Entertainment news
ഈ ചോദ്യമാണ് ഞാന്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ കേട്ടിട്ടുള്ളത്, പക്ഷെ ഉത്തരം പറയില്ല: മിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Dec 31, 09:38 am
Saturday, 31st December 2022, 3:08 pm

സീരിയലിലൂടെ വന്ന് പിന്നീട് കുഞ്ചാക്കോ ബോബന്‍ ചിത്രം വിശുദ്ധനിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ താരമാണ് മിയ ജോര്‍ജ്. ഷെര്‍ലക് ടോംസ്, ഡ്രൈവിങ് ലൈസന്‍സ്, പാവാട, ഹായ് ഐ ആം ടോണി, ഇര, അനാര്‍ക്കലി എന്നിങ്ങനെ മലയാളത്തിലും തമിഴിലുമൊക്കെയായി നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ മിയ പ്രേക്ഷകശ്രദ്ധ നേടി.

നായികയായും സഹതാരമായും കോമഡി റോളുകളിലും മിയ ഒരുപോലെ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. തന്റെ പേരിനെ കുറിച്ചുള്ള ചില രസകരമായ കാര്യങ്ങള്‍ പങ്കുവെക്കുകയാണ് ഇപ്പോള്‍ താരം.

മിയ എന്നത് സിനിമാ ഇന്‍ഡസ്ട്രിയില്‍ മാത്രം ഉപയോഗിക്കുന്ന പേരാണെന്നും ശരിക്കും തനിക്ക് ചെറുപ്പത്തില്‍ ഇട്ട പേര് ജിമി എന്നാണെന്നുമാണ് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ താരം പറയുന്നത്.

കുടുംബത്തിലെല്ലാവരും തന്നെ ജിമി എന്ന് മാത്രമാണ് വിളിക്കാറുള്ളതെന്നും ജിമി എങ്ങനെ മിയ ആയി എന്ന ചോദ്യമാണ് താന്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ നേരിട്ടിട്ടുള്ളതെന്നും നടി അഭിമുഖത്തില്‍ പറയുന്നു.

”സിനിമയിലുള്ള വിളിപ്പേര് മാത്രമാണ് മിയ. എങ്ങനെയാണ് ജിമി എന്നുള്ള പേര് മിയ എന്നായത് എന്ന ചോദ്യമാണ് ഞാന്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ കേട്ടിട്ടുള്ളത്.

പക്ഷെ ഞാന്‍ പറയൂല്ല, പറയത്തില്ല.

എന്റെ മമ്മിയുടെ പേര് മിനി എന്നാണ്, പപ്പയുടെ പേര് ജോര്‍ജ് എന്നും. ജോര്‍ജിന്റെ ജിയും മിനിയുടെ മിയും ചേര്‍ത്താണ് ജിമി എന്നുള്ള പേര് ഇട്ടിരുന്നത്.

മിയ എന്ന് എന്നെ വീട്ടിലാരും വിളിക്കാറില്ല. ജിമി എന്നാണ് വിളിക്കുക. അത് അപ്പുവിനും (ഭര്‍ത്താവ് അശ്വിന്‍) നിര്‍ബന്ധമായിരുന്നു. കുടുംബത്തിലുള്ളവരെല്ലാം ജിമി എന്ന് തന്നെ വിളിക്കണം എന്നായിരുന്നു പുള്ളിയുടെയും ആഗ്രഹം.

അതുകൊണ്ട് എല്ലാവര്‍ക്കും ജിമി തന്നെയാണ്, മിയ എന്നാരും വിളിക്കാറില്ല,” മിയ പറഞ്ഞു.

വിക്രം നായകനായെത്തിയ കോബ്രയാണ് മിയയുടേതായി ഏറ്റവുമൊടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. തമിഴ് ചിത്രം ദ റോഡ്, മലയാള സിനിമകളായ പ്രണയവിലാസം, പ്രൈസ് ഓഫ് പൊലീസ്, സി.ഐ.ഡി ഷീല എന്നിവയും താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

Content Highlight: Actress Miya George shares the story behind her name