പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന സിനിമയിലൂടെയാണ് കീര്‍ത്തി സുരേഷ് അഭിനയരംഗത്തേക്ക് കടന്നുവന്നത്. ആ സിനിമക്ക് മുമ്പും നിരവധി സിനിമകളില്‍ താരത്തിന് അവസരം കിട്ടിയിരുന്നെന്നും എന്നാല്‍ അതിലൊന്നും അഭിനയിക്കാന്‍ സുരേഷ് സമ്മതിച്ചിരുന്നില്ലെന്നും നടി മേനക നേരത്തെ തന്നെ പറഞ്ഞിരുന്നു.
എന്നാല്‍ പ്രിയദര്‍ശന്‍ വിളിച്ചപ്പോള്‍ തന്നെ ഓക്കെ പറഞ്ഞെന്നും മേനക കൂട്ടിച്ചേര്‍ത്തു. എങ്ങനെയാണ് കീര്‍ത്തി സുരേഷ് ഗീതാഞ്ജലി എന്ന സിനിമയിലേക്ക് വന്നതെന്ന് പറയുകയാണ് മേനക സുരേഷ്.
‘ഒരു ദിവസം പ്രിയദര്‍ശനും സുരേഷേട്ടനുമൊക്കെ ഒരുമിച്ചിരുന്ന് സംസാരിക്കുകയായിരുന്നു. അപ്പോള്‍ തന്റെ അടുത്ത സിനിമയില്‍ ഇതുവരെ നായികയെ കിട്ടിയില്ലെന്ന് പ്രിയന്‍ പറഞ്ഞു. ഒരു കുട്ടിയെ താന്‍ കണ്ടുവെച്ചിട്ടുണ്ടെന്നും എന്നാല്‍ അതല്ല പ്രശ്‌നം അവളുടെ തന്തപ്പടി സമ്മതിക്കില്ലെന്നും പ്രിയന്‍ പറഞ്ഞു. അവളുടെ തന്തപ്പടി വലിയ പ്രശ്‌നക്കാരനാണെന്നും പറഞ്ഞു.
ആരാടാ ആ തന്തപ്പടി, വീട് എവിടെയാണ് എന്നൊക്കെ പ്രിയനോട് സുരേഷേട്ടന്‍ ചോദിച്ചു. ആ പുള്ളി ആരാണെന്ന് മാത്രം നീ പറഞ്ഞാല്‍ മതി ബാക്കി കാര്യങ്ങളെല്ലാം ഞാന്‍ നോക്കി കൊള്ളാമെന്നും സുരേഷേട്ടന്‍ പറഞ്ഞു. കുറച്ച് കഴിഞ്ഞപ്പോള്‍ പ്രിയന്‍ പറഞ്ഞു തുടങ്ങി വേറെയാരുമല്ല നീ തന്നെയാണ് ആ തന്തപ്പടിയെന്ന്.
പ്രിയന്‍ അങ്ങനെ പറഞ്ഞപ്പോള്‍ സുരേഷേട്ടന്‍ ശരിക്കും ലോക്കായി. അവസാനം പ്രിയന്റെ ഗീതാഞ്ജലി എന്ന സിനിമയില്‍ അഭിനയിക്കാന്‍ കീര്‍ത്തിയെ സുരേഷേട്ടന് വിടേണ്ടി വന്നു,’ മേനക പറഞ്ഞു.
അതേസമയം കീര്‍ത്തിയെ നീലത്താമര, നോട്ട്ബുക്ക് അടക്കമുള്ള സിനിമയിലേക്ക് വിളിച്ചിരുന്നെന്നും ഇപ്പോള്‍ പഠിക്കുകയാണ് അഭിനയിക്കാന്‍ വിടുന്നില്ലെന്നാണ് മറുപടി നല്‍കിയിരുന്നതെന്നും മേനക വിളിച്ചു.
‘ആര് കീര്‍ത്തിയെ അഭിനയിക്കാന്‍ വിളിച്ചാലും പഠിക്കുകയാണ് താല്‍പര്യമില്ല എന്നൊക്കെയാണ് ഞാന്‍ സഥിരം പറഞ്ഞുകൊണ്ടിരുന്നത്. ഒരു ദിവസം പ്രിയന്‍ വിളിച്ച് പറഞ്ഞു ഞാന്‍ ഒരു സിനിമ ചെയ്യാന്‍ പോവുകയാണ് അവളെ വിട്ടേക്കണമെന്ന്. അവള്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്, അവസാന വര്‍ഷമാണെന്നൊക്കെ ഞാന്‍ പറഞ്ഞു നോക്കി. നീ കൂടുതലൊന്നും പറയണ്ടായെന്ന് പ്രിയന്‍ പറഞ്ഞു.
ആ സിനിമയില്‍ അഭിനയിക്കാന്‍ സുരേഷേട്ടനും സമ്മതിച്ചു. നോട്ട് ബുക്ക് ഉള്‍പ്പയെയുള്ള ഒരുപാട് സിനിമകളില്‍ നിന്ന് അവസരം കിട്ടിയിട്ടും വിടാതിരുന്നതാണ്,’ മേനക പറഞ്ഞു.
content highlight: actress menaka talks about priyadarshan