നടനും പ്രൊഡ്യൂസറുമായ ജി. സുരേഷ് കുമാറിന്റെയും മേനകയുടേതും പ്രണയ വിവാഹമായിരുന്നു. സുരേഷിനെക്കുറിച്ചും ഇരുവരുടെയും പ്രണയത്തെക്കുറിച്ചും പറയുകയാണ് മേനക.
പൂച്ചക്ക് ഒരു മൂക്കുത്തി എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് സുരേഷ് തന്നെ പ്രൊപ്പോസ് ചെയ്തതെന്നും പെട്ടെന്ന് കേട്ടപ്പോള്‍ താന്‍ ഷോക്കായി പോയെന്നും മേനക പറഞ്ഞു.
സുരേഷ് തീരെ റൊമാന്റിക് അല്ലെന്നും താനാണ് കൂടെ എപ്പോഴും നടക്കുകയെന്നും മേനക പറഞ്ഞു. അമ്യത ടീവിക്ക് നല്കിയ അഭിമുഖത്തിലാണ് സുരേഷിനെക്കുറിച്ച് മേനക സംസാരിച്ചത്.
”സുരേഷേട്ടന് റൊമാന്റിക് അല്ല. ഞാനാണ് കൂടെ എപ്പോഴും നടക്കുക. അദ്ദേഹത്തിന് നാണം പോലെയാണ്. കമ്യൂണിക്കേഷന്റെ കാര്യത്തില്‍ ഞങ്ങള്‍ ബിഗ് സീറോയാണ്. അദ്ദേഹം ഒന്നും പറയില്ല. ശരിക്കും ഒന്നും എന്നോട് പറയില്ല.
തലക്ക് അകത്ത് നൂറ് പ്രശ്നങ്ങള്‍ കൊണ്ട് നടക്കുകയാണെന്നാണ് എപ്പോഴും പറയുക. അല്ലാതെ പറയാന്‍ താല്പര്യമില്ലാഞ്ഞിട്ടല്ലെന്നാണ് ചോദിക്കുമ്പോള്‍ പറയുക. പക്ഷെ ഞാന്‍ വിട്ട് കൊടുക്കില്ല പിന്നാലെ നടന്ന് ചോദിച്ച് അറിയും.
പൂച്ചക്ക് ഒരു മൂക്കുത്തി എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് ഞങ്ങള്‍ പ്രണയത്തിലായത്. എപ്പോഴും ആഹാരത്തെ കുറ്റം പറയുന്ന പ്രകൃതമാണ് അദ്ദേഹത്തിന്. ഇന്ന് വെച്ച ഭക്ഷണമാണെങ്കിലും കുറ്റം പറയും.
നിങ്ങള്‍ കല്യാണം കഴിക്കുന്ന പെണ്ണിന്റെ ഗതി അധോഗതിയാണെന്ന് ഞാന്‍ ചേട്ടനോട് പറഞ്ഞു. രണ്ട് മാസമെങ്കിലും നിങ്ങളുടെ അമ്മയുടെ അടുത്ത് കൊണ്ടുപോയി ട്രെയിനിങ്ങ് കൊടുക്കണമെന്ന് പറഞ്ഞു.
അതെല്ലാം കഴിഞ്ഞ് ഞങ്ങള്‍ ലിഫ്റ്റില്‍ താഴെ ഇറങ്ങി വരുമ്പോള്‍ എപ്പോഴാണ് അമ്മയുടെ അടുത്ത് ട്രെയ്നിങ്ങിന് വരുന്നതെന്ന് എന്നോട് ചോദിച്ചു. എന്നെ പ്രൊപ്പോസ് ചെയ്തു. അതും പറഞ്ഞ് അദ്ദേഹം കൂളായിട്ട് നടന്നു പോയി. ഞാനാകെ ഷോക്കായി തിന്നു. അങ്ങനെയാണ് എന്നോടുള്ള പ്രണയം അദ്ദേഹം പറഞ്ഞത്,” മേനക പറഞ്ഞു.
CONTENT HIGHLIGHT: ACTRESS MENAKA ABOUT HER HUSBAND SURESH