| Thursday, 18th May 2023, 2:07 pm

ആ സിനിമ ഒഴിവാക്കാന്‍ എനിക്ക് പല കാരണങ്ങള്‍ ഉണ്ടായിരുന്നു, പ്രധാന കാരണം കഥാപാത്രത്തെ ഇഷ്ടപ്പെടാത്തത് തന്നെയാണ്: മിയ ജോര്‍ജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചുരുങ്ങിയ കാലംകൊണ്ട് പ്രേക്ഷക മനസില്‍ ഇടം നേടിയ നടിയാണ് മിയ ജോര്‍ജ്. പരസ്യചിത്രങ്ങളിലൂടേയും ടെലിവിഷന്‍ ഷോകളിലൂടെയും മലയാളത്തിന്റെ വെള്ളിത്തിരയിലെത്തിയ മിയയുടെ ആദ്യ ചിത്രം 2010-ല്‍ പുറത്തിറങ്ങിയ ഒരു ‘സ്മോള്‍ ഫാമിലി’ ആയിരുന്നു.

2015 ല്‍ സച്ചിയുടെ സംവിധാനത്തിലൊരുങ്ങിയ അനാര്‍ക്കലി എന്ന ചിത്രത്തിലെ ഡോ.ഷെറിന്‍ എന്ന കഥാപാത്രത്തിലൂടെയാണ് മിയ സജീവമാകുന്നത്.

നിഖില്‍ മുരളി സംവിധാനം ചെയ്ത പ്രണയവിലാസമാണ് മിയയുടെ ഏറ്റവും പുതിയ ചിത്രം. സിനിമയിലെ മീര എന്ന മിയയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ കഥാപാത്രത്തെ കുറിച്ചും അതിന് ശേഷം തന്നെ തേടിയെത്തുന്ന സമാന സ്വഭാവത്തിലുള്ള കഥാപാത്രങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ മിയ. ഒരു കഥാപാത്രം ക്ലിക്കായാല്‍ പിന്നീട് അങ്ങനെയുള്ള കഥാപാത്രങ്ങളാണ് തുടര്‍ന്ന് വരികയെന്നും ആ ഇമേജ് ബ്രേക്ക് ചെയ്യുക ശ്രമകരമാണെന്നും താരം പറയുന്നു.

‘പ്രണയവിലാസത്തിലെ കഥാപാത്രം പോലെയുള്ള ഒരു കഥാപത്രം കൂടി എന്നെ തേടി വന്നിരുന്നു. പ്രണയവിലാസത്തിന് ശേഷം എല്ലാവര്‍ക്കും എന്നെ കാണുമ്പോള്‍ ഒരു ടീച്ചര്‍ ഇമേജ് ആണ്. 40 വയസുള്ള ഒരു കഥാപാത്രമാണല്ലോ. സാരി എല്ലാം അങ്ങനെയാണ് ഉടുത്തിരിക്കുന്നത്. പ്ലീറ്റിന്റെ വീതിയെല്ലാം കൂട്ടി കണ്ണാടിയെല്ലാം വെച്ച് കുറച്ച് പക്വതയോടെ കാണിക്കാനാണ് ശ്രമിക്കുന്നത്.

അപ്പോള്‍ മൊത്തത്തില്‍ ഒരു ടീച്ചര്‍ അല്ലെങ്കില്‍ പ്രൊഫസര്‍ അങ്ങനെയൊരു ഇമേജ് ആളുകള്‍ക്ക് തോന്നിയിട്ടുണ്ടെന്ന് തോന്നുന്നു. ഈ അടുത്ത് അങ്ങനെ ഒരു സിനിമയില്‍ ടീച്ചര്‍ കഥാപാത്രം വന്നു. പക്ഷെ എനിക്ക് അതിനോട് ഇഷ്ടം തോന്നിയില്ല. ടീച്ചര്‍ ആയതുകൊണ്ട് ഒഴിവാക്കിയതല്ല. എനിക്ക് ആ കഥാപാത്രം ഇഷ്ടപ്പെട്ടില്ല.

