വ്യത്യസ്തമായ അഭിനയ ശൈലി കൊണ്ട് മലയാളികള്‍ക്ക് പ്രിയങ്കരിയായ മോളി കണ്ണമാലി ഹോളിവുഡിലേക്ക് ചുവടുമാറാന്‍ ഒരുങ്ങുകയാണ്. ‘ടുമോറോ’ എന്ന ചിത്രത്തിലാണ് മോളി അഭിനയിക്കുന്നത്. ഓസ്‌ട്രേലിയന്‍ ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിക്കുന്ന മലയാളി ജോയ്. കെ.മാത്യുവാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്.
ഇത്രയും കാലത്തെ തന്റെ അഭിനയ ജീവിതത്തെക്കുറിച്ചും ഹോളിവുഡ് സിനിമയിലേക്ക് എത്തിപ്പെട്ടതിനെക്കുറിച്ചും മീഡിയ വണ്ണിനോട് സംസാരിക്കുകയാണ് നടി.
തന്റെ അഭിനയ ജീവിത്തതില്‍ ആദ്യമായാണ് ഒരു ഡയറക്ടര്‍ അഭിനയിക്കുന്നതിന് മുമ്പ് സിനിമയുടെ മുഴുവന്‍ പറഞ്ഞു കേള്‍പ്പിക്കുന്നതെന്ന് ജോളി പറഞ്ഞു.
”പത്തുപതിനാല് വര്‍ഷമായി ഞാന്‍ സിനിമ ഫീല്‍ഡിലേക്ക് വന്നിട്ട്. ജോയിയെ വര്‍ഷങ്ങളായി എനിക്കറിയാം. ഒരു ദിവസം വീട്ടിലേക്ക് വന്നപ്പോള്‍ നമുക്ക് ഒരു സിനിമ ചെയ്താലോന്ന് എന്നോട് ചോദിച്ചു. എന്റെ ഹെല്‍ത്ത് എല്ലാം ഓക്കെയാണെന്ന് ഞാന്‍ അവനോട് പറഞ്ഞു.
പിന്നെ അവന്‍ എന്നോട് ഇതിന്റെ കഥ പറയുകയായിരുന്നു. ഇത്രയും കാലം സിനിമയില്‍ അഭിനയിച്ചിട്ട് ഒരു ഡയറക്ടറും എന്നോട് കഥ പറഞ്ഞിട്ടില്ല. ഇത് അവന്‍ എന്നോട് കഥ പറയുകയും അഭിനയിച്ച് കാണിച്ചു തരുകയും ചെയ്തു. അവന്‍ പറഞ്ഞ കഥയിലെ വാക്കുകള്‍ വളരെ മൂര്‍ച്ചയുള്ളതാണ്. എന്റെ ഉള്ളില്‍ വല്ലാതെ തറച്ചിരുന്നു, അറിയാതെ എന്റെ കണ്ണ് നിറഞ്ഞു. അതില്‍ അവസാനം പറഞ്ഞ വാക്കുകള്‍ എന്റെ ജീവിതവുമായി സാമ്യമുള്ളതായിരുന്നു.
എങ്ങനെയുണ്ട് ചേച്ചി എന്ന് ചോദിച്ചപ്പോള്‍ എനിക്ക് ഭയങ്കര ഇഷ്ടമായി എന്ന് പറഞ്ഞു. ആ സമയത്താണ് അവന്‍ പറഞ്ഞത് ഇത് മലയാളം പടമല്ലെന്നും വേറെ ഭാഷ ചിത്രമാണെന്നും ഞാന്‍ ചേച്ചിയെ വേറെ ലെവലിലേക്ക് കൊണ്ടുപോകുകയാണെന്നും.
ആ സിനിമയിലും എനിക്ക് ഒരു മീന്‍ കച്ചവടക്കാരിയുടെ വേഷമാണ്. ഷൂട്ടിങ്ങിന് ചെന്നപ്പോള്‍ ഞാന്‍ മുണ്ടും ബൗസും ധരിച്ചു. ജോയ് എന്നോട് ഇപ്പോള്‍ സ്‌റ്റേജിലേക്ക് വരണ്ടെന്ന് പറഞ്ഞിരുന്നു. നോക്കുമ്പോള്‍ മന്ത്രിയൊക്കെ വന്നിട്ടുണ്ട്. ശരിക്കും വന്നത് ഏത് മന്ത്രിയാണെന്ന് എനിക്കറിയില്ല.
സ്‌റ്റേജില്‍ ദീപം തെളിയിക്കുന്നതിന് മുമ്പ് ജോയ് പറഞ്ഞത് എന്നെക്കുറിച്ചാണ്. ഏകദേശം 50വര്‍ഷമായി ജോളി ചേച്ചി ഈ രംഗത്തെത്തിയിട്ട്, ചവിട്ട് നാടകത്തിലൂടെയാണ് ചേച്ചിയുടെ തുടക്കമെന്നും പിന്നീട് നിരവധി ചിത്രങ്ങളില്‍ ചേച്ചി അഭിനയിച്ചിട്ടുണ്ട്. ഈ സിനിമയില്‍ ചേച്ചിക്ക് അവാര്‍ഡ് വാങ്ങികൊടുത്തിട്ടെ ഞാന്‍ അടങ്ങുകയുള്ളുവെന്ന് അവന്‍ അവിടെ വെച്ച് പറഞ്ഞു. എന്നിട്ട് ആ വേദിയിലേക്ക് എന്നെ ക്ഷണിക്കുകയായിരുന്നു.
എനിക്ക് വല്ലാതെ നാണമായി. എല്ലാരും സ്റ്റെലില്‍ ചെത്ത് സാരിയൊക്കെ ഉടുത്താണ് വന്നത്. ഞാന്‍ ചട്ടയും മുണ്ടും ഉടുത്തിട്ട് സ്റ്റേജില്‍ കേറി. ഇതുവരെ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാത്ത ഞാന്‍ എന്താ ചെയ്യുകയെന്ന് അവനോട് ചോദിച്ചിരുന്നു. ഇപ്പോള്‍ ചേച്ചി മലയാളം പറഞ്ഞാല്‍ മതി, ഡബ്ബ് ചെയ്യുമ്പോളാണ് ഇംഗ്ലീഷ് വേണ്ടതെന്നും അതൊക്കെ ചേച്ചിനെകൊണ്ട് തന്നെ ഞാന്‍ ശരിയാക്കിയെടുക്കുമെന്നും അവന്‍ പറഞ്ഞു. ജീവിതത്തില്‍ ഇതുവരെ ഒരു സിനിമക്കാരോടും ഇത്ര രൂപ തന്നാലെ അഭിനയിക്കുള്ളുവെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. എന്റെ കഴിവുകൊണ്ടല്ല ആ എളിമകൊണ്ടാണ് അവസരങ്ങള്‍ കിട്ടിയതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്,” മോളി കണ്ണമാലി പറഞ്ഞു.
content highlight: Actress moli kannamali about her debut in hollywood