|

ശങ്കറിനെ കുറിച്ച് പറയാന്‍ മേനക ചേച്ചിയെ അല്ലാതെ ആരെ വിളിക്കും എന്നായിരുന്നു ഭ്രമത്തിലേക്ക് ക്ഷണിച്ചുകൊണ്ട് അവര്‍ പറഞ്ഞത്; മേനക പറയുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

1980കളിലെ മലയാള സിനിമയിലെ ഹിറ്റ് താരജോഡിയായിരുന്നു മേനക-ശങ്കര്‍ കൂട്ടുകെട്ട്. ഇന്നും ഇരുവരുടേയും കൂട്ടുകെട്ട് ഇഷ്ടപ്പെടുന്ന എത്രയോ പ്രേക്ഷകര്‍ ഇവിടെയുണ്ട്.

ഇപ്പോള്‍ ആ ഹിറ്റ് കൂട്ടുകെട്ടിന്റെ വിശേഷങ്ങളും പുതിയ ചിത്രമായ ‘ഭ്രമ’ത്തില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ശങ്കറിനൊപ്പം അഭിനയിച്ചതിനെക്കുറിച്ചും സംസാരിക്കുകയാണ് മേനക. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

കേരളത്തില്‍ ശങ്കര്‍-മേനക കോമ്പിനേഷന് ഇത്രയും ആരാധകരുണ്ടെന്ന് അറിയില്ലായിരുന്നെന്നാണ് മേനക പറയുന്നത്.

കല്യാണം കഴിഞ്ഞ് കേരളത്തിലേയ്ക്ക് വന്നപ്പോഴാണ് ഇവിടെ ഇങ്ങനെ പ്രേക്ഷകര്‍ ചിന്തിക്കുന്നുണ്ടെന്നും ഇത്ര ഇംപാക്ട് ഉണ്ടെന്നും മനസിലായത്. മുന്‍പ് ചെന്നൈയിലായിരുന്നപ്പോള്‍ അത് മനസിലായിരുന്നില്ലെന്നും മേനക പറഞ്ഞു.

കല്യാണം കഴിഞ്ഞ് ഭര്‍ത്താവ് സുരേഷിന്റെ കൂടെ ഗുരുവായൂരില്‍ തൊഴാന്‍ പോയപ്പോള്‍ ‘മേനകച്ചേച്ചീ, എവിടെ ശങ്കരേട്ടന്‍’ എന്ന് വരെ ആളുകള്‍ ചോദിച്ചിട്ടുണ്ടെന്നും ശങ്കറിനും സമാന അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും താരം പറയുന്നു.

ഇത്രയും ആരാധകരുള്ള കാര്യം അന്ന് സിനിമയില്‍ അഭിനയിക്കുമ്പോള്‍ അറിയുമായിരുന്നെങ്കില്‍ ഇപ്പോഴത്തെ അഭിനേതാക്കള്‍ ചെയ്യുന്ന പോലെ അന്ന് പ്ലാന്‍ ചെയ്ത് കൂടുതല്‍ സിനിമകള്‍ ചെയ്യുമായിരുന്നെന്നും മേനക അഭിമുഖത്തില്‍ പറഞ്ഞു.

ആരാധകരുടെ കത്തുകള്‍ വരാറുണ്ടെന്നും അത് ശങ്കറും ഭര്‍ത്താവ് സുരേഷും ഒരുമിച്ച് വായിക്കാറുണ്ടായിരുന്നെന്നും ‘എന്റെ പൊന്നു സുരേഷേട്ടാ, ഒന്ന് മാറി നില്‍ക്കൂ, ശങ്കരേട്ടനെ കല്യാണം കഴിച്ചാല്‍ മതി,’ എന്നെഴുതിയ കത്തുകള്‍ കല്യാണം കഴിഞ്ഞ സമയത്ത് വന്നിട്ടുണ്ടെന്നും മേനക ഓര്‍മകള്‍ പങ്കുവെച്ചു.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയാണ് ‘ഭ്രമ’ത്തില്‍ അഭിനയിക്കാമോ എന്ന് ചോദിച്ച് വിളിച്ചതെന്നും ‘എന്തേ എന്നെ വിളിക്കുന്നത്. വേറെ ആരെയെങ്കിലും വിളിച്ചൂടെ’ എന്ന് ചോദിച്ചപ്പോള്‍ ഇവിടെ ഡിസ്‌കസ് ചെയ്തപ്പോള്‍ മേനകച്ചേച്ചി വരണമെന്നാണ് എല്ലാവരും ഒരുപോലെ പറയുന്നത് എന്ന് പറഞ്ഞെന്നും അങ്ങനെയാണ് ഭ്രമത്തില്‍ അഭിനയിക്കാന്‍ തീരുമാനിച്ചതെന്നും മേനക അഭിമുഖത്തില്‍ പറഞ്ഞു.

കല്യാണം കഴിഞ്ഞ് ഇരുപത് വര്‍ഷത്തിന് ശേഷം ചില സിനിമകള്‍ ചെയ്‌തെങ്കിലും ശങ്കറിനൊപ്പം അഭിനയിച്ചത് കൊണ്ട് ഭ്രമം കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നുണ്ടെന്നും താരം പറഞ്ഞു.

അളുകള്‍ക്ക് ഇത്രയും ആഗ്രഹമുണ്ടെങ്കില്‍ ശങ്കറിന്റെ കൂടെ ഇനിയും സിനിമകള്‍ ചെയ്യാന്‍ സാധ്യതയുണ്ടെന്നും മേനക അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു. പണ്ട് പ്രേംനസീര്‍-ഷീല, രാജ് കപൂര്‍-നര്‍ഗീസ്, ശിവാജി ഗണേശന്‍-പത്മിനി കൂട്ടുകെട്ടുകള്‍ ഉണ്ടായിരുന്നതു പോലെ തന്റേയും ശങ്കറിന്റേയും കൂട്ടുകെട്ട് സിനിമയിലുണ്ടെന്നത് തന്നെ സന്തോഷമാണെന്നും നടി പറഞ്ഞു.

പൂച്ചയ്‌ക്കൊരു മൂക്കുത്തി, പിരിയില്ല നാം, മുത്തോടു മുത്ത്, ഒരു നോക്കു കാണാന്‍, എന്റെ മോഹങ്ങല്‍ പൂവണിഞ്ഞു തുടങ്ങി നിരവധി സിനിമകളില്‍ മേനക-ശങ്കര്‍ ജോടി വിജയം കണ്ടിട്ടുണ്ട്.

ഭ്രമം സിനിമയില്‍ അതിഥി വേഷത്തിലാണ് മേനക എത്തുന്നത്. മേനകയായിത്തന്നെയാണ് താരം ചിത്രത്തില്‍ അഭിനയിക്കുന്നത്.

സിനിമാ നിര്‍മാതാവും നടനുമായ സുരേഷ് കുമാറാണ് മേനകയുടെ ഭര്‍ത്താവ്. മകള്‍ കീര്‍ത്തി തെന്നിന്ത്യയിലെ മുന്‍നിര നായികമാരിലൊരാളാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Actress Menaka talks about the hit pair Shankar-Menaka and new movie Bhramam

Latest Stories