അതുകൊണ്ട് ഞാന്‍ അത് വേണ്ടെന്ന് വെച്ചു. വേണ്ട എന്ന് വെക്കാന്‍ പല കാരണങ്ങള്‍ ഉണ്ടായിരുന്നു. ഒരു കാരണം ഇതുപോലെ ഒരു കഥാപാത്രം കൂടി ചെയ്ത് കഴിഞ്ഞാല്‍ പിന്നീടങ്ങോട്ട് ഇങ്ങനെയുള്ള കഥാപാത്രങ്ങള്‍ തന്നെയായിരിക്കും കിട്ടുക എന്നതാണ്.

അങ്ങനെ ഒരു സ്വഭാവം ആളുകള്‍ക്ക് ഉണ്ട്. ഒരു കഥാപാത്രം കണ്ടു കഴിഞ്ഞാല്‍ അതില്‍ സ്ഥിരമാകും. പിന്നീട് ഒരു കഥാപാത്രം ഓര്‍മ്മവരുമ്പോള്‍ അവരങ്ങനെ മുമ്പ് ചെയ്തിട്ടുണ്ടല്ലോ എന്ന് പറഞ്ഞ് നമ്മളെ വിളിക്കും.

ഇത് നടിമാര്‍ക്ക് മാത്രമല്ല, നടന്മാര്‍ക്കും സംഭവിക്കുന്നുണ്ട്. സ്ഥിരമായിട്ട് പൊലീസ് കഥാപാത്രങ്ങള്‍ ചെയ്യുന്ന കുറെ ആളുകളെ നമ്മള്‍ കണ്ടിട്ടില്ലേ. ഈ ഇമേജ് ബ്രേക്ക് ചെയ്യുക എന്ന് പറയുന്നത് എല്ലാവരുടെയും ഒരു ആവശ്യം ആണെന്ന് തോന്നുന്നു,’ മിയ ജോര്‍ജ് പറഞ്ഞു

പ്രണയവിലാസം എനിക്ക് ഭയങ്കരമായിട്ട് ഇഷ്ടപ്പെട്ടു. കഥ കേട്ട് ഇഷ്ടമായിട്ട് വന്ന് ചെയ്ത സിനിമയാണ് ഇത്. പത്ത് വര്‍ഷത്തിന് ശേഷം ഒരു ഇമേജ് ബ്രേക്ക് എന്നൊന്നും പ്ലാന്‍ ചെയ്ത സംഭവിച്ചതല്ല. നമ്മള്‍ ചിലപ്പോള്‍ ചില സിനിമകള്‍ തിരഞ്ഞെടുക്കുക നമ്മുടെ കഥാപാത്രം ഇഷ്ടപ്പെട്ടിട്ടായിരിക്കും. ഇത് എനിക്ക് ചെയ്ത് നോക്കാം, ഇത് എന്നെ തന്നെ ചലഞ്ചു ചെയ്യുന്ന ഒന്നാണ് അല്ലെങ്കില്‍ ഈ സിനിമ കാണുമ്പോള്‍ എല്ലാവരും എന്നെ ഓര്‍ത്തിരിക്കും. അങ്ങനെയൊക്കെ നോക്കിയിട്ടാണ് ഓരോ സിനിമയും തിരഞ്ഞെടുക്കുന്നത്.

പ്രണയവിലാസം മൊത്തത്തില്‍ എനിക്ക് ഇഷ്ടപ്പെട്ടു. എന്റെ കഥാപാത്രം മാത്രമല്ല, കഥ പറയുന്ന രീതി ഇത് പറയുന്ന പശ്ചാത്തലം അങ്ങനെ എല്ലാം ഇഷ്ടമായി. ഇത് കണ്ട ആളുകള്‍ എനിക്ക് നേരത്തെ ഉണ്ടായിരുന്ന ഒരു ഇമേജ് മാറി എന്ന് പറയുമ്പോള്‍ വളരെയധികം സന്തോഷമുണ്ട്. അത് ഒരു നേട്ടമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്,’ മിയ പറഞ്ഞു.

Content Highlight: actress Miya George about her Character on Pranayavilasam Movie

We use cookies to give you the best possible experience. Learn more