അര്‍ജുന്‍ അശോക്, മമിത ബൈജു, അനശ്വര രാജന്‍ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി നിഖില്‍ മുരളി സംവിധാനം ചെയ്ത ചിത്രമാണ് പ്രണയ വിലാസം. ചിത്രത്തില്‍ മിയയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.
തന്നെ പ്രണയവിലാസത്തിലേക്ക് എത്തിച്ച ഘടകങ്ങളെക്കുറിച്ച് പറയുകയാണ് മിയ. വിവാഹ ശേഷം പുരുഷന് പ്രേമിക്കാം പക്ഷെ സ്ത്രീക്ക് ഒരു പ്രേമം ഉണ്ടായിരുന്നു എന്ന് കേള്‍ക്കുമ്പോള്‍ അത് ദഹിക്കാന്‍ പറ്റാത്ത ഒന്നായാണ് കാണുന്നതെന്നും ആ കാര്യമാണ് പ്രണയവിലാസം ചര്‍ച്ചചെയ്യുന്നതെന്നും മിയ പറഞ്ഞു.
ഈ കാഴ്ചപാടില്‍ ഇതുവരെ സിനിമകള്‍ ഇറങ്ങിയിട്ടില്ലെന്നും അതുകൊണ്ട് ആദ്യം കഥ കേട്ടപ്പോള്‍ തന്നെ തനിക്ക് ഒരുപാട് ഇഷ്ടമായെന്നും മിയ പറഞ്ഞു. പ്രണയവിലാസത്തിന്റെ പ്രസ് മീറ്റിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”പൊതുവെ നമ്മള്‍ സമൂഹത്തിലേക്ക് നോക്കുമ്പോള്‍ മകന് പ്രേമിക്കാം, അപ്പന് പ്രേമിക്കാം പക്ഷെ അമ്മക്ക് ഒരു പ്രേമം ഉണ്ടായിരുന്നു എന്ന് കേള്‍ക്കുമ്പോള്‍ അത് ദഹിക്കാന്‍ പറ്റാത്ത ഒന്നായാണ് കാണുന്നത്. എനിക്ക് ഈ സിനിമയില്‍ ഏറ്റവും ഇഷ്ടമായ ഫാക്ടറായി തോന്നുന്നത് ഇതാണ്.
അപ്പോള്‍ സിനിമയിലൊക്കെയാണെങ്കിലും മകന് പ്രേമം എന്ന് പറയുമ്പോഴേക്കും അതിനെ എതിര്‍ത്തൊക്കെ പറയും അല്ലെങ്കില്‍ സപ്പോര്‍ട്ട് ചെയ്ത് പറയും. പക്ഷെ അമ്മക്ക് ഒരു പ്രേമം ഉണ്ടായിരുന്നു എന്ന കാഴ്ചപാടില്‍ ഒരു സിനിമയും വന്നതായി കണ്ടിട്ടില്ല.
അതുകൊണ്ട് തന്നെ അത് വന്നാല്‍ നന്നായിരിക്കും അതില്‍ ഒരു പുതുമയുണ്ടായിരിക്കും എന്നത് എനിക്ക് ഈ കഥയുടെ കാര്യം കേട്ടപ്പോള്‍ തന്നെ മനസിലായി. കൂടാതെ മീര എന്ന എന്റെ കഥാപാത്രവും എനിക്ക് ഇഷ്ടമായി.
കുറച്ച് സീന്‍ മാത്രമെയുള്ളു എങ്കിലും നോട്ട് ചെയ്യുന്ന സീനായിരിക്കും എന്ന് തോന്നി. കൂടാതെ എല്ലാ കഥാപാത്രങ്ങളെയും ആ രീതിയിലാണ് എഴുതി വെച്ചിരിക്കുന്നത്. സിനിമയുടെ കഥ കേട്ടപ്പോള്‍ തന്നെ ഇതൊരു നല്ല സംഭവമായിട്ട് വരുമെന്ന് എനിക്ക് തോന്നി,” മിയ പറഞ്ഞു.
content highlight: actress miya about pranayavilasam movie