| Thursday, 18th June 2020, 5:20 pm

ചീരൂ, നമ്മുടെ കുഞ്ഞിലൂടെ നിന്നെ ഈ ഭൂമിയിലേക്ക് കൊണ്ടുവരാന്‍ കാത്തിരിക്കുകയാണ് ഞാന്‍; ഹൃദയസ്പര്‍ശിയായ കുറിപ്പുമായി മേഘ്‌ന

ഡൂള്‍ന്യൂസ് ഡെസ്‌ക്

അന്തരിച്ച സിനിമാ താരം ചിരഞ്ജിവിയുടെ ഓര്‍മ്മകളില്‍ വിതുമ്പുകയാണ് ഭാര്യ മേഘ്‌നരാജും കുടുംബവും. താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലില്‍ നിന്നും പുറത്തുവരാന്‍ ഇതുവരെ മേഘ്‌നയ്ക്ക് സാധിച്ചിട്ടില്ല.

ഇപ്പോള്‍ ചിരജ്ഞീവി സര്‍ജയ്ക്ക് ഹൃദയസ്പര്‍ശിയായ കുറിപ്പുമായി എത്തിയിരിക്കുകയാണ് മേഘ്‌നരാജ്. ട്വിറ്ററിലൂടെയാണ് ചിരജ്ഞീവിയെ ഓര്‍ത്തുകൊണ്ട് താരം ചില കാര്യങ്ങള്‍ കുറിച്ചത്.

ചീരൂ, ഞാന്‍ വീണ്ടും ശ്രമിച്ചു, പക്ഷേ നിന്നോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ക്ക് വാക്കുകള്‍ കിട്ടുന്നില്ല. നീ എനിക്ക് ആരായിരുന്നു എന്ന് വിവരിക്കാന്‍ ഈ ലോകത്തിലെ ഒരു വാക്കിനും സാധിക്കില്ല. എന്റെ സുഹൃത്ത്, എന്റെ കാമുകന്‍, എന്റെ പങ്കാളി, എന്റെ കുഞ്ഞ്, എന്റെ വിശ്വസ്തന്‍, എന്റെ ഭര്‍ത്താവ്.. ഇതിലെല്ലാം ഉപരിയാണ് നീ.. നീ എന്റെ ആത്മാവിന്റെ ഒരു ഭാഗമാണ് ചിരു.

ഓരോ തവണ നമ്മുടെ വാതില്‍ക്കലേക്ക് നോക്കുമ്പോഴും ‘ഞാന്‍ എത്തി’ എന്ന് പറഞ്ഞ് നീ കടന്നുവരാത്തത് എന്റെ ആത്മാവിലൂടെ ഒരു വേദനയായി കടന്നുപോകുന്നു.

ഓരോ ദിവസവും ഓരോ നിമിഷവും നിന്നെ ഒന്നു തൊടാന്‍ കഴിയാതെ എന്റെ ഹൃദയം വിങ്ങുകയാണ്. ആയിരം മരണങ്ങള്‍ പോലെ വേദനാജനകമാണ് അത്.

പക്ഷേ, ഒരു മാന്ത്രിക ശക്തിപോലെ നീയെനിക്കൊപ്പമുള്ളതായി പലപ്പോഴും തോന്നുന്നു. ഞാന്‍ തളര്‍ന്നുപോകുമ്പോഴെല്ലാം ഒരു മാലാഖയെപ്പോലെ നീ എനിക്ക് ചുറ്റും നില്‍ക്കുന്നു. നീ എന്നെ വളരെയധികം സ്‌നേഹിക്കുന്നു, അതുകൊണ്ട് തന്നെ നിനക്ക് എന്നെ തനിച്ചാക്കാന്‍ കഴിയില്ല, അല്ലേ?

നീ എനിക്ക് നല്‍കിയ വിലയേറിയ സമ്മാനമാണ് നമ്മുടെ കുഞ്ഞ്. നിന്റെ സ്‌നേഹത്തിന്റെ പ്രതീകമാണ് അത്. ഈ അത്ഭുതത്തിന് ഞാന്‍ നിന്നോട് കടപ്പെട്ടിരിക്കുകയാണ്. നമ്മുടെ കുഞ്ഞിലൂടെ നിന്നെ ഈ ഭൂമിയിലേക്ക് കൊണ്ടുവരാന്‍ കാത്തിരിക്കുകയാണ് ഞാന്‍.

നിന്റെ പുഞ്ചിരി കാണാന്‍, നിന്റെ കൈപിടിക്കാന്‍, ഈ മുറി മുഴുവന്‍ പ്രകാശിപ്പിക്കുന്ന നിന്റെ ചിരി കേള്‍ക്കാന്‍ ഇനിയും എനിക്ക് കാത്തിരിക്കാന്‍ വയ്യ. ഞാന്‍ നിനക്കായി ഇവിടെ കാത്തിരിക്കും.. നീ എനിക്കായി മറ്റൊരു ലോകത്തും. എന്റെ അവസാന ശ്വാസം വരെ നീ എന്നില്‍ ജീവിക്കും. നീ എന്നില്‍ തന്നെയുണ്ട്.. ഐ ലവ് യൂ…

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more