മലയാളികളുടെ പ്രിയനടി മോളി കണ്ണമാലി ഹോളിവുഡ് സിനിമയിലേക്ക് അഭിനയിക്കാന്‍ ഒരുങ്ങുകയാണ്. ‘ടുമോറോ’ എന്ന ചിത്രത്തിലാണ് മോളി അഭിനയിക്കുന്നത്. ഓസ്ട്രേലിയന്‍ ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിക്കുന്ന മലയാളി ജോയ്.കെ.മാത്യുവാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ഏഴ് കഥകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ആന്തോളജി ചിത്രമാണ് ‘ടുമോറോ’.
രാജ്യന്തരതാരങ്ങളാണ് മോളിയുടെ കൂടെ സിനിമയിലെത്തുന്നത്. ജോയ്.കെ.മാത്യുവുമായുള്ള പരിചയത്തിന്റെ ഫലമായാണ് തന്നെ തെരഞ്ഞെടുത്തതെന്നാണ് മീഡിയാ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ മോളി കണ്ണമാലി പറഞ്ഞത്.
ഹോളിവുഡ് സിനിമയുടെ വിശേഷങ്ങള്‍ പറയുന്ന കൂട്ടത്തില്‍ ഇത്രയും കാലം അഭിനയിച്ചതില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമയെക്കുറിച്ചും നടി സംസാരിച്ചിരുന്നു.
2015ല്‍ നാദിര്‍ഷ സംവിധാനം ചെയ്ത അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രമാണ് തനിക്ക് ഇഷ്ടമെന്നും അതിലെ പ്രകടനം കാണുമ്പോള്‍ ചിരിവരുമെന്നും മോളി പറഞ്ഞു.
”ഞാന്‍ അഭിനയിച്ചതില്‍ എനിക്ക് ഏറ്റവും ഇഷ്ടം അമര്‍ അക്ബര്‍ അന്തോണിയാണ്. അതിലെ എന്റെ അഭിനയം കാണുമ്പോള്‍ എനിക്ക് തന്നെ ചിരിവരും. ‘അമ്മച്ചി ഇശോ മിശി ഹാ സ്തുതിയായിക്കോട്ടെ’യെന്ന് പറയുമ്പോള്‍ സാധാരണ നമ്മള്‍ തിരിച്ചും സ്തുതി പറയും എന്നാല്‍ ഞാന്‍ അതില്‍ ‘സേം ടു യൂ ബ്രോ’ എന്നാണ് പറയുന്നത്. അതിലെ അത്തരം ഡയലോഗ് ഇപ്പോഴും കാണുമ്പോള്‍ ചിരിച്ചു പോകും.
ആ സിനിമയില്‍ അഭിനയിക്കാന്‍ പോയപ്പോള്‍ കാറില്‍ നിന്ന് ഇറങ്ങി ഞാന്‍ നേരെ കാണുന്നത് മേരി ചേച്ചിക്ക് ആദരാഞ്ജലിയെന്ന ബോര്‍ഡാണ്. എന്നെ ഇത്രപ്പെട്ടെന്ന് നിങ്ങള്‍ കൊന്നോയെന്നാണ് ഞാന്‍ അവരോട് ചോദിച്ചത്. എന്നോട് പറഞ്ഞു വേഗം പെട്ടിയിലേക്ക് കേറി കിടക്കാന്‍. ഇതിനാണോ ഉവ്വെ എന്നെ ദൂരെ നിന്ന് വിളിച്ചു കൊണ്ടുവന്നതെന്ന് ഞാന്‍ അവരോട് തമാശക്ക് പറഞ്ഞു.
പെട്ടിയില്‍ ഞാന്‍ ശ്വാസം പിടിച്ചുവെച്ച് ചത്തു കിടക്കുന്നതുപോലെ കിടന്നു. പക്ഷേ ഷാജി അവിടെ നിന്ന് അമ്മച്ചിയെന്ന് പറഞ്ഞ് കരഞ്ഞപ്പോള്‍ എന്റെ സകല പിടിയും വിട്ടുപോയി. ശവപ്പെട്ടിയില്‍ കിടന്ന് ഞാന്‍ ചിരിക്കാന്‍ തുടങ്ങി. ഞാന്‍ അഭിനയിച്ചതില്‍ എനിക്ക് ഭയങ്കര ഇഷ്ടമുള്ള സിനിമ അതാണ്,” മോളി കണ്ണമാലി പറഞ്ഞു.
പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത്, നമിത പ്രമോദ്, ഷാജു നവോദയ തുടങ്ങി നിരവധി താരങ്ങള്‍ സിനിമയിലുണ്ടായിരുന്നു. ബിബിന്‍ ജോര്‍ജായിരുന്നു തിരക്കഥ നിര്‍വഹിച്ചത്.
content highlight: actress moli kannamali about her favorite performance