| Saturday, 4th March 2023, 8:58 am

ഇരുപതാമത്തെ വയസില്‍ സിഗരറ്റ് വലിച്ചതൊക്കെ വലിയ പ്രശ്‌നമായിരിക്കും, ഇപ്പോള്‍ അത് തല പോകുന്ന കേസൊന്നുമല്ല: മിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അര്‍ജുന്‍ അശോകന്‍, അനശ്വര രാജന്‍, മമിത ബൈജു, മിയ, മനോജ്.കെ.യു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിഖില്‍ മുരളി സംവിധാനം ചെയ്ത സിനിമയാണ് പ്രണയവിലാസം. പല കാലഘട്ടത്തിലെ വ്യത്യസ്തമായ പ്രണയ കഥകള്‍ പറയുന്ന സിനിമയാണത്. ചിത്രത്തിലെ താന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പ്രണയത്തെ കുറിച്ച് സംസാരിക്കുകയാണ് നടി മിയ.

തങ്ങളുടെ പ്രണയം എങ്ങനെയാണ് തുടങ്ങിയതെന്നോ അവസാനിച്ചതെന്നോ ചിത്രത്തില്‍ പറയുന്നില്ലെന്നും ഡയലോഗിലൂടെ മനസിലാക്കുകയാണ് വേണ്ടതെന്നും മിയ പറഞ്ഞു. അത്തരം പ്രണയങ്ങളുടെ ബ്യൂട്ടി തനിക്ക് ഇഷ്ടമാണെന്നും അവര്‍ പറഞ്ഞു. പ്രണയത്തിലും വ്യക്തിയിലുമൊക്കെ കാലങ്ങള്‍ വരുത്തുന്ന മാറ്റം സിനിമയില്‍ കാണിക്കുന്നുണ്ടെന്നും റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ മിയ പറഞ്ഞു.

‘ഞാന്‍ ചെയ്യുന്ന കഥാപാത്രത്തിന്റെ പ്രണയം എങ്ങനെയാണ് തുടങ്ങിയതെന്നും എന്തുകൊണ്ടാണ് അവസാനിച്ചതെന്നും സ്പൂണ്‍ ഫീഡ് ചെയ്‌തൊന്നും കൊടുക്കുന്നില്ല. നമ്മള്‍ പറയുന്ന ഡയലോഗുകളില്‍ നിന്നും മനസിലാക്കിയെടുക്കുക എന്നുള്ളതാണ് കാര്യം. അത്തരം കാര്യങ്ങളുടെ ബ്യൂട്ടി എനിക്ക് ഇഷ്ടമാണ്.

ആ സിനിമയില്‍ എനിക്ക് ഇഷ്ടപ്പെട്ട ഒരു ഡയലോഗുണ്ട്. നമ്മള്‍ ആദ്യമായി വഴക്കിട്ടത് ഓര്‍മയുണ്ടോ, നിന്റെ സിഗരറ്റ് വലിയുടെ പേരും പറഞ്ഞയിരുന്നു അത്. ആ ഡയലോഗ് പറഞ്ഞതിനുശേഷം മനോജേട്ടന്‍ സിഗരറ്റ് വലിക്കുന്നത് കൂളായിട്ട് നോക്കി നില്‍ക്കുകയാണ്.

അവര്‍ ആദ്യം വഴക്കിട്ടത് സിഗരറ്റിന്റെ പേരിലാണ്. പക്ഷെ കുറേ വര്‍ഷങ്ങള്‍ക്കുശേഷം അത് അവര്‍ക്കൊരു പ്രശ്‌നമേയല്ല. കഥാപാത്രങ്ങള്‍ക്ക് ഒരുപാട് മാറ്റം വന്നിട്ടുണ്ട്. കാലങ്ങള്‍ വരുത്തുന്ന മാറ്റമാണത്. ഇരുപതാമത്തെ വയസില്‍ സിഗരറ്റ് വലിച്ചതൊക്കെ വലിയ പ്രശ്‌നമായിരിക്കും എന്നാല്‍ ഇപ്പോഴത് തലപോകുന്ന കേസൊന്നുമല്ല.

അയാള്‍ സിഗരറ്റ് വലിക്കുന്നത് കണ്ടുകൊണ്ട് നില്‍ക്കാനും അതില്‍ നിന്നുമൊരു പഫ് എടുക്കുന്നതൊന്നും ഒരു പ്രശ്‌നമേയല്ല. ആ ഒരു മാനസിക വളര്‍ച്ചയിലേക്ക് അവര്‍ എത്തിയിട്ടുണ്ട്,’ മിയ പറഞ്ഞു.

content highlight: actress miya about her character in pranayavilasam movie

We use cookies to give you the best possible experience. Learn more