ഒരു അഭിനേതാവിന് വേണ്ടിയും സിനിമ കാത്തിരിക്കുന്നില്ലെന്ന് നടി മിയ. ഒരാള്‍ സിനിമ വേണ്ടെന്ന് വെച്ചാല്‍ ആ സ്ഥാനത്തേക്ക് മറ്റുപലരും വരുമെന്നും താരം പറഞ്ഞു. സിനിമ കോമ്പറ്റീഷന്‍ നിലനില്‍ക്കുന്ന മേഖലയാണെന്നും എത്രയോ നല്ല കലാകാരന്മാര്‍ നമുക്കുണ്ടായിരുന്നെന്നും അവര്‍ മരിച്ചതിന് ശേഷവും സിനിമ മുമ്പോട്ട് പോകുന്നുണ്ടല്ലോ എന്നും മിയ ചോദിച്ചു.
സിനിമയില്‍ സ്ത്രീകള്‍ക്ക് ആര്‍ത്തവ അവധി നല്‍കണോ വേണ്ടയോ എന്നുള്ള അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മിയ. റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘ഒരു അഭിനേതാവിന് വേണ്ടിയും ഒരു സിനിമ കാത്തിരിക്കുന്നുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ഇപ്പോള്‍ ഒരു ആക്ടറിന്റെ അടുത്ത് ചെന്ന് കഥ പറയുന്നു. ആ വ്യക്തി വേണ്ടായെന്ന് പറഞ്ഞ് കഴിഞ്ഞാല്‍ അടുത്ത ആളിലേക്ക് സിനിമ പോകും. ഒരാള്‍ക്ക് വേണ്ടിയും സിനിമ കാത്തുനില്‍ക്കേണ്ട ആവശ്യമില്ലെന്നാണ് ഞാന്‍ കരുതുന്നത്.
ഇത് നല്ല കോമ്പറ്റീഷനുള്ള മേഖലയാണ്. എത്രയോ നല്ല നല്ല കലാകാരന്മാര്‍ നമുക്ക് ഉണ്ടായിട്ടുണ്ട്. പക്ഷെ അവരൊക്കെ മരിച്ചിട്ടും സിനിമ നിന്നുപോയിട്ടൊന്നുമില്ലല്ലോ. ഇപ്പോഴും അത് തുടര്‍ന്നു കൊണ്ടിരിക്കുകയാണല്ലോ. എനിക്ക് തോന്നുന്നത് സിനിമയില്‍ ആരും എക്കാലത്തേക്കും നിര്‍ബന്ധമല്ലെന്നാണ്.
ഒരാള്‍ മാറി കഴിഞ്ഞാല്‍ അല്ലെങ്കില്‍ അവര്‍ക്ക് പറ്റാതെ വന്നാല്‍ ഉടനെ ആ സ്ഥാനത്തേക്ക് മറ്റൊരാള്‍ വരും. സിനിമ ഇന്‍ഡസ്ട്രീ എപ്പോഴും മുമ്പോട്ട് പൊയ്‌ക്കൊണ്ടേയിരിക്കും. ഒരാളെ മാത്രം ആശ്രയിച്ചല്ല അത് നിലനില്‍ക്കുന്നത്,’ മിയ പറഞ്ഞു.
നിഖില്‍ മുരളി സംവിധാനം ചെയ്ത പ്രണയവിലാസമാണ് മിയയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. പല കാലഘട്ടത്തിലെയും പല തരത്തിലുള്ള പ്രണയങ്ങളെ കുറിച്ച് പറയുന്ന സിനിമയില്‍ പ്രധാന വേഷത്തിലാണ് താരം അഭിനയിച്ചത്.
അര്‍ജുന്‍ അശോകന്‍, അനശ്വര രാജന്‍, മമിത ബൈജു, മനോജ്.കെ.യു, ഹക്കീം ഷാ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തിയേറ്ററില്‍ നിന്നും മികച്ച പ്രതികരണമാണ് സിനിമക്ക് ലഭിക്കുന്നത്.
content highlight: actress miya about menstrual leave