ബാലികയെയും ഉള്‍പ്പെടുത്തികൊണ്ട് പ്രക്ഷേപണം ചെയ്തിരിക്കുന്നതും യുട്യൂബില്‍ അപ്ലോഡ് ചെയ്തിരിക്കുന്നതും.

സാമൂഹികമായി പിന്നോക്കം നില്‍ക്കുന്ന സ്ത്രീ സമൂഹത്തിന്റെ സാമൂഹികവും വിദ്യാഭ്യാസപരവുമായ മുന്നേറ്റത്തിനും , അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്താനും നമ്മുടെ വാര്‍ഷിക ബജറ്റുകളില്‍ കോടിക്കണക്കിന് തുക വിലയിരുത്തി പ്രത്യേക പരിപാടികള്‍ ആസൂത്രണം ചെയ്ത് നടത്തി വരവെയാണ് അതിനെയെല്ലാം തുരങ്കം വെക്കുന്ന രീതിയില്‍ സമൂഹത്തില്‍ തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്ന ഇത്തരം പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നത്.

പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം ചെയ്തിട്ടും കാര്യമില്ലെന്നും അവള്‍ മറ്റൊരു വീട്ടില്‍ പോയി വീട്ടുവേല ചെയ്യേണ്ടവളാണെന്നുമുള്ള പരിപാടിയുടെ ഉള്ളടക്കം ഗുതുതരമായ ബാലവകാശ നിഷേധവും സ്ത്രീ വിരുദ്ധവും സ്ത്രീകളെ സാമൂഹികമായി അപമാനിക്കുന്നതുമാണ്.

ആയതിനാല്‍ പ്രസ്തുത കാര്യത്തില്‍ വേണ്ട അന്വേഷണം നടത്തി ഇത്തരം പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നത് തടയാനും നിലവില്‍ യുട്യൂബ് വഴി പ്രചരിപ്പിക്കുന്ന പരിപാടി പിന്‍വലിക്കുന്നതിനും വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.

Content Highlight: Actress Muktha complaint Star Magic