കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് നല്‍കിയ ഹരജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. ദിലീപിനോട് വിശദീകരണം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു. കേസില്‍ നടന്‍ മുകേഷിന്റെ സാക്ഷി വിസ്താരവും പൂര്‍ത്തിയായി.
85 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപിന് ജാമ്യം ലഭിച്ചത്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നതടക്കം ഉപാധികളോടെയായിരുന്നു ജാമ്യം അനുവദിച്ചത്. എന്നാല്‍ ഈ ഉപാധികള്‍ നടന്‍ ലംഘിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ ആരോപണം.
ദിലീപിനെതിരായ പ്രോസിക്യൂഷന്‍ സാക്ഷികള്‍ മൊഴി മാറ്റിയതിനെ തുടര്‍ന്നാണ് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചത്. ദിലീപും മുഖ്യപ്രതി സുനില്‍ കുമാറും തമ്മിലുള്ള ഗൂഡാലോചന തെളിയിക്കാനുള്ള പ്രോസിക്യൂഷന്റെ സാക്ഷി അടക്കം മൊഴി മാറ്റിയെന്നാണ് സൂചന.
തൃശൂര്‍ ടെന്നീസ് ക്ലബില്‍ വെച്ച് ദീലീപും പള്‍സര്‍ സുനിയും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത് കണ്ടുവെന്ന് മൊഴി നല്‍കിയ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു. ഇതിലാണ് കോടതി ദിലീപിനോട് വിശദീകരണം ആവശ്യപ്പെട്ടത്.
നടിയെ ആക്രമിച്ച കേസില്‍ 302 സാക്ഷികളുടെ വിസ്താരമാണ് പൂര്‍ത്തിയാക്കേണ്ടത്. ഇതിനകം 44 സാക്ഷികളുടെ വിസ്താരം പ്രത്യേക കോടതിയില്‍ പൂര്‍ത്തിയായിട്ടുണ്ട്.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറുമാസം കൂടി സമയം സുപ്രീംകോടതി അനുവദിച്ചിരുന്നു. കൂടുതല്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട പ്രത്യേക കോടതി ജഡ്ജി ഹണി എം വര്‍ഗീസിന്റെ കത്ത് പരിഗണിച്ചായിരുന്നു സുപ്രീംകോടതി തീരുമാനം. ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ആവശ്യം പരിഗണിച്ചത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക