മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മോഹിനി. നിരവധി മികച്ച സിനിമകളിലൂടെ മലയാളികളെ രസിപ്പിച്ച താരം കുറച്ച് കാലമായി സിനിമയില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ്. എങ്കില്‍ തന്നെയും തനിക്ക് മലയാള സിനിമ നന്നായി മിസ് ചെയ്യുന്നുണ്ടെന്ന് പറയുകയാണ് താരം. നല്ല അവസരം കിട്ടിയാല്‍ വീണ്ടും സിനിമയിലേക്ക് തിരിച്ചുവരുമെന്നും നടി പറഞ്ഞു.
സിനിമയില്‍ നിന്നും വിട്ടുനിന്ന പതിമൂന്ന് വര്‍ഷങ്ങള്‍ക്കിടയില്‍ താന്‍ വെറും നാല് മലയാള സിനിമകള്‍ മാത്രമാണ് കണ്ടതെന്നും തന്റെ പങ്കാളി മലയാള സിനിമ കാണുമ്പോള്‍ താന്‍ അവിടെ നിന്നും എണീറ്റ് പോകുമെന്നും മോഹിനി പറഞ്ഞു. തനിക്ക് സിനിമ മാത്രമല്ല കേരളത്തിലെ ജീവിതം തന്നെ മിസ് ചെയ്യാറുണ്ടെന്നും ബിഹൈന്‍ഡ്‌വുഡ്‌സിനോട് സംസാരിക്കവെ മോഹിനി പറഞ്ഞു.
”ഞാന്‍ മലയാള സിനിമ കാണുന്നത് തന്നെ വളരെ കുറവാണ്. കഴിഞ്ഞ പതിമൂന്ന് വര്‍ഷത്തിനിടയില്‍ വെറും നാല് സിനിമകള്‍ മാത്രമാണ് ഞാന്‍ കണ്ടിട്ടുള്ളത്. എന്റെ ഭര്‍ത്താവ് മലയാളം സിനിമ കാണുകയാണെങ്കില്‍ തന്നെ ഞാന്‍ എണീറ്റ് പോവുകയാണ് ചെയ്യുന്നത്. കാരണം ഞാന്‍ മലയാള സിനിമ അത്രക്കും മിസ് ചെയ്യുന്നുണ്ട്. മലയാള സിനിമ മാത്രമല്ല കേരളത്തിലെ ജീവിതം പോലും ഞാന്‍ മിസ് ചെയ്യുന്നുണ്ട്.
നല്ല സിനിമ ചെയ്യാന്‍ അവസരം കിട്ടിയാല്‍ ഉറപ്പായും ഞാന്‍ അത് ചെയ്യും. കല്യാണം കഴിഞ്ഞാല്‍ അഭിനയിക്കാന്‍ പാടില്ലെന്നൊക്കെ പറയുന്നത് വെറുതെയാണ്. എന്റെ മൂത്ത മകന്‍ വളര്‍ന്നു. ചെറിയ മകനും അങ്ങനെ തന്നെയാണ്. സിനിമയില്‍ എന്തെങ്കിലും ചെയ്യാന്‍ പറ്റിയ സമയമാണ് ഇതെന്നാണ് ഞാന്‍ കരുതുന്നത്.
മലയാള ഭാഷ എന്റെ രക്തത്തിലുള്ളതാണ്. എന്റെ അമ്മൂമ്മ കോട്ടയത്ത് നിന്നാണ് വരുന്നത്. പിന്നെ എന്റെ ഭര്‍ത്താവിന്റെ കുടുംബത്തിലെ ഭൂരിഭാഗം ആളുകളും കേരളത്തില്‍ തന്നെയുള്ളവരാണ്. അവരെല്ലാം തന്നെ മലയാളമാണ് സംസാരിക്കുന്നത്. പക്ഷെ അവരെല്ലാം പട്ടന്മാരാണ്. അതുകൊണ്ട് തന്നെ ഞങ്ങള്‍ അധികം സംസാരിക്കുന്നതും മലയാളത്തില്‍ തന്നെയാണ്,’ മോഹിനി പറഞ്ഞു.
content highlight: actress mohini about malayalam cinema