| Thursday, 29th December 2022, 12:31 pm

കല്യാണത്തിന് മുമ്പ് ഫോണില്‍ പറഞ്ഞ കഥകള്‍ കല്യാണശേഷം വീണ്ടും പറഞ്ഞു; പുള്ളിയുടെ റിയാക്ഷന്‍ കണ്ടപ്പോഴാണ് ചിലത് മനസിലായത്: മിയ ജോര്‍ജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിശുദ്ധന്‍, ഷെര്‍ലക് ടോംസ്, ഡ്രൈവിങ് ലൈസന്‍സ്, പാവാട, കോബ്ര, ഹായ് ഐ ആം ടോണി, ഇര, അനാര്‍ക്കലി, എന്നിങ്ങനെ മലയാളത്തിലും തമിഴിലുമായി നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് മിയ ജോര്‍ജ്.

2020ലായിരുന്നു ബിസിനസുകാരനായ അശ്വിന്‍ ഫിലിപ്പുമായുള്ള താരത്തിന്റെ വിവാഹം.

അശ്വിനുമൊത്തുള്ള വിവാഹജീവിതത്തെ കുറിച്ചും വിവാഹത്തിന് മുമ്പ് തങ്ങള്‍ സംസാരിച്ചിരുന്നതിനെ കുറിച്ചുമൊക്കെ രസകരമായി സംസാരിക്കുകയാണ് ഒരഭിമുഖത്തില്‍ മിയ.

”കല്യാണത്തിന് മുമ്പ് ഫോണ്‍ വിളിച്ചോണ്ടേയിരിക്കും, വേറൊരു പണിയുമില്ലല്ലോ. അങ്ങനെ വിളിച്ച് കുറേ വര്‍ത്തമാനം പറയുമായിരുന്നു.

രാത്രി ഒരു പത്തരയൊക്കെ ആകുമ്പോഴേക്ക് പുള്ളിക്ക് ഉറക്കം വരും. അത് എന്റെയടുത്ത് പറഞ്ഞിട്ടുണ്ടായിരുന്നു. പക്ഷെ നമ്മുടെ കഥകള്‍ തീരുന്നില്ലല്ലോ. നമ്മള്‍ വിളിക്കുന്നു, ഈ കാര്യം പറയുന്നു, ആ കാര്യം പറയുന്നു.

എല്ലാ കുഞ്ഞുകുഞ്ഞ് കാര്യങ്ങളും നമുക്ക് കഥകളാണ്. നമ്മളത് പറഞ്ഞുകൊണ്ടേയിരിക്കും.

പിന്നെ കല്യാണം കഴിഞ്ഞതിന് ശേഷമാണ് എനിക്കത് മനസിലാവുന്നത്, ഞാന്‍ പണ്ട് ഫോണില്‍ പറഞ്ഞ കഥകളൊക്കെ റിപീറ്റായി പറയുമ്പോഴും പുള്ളിയത് ആദ്യമായി കേള്‍ക്കുന്നത് പോലെത്തന്നെ കേട്ടുകൊണ്ടിരിക്കുകയാണ്.

ഞാന്‍ കുറേ കഥകള്‍ പറഞ്ഞ് ഒരു പകുതിയായിക്കഴിയുമ്പോഴാണ് ‘അല്ല ഇത് ഞാന്‍ പണ്ട് പറഞ്ഞതാണല്ലോ,’ എന്ന് എനിക്ക് ഓര്‍മ വരിക. ആണോ, എന്നാല്‍ പറഞ്ഞ് കാണുമായിരിക്കും, എന്ന് പുള്ളി പറയും.

അയ്യോ ഒന്നും ഇതിന്റെ തലയില്‍ കേറിയിട്ടില്ലായിരുന്നോ, എന്ന് ഞാന്‍ വിചാരിക്കും. പണ്ട് ഫോണില്‍ പറഞ്ഞ കഥകള്‍ പലതും അങ്ങേരുടെ തലയില്‍ കയറിയിട്ടില്ല, എന്ന് എനിക്ക് അപ്പോഴാണ് മനസിലാകുക,” മിയ ചിരിച്ചുകൊണ്ട് പറഞ്ഞു.

വിക്രം നായകനായെത്തിയ തമിഴ് ചിത്രം കോബ്രയാണ് മിയയുടേതായി ഏറ്റവുമൊടുവില്‍ തിയേറ്ററുകളിലെത്തിയ സിനിമ. തമിഴ് ചിത്രം ദ റോഡ്, മലയാള സിനിമകളായ പ്രണയവിലാസം, പ്രൈസ് ഓഫ് പൊലീസ്, സി.ഐ.ഡി ഷീല എന്നിവയും താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

Content Highlight: Actress Miya George’s funny talk about her married life with Ashwin Philip

We use cookies to give you the best possible experience. Learn more