| Saturday, 19th December 2020, 3:26 pm

രണ്ട് ദിവസമായിട്ടും പ്രതികളെ പിടിക്കാനായില്ല; നടിയെ ആക്രമിച്ച പ്രതികളുടെ ചിത്രം പുറത്തുവിട്ട് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഇടപ്പള്ളിയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ വെച്ച് നടിയെ ആക്രമിച്ച പ്രതികളുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടു. മെട്രോ സ്റ്റേഷനിലെ സി.സി.ടിവിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവിട്ടത്.

പ്രതികളുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സി.സി.ടിവിയില്‍ നിന്നു പൊലീസിനു ലഭിച്ചിരുന്നു. എന്നാല്‍ ഇവര്‍ പ്രായപൂര്‍ത്തി ആയവരാണോ എന്നു സംശമുള്ളതിനാല്‍ ചിത്രം പുറത്തുവിട്ടില്ല. എന്നാല്‍ സംഭവം പുറത്തു വന്ന് ഒരു ദിവസം പിന്നിട്ടിട്ടും അന്വേഷണം മുന്നോട്ടു കൊണ്ടു പോകാന്‍ സാധിക്കാതെ വന്നതോടെ പൊലീസ് സമ്മര്‍ദത്തിലായി. ഇതിനിടെ വനിതാ കമ്മിഷനും യുവജന കമ്മിഷനും പൊലീസിനോടു റിപ്പോര്‍ട്ട് തേടി. ഈ സാഹചര്യത്തിലാണ് ചിത്രങ്ങള്‍ പുറത്തു വിടാനുള്ള പൊലീസ് തീരുമാനം.

അതേസമയം പ്രതികള്‍ മാളിലെ പ്രവേശന കവാടത്തില്‍ ഫോണ്‍ നമ്പര്‍ നല്‍കാതെ കബളിപ്പിച്ച് അകത്തു കടക്കുകയായിരുന്നു. മറ്റൊരു കുടുംബത്തോടൊപ്പം വന്നവരെന്ന വ്യജേനയാണ് പ്രതികള്‍ മാളിനകത്ത് കയറിയത്. പ്രവേശന കവാടത്തില്‍ അഡ്രസ് നല്‍കാത്തതിനാല്‍ തന്നെ അതുവഴിയുള്ള പൊലീസിന്റെ അന്വേഷണവും വഴിമുട്ടിയിരുന്നു. ഇതോടെയാണ് ചിത്രങ്ങള്‍ പുറത്തു വിടാന്‍ പൊലീസ് തീരുമാനിച്ചത്.

ഇവര്‍ എറണാകുളം ജില്ലയ്ക്ക് പുറത്തുള്ളവരാണെന്ന് പൊലീസ് വ്യക്തമാക്കി. എന്നാല്‍ ഇവര്‍ മാസ്‌ക് ധരിച്ചിരിക്കുന്നതിനാല്‍ മുഖം വ്യക്തമല്ല. 25 വയസ്സില്‍ താഴെ പ്രായമുള്ളവരാണ് പ്രതികള്‍ എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സൂചന.

രണ്ടുപേരുടെ ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് നടി തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ മാളില്‍ വച്ചുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞത്. തിരക്കൊഴിഞ്ഞ സ്ഥലത്തുവച്ചു തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചെന്നും പിന്നീട് പിന്തുടര്‍ന്നെത്തി ശല്യം ചെയ്തെന്നുമാണ് താരം പറയുന്നത്. അപ്രതീക്ഷിത സംഭവത്തിന്റെ അമ്പരപ്പിലായിരുന്നെന്നും പ്രതികരിക്കാനായില്ലെന്നും താരം പറയുന്നുണ്ട്. കുടുംബത്തിനൊപ്പം മാളില്‍ എത്തിയപ്പോഴായിരുന്നു സംഭവം.

പരാതി നല്‍കുന്നില്ല എന്നായിരുന്നു നടിയുടെ വീട്ടുകാരുടെ നിലപാട്. എന്നാല്‍ സംഭവം ചര്‍ച്ചയായതോടെ അന്വേഷണം നടത്താന്‍ കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ വിജയ് സാഖറെ, കളമശേരി പൊലീസിനു നിര്‍ദേശം നല്‍കി. തുടര്‍ന്നു നടിയുടെ വീട്ടിലെത്തി മൊഴിയെടുത്ത ശേഷം അമ്മയില്‍ നിന്നു പരാതി എഴുതി വാങ്ങി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more