| Sunday, 23rd October 2022, 2:04 pm

ദേ സാറേ, കാര്യമൊക്കെ കൊള്ളാം, ഈ ആക്ഷന്‍ ക്യാമറ കട്ടൊന്നും എന്നോട് പറയരുത് കേട്ടോ, എന്ന് ഞാന്‍ പറഞ്ഞു: മോളി കണ്ണമാലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചവിട്ടുനാടകത്തിലൂടെ കലാരംഗത്ത് സജീവമായി പിന്നീട് സിനിമയിലേക്കെത്തി മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മോളി കണ്ണമാലി.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങള്‍ എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ നടി അവതരിപ്പിച്ചിട്ടുണ്ട്. സത്യന്‍ അന്തിക്കാടിനൊപ്പം വര്‍ക്ക് ചെയ്തപ്പോഴുള്ള ഒരു അനുഭവം പങ്കുവെക്കുകയാണ് ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ മോളി കണ്ണമാലി.

ഒറ്റ ടേക്ക് സീന്‍ ഓക്കെയാക്കുന്നതിനോടാണ് താല്‍പര്യമെന്നും തന്നോട് സംവിധായകര്‍ ആക്ഷനും കട്ടും പറയുന്നത് ഇഷ്ടമല്ലെന്നുമാണ് നടി പറയുന്നത്.

”അഭിനയിക്കുമ്പോള്‍ 16 കട്ടൊന്നും ഞാന്‍ പറയിപ്പിക്കാറില്ല, അതെനിക്ക് ഇഷ്ടമല്ല.

പക്ഷെ, സത്യന്‍ അന്തിക്കാട് പറയും. ഒരുമാതിരിപ്പെട്ട ഒരു മനുഷ്യരും ആക്ഷന്‍ ക്യാമറ കട്ട് പറഞ്ഞിട്ടില്ല. ഞാന്‍ സത്യന്‍ അന്തിക്കാടിനോട് ഇക്കാര്യം പറഞ്ഞിട്ടുണ്ട്.

ദേ സാറേ, കാര്യമെല്ലാം കൊള്ളാം. ഉള്ളതെല്ലാം പെറുക്കിയെടുത്ത് അങ്ങ് കയ്യിലേട്ട് തരും. ഈ ആക്ഷന്‍ ക്യാമറ കട്ടൊന്നും എന്നോട് പറയരുത് കേട്ടോ, എന്ന്. നമുക്കിതൊന്നും അറിയില്ലല്ലോ. ഞാന്‍ അങ്ങനെ പറഞ്ഞ് പോയതാണ്.

എന്തുണ്ടെങ്കിലും, അത് ഇത്തിരിയാണെങ്കിലും അത് നമ്മുടെ മനസില്‍ ആ കഥാപാത്രത്തെ ഉള്‍ക്കൊള്ളിച്ച് കഴിഞ്ഞാല്‍ പിന്നെ അത് നമ്മള്‍ മനസിലിട്ട് അങ്ങനെ റോള് ചെയ്യും. ഇച്ചിരികൂടി മെച്ചപ്പെടുത്തി ഇത് എങ്ങനെ അഭിനയിക്കാനാകും എന്നാണ് ചിന്തിക്കുക.

കറക്ടായി ക്യാമറയുടെ മുന്നില്‍ വന്ന് അഭിനയിച്ച് വെച്ച് സലാം പറഞ്ഞ് തിരിച്ച് പോകുകയും ചെയ്യും. എന്റെ പണി അതാണ്.

ഇതെല്ലാം കഴിയുമ്പോള്‍ ‘അല്ല സാറേ ഈ സിനിമയുടെ പേരെന്താണ്, എങ്ങനെയുണ്ട്, അടിപൊളിയല്ലേ’ എന്ന് ചോദിക്കും. ഏറ്റവും അവസാനം ചോദിക്കുന്ന ചോദ്യമതാണ്.

നല്ല ആളാ, ഇത്രയും നേരം അഭിനയിച്ചിട്ടാണ് സിനിമയുടെ പേരെന്താണെന്ന് ചോദിക്കുന്നത്, എന്ന് പറയും. അല്ല എന്റെ പരിപാടി കഴിഞ്ഞല്ലോ, ഇനി സിനിമയുടെ പേര് അറിഞ്ഞാല്‍ വീട്ടില്‍ പോകാല്ലോ, അതാണ് ഞാന്‍ ചെയ്യാറ്,” മോളി കണ്ണമാലി പറഞ്ഞു.

അതേസമയം, ഹോളിവുഡിലേക്ക് ചുവടുമാറാന്‍ ഒരുങ്ങുകയാണ് നടി. ‘ടുമോറോ’ എന്ന ചിത്രത്തിലാണ് മോളി അഭിനയിക്കുന്നത്. ഓസ്ട്രേലിയന്‍ ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിക്കുന്ന മലയാളി ജോയ്. കെ.മാത്യുവാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്.

Content Highlight: Actress Molly Kannamally about her experience with director Sathyan Anthikad

We use cookies to give you the best possible experience. Learn more