| Friday, 13th November 2020, 12:41 pm

ഞാന്‍ ഇഷ്ടപ്പെടുന്ന എന്തെങ്കിലും ഉപേക്ഷിക്കണമെന്ന് ചിരു ഒരിക്കലും ആഗ്രഹിക്കുകയില്ല; സിനിമയില്‍ തുടരുമെന്ന് മേഘ്‌ന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇനി തന്റെ ജീവിതം മകനുവേണ്ടിയാണെന്നും ചിരുവിന്റെ എല്ലാ സ്വപ്നങ്ങളും മകനിലൂടെ താന്‍ നിറവേറ്റുമെന്നും നടി മേഘ്‌നാ രാജ്. ഭര്‍ത്താവ് ചിരഞ്ജീവിയുടെ മരണശേഷം ആദ്യമായി മാധ്യമങ്ങള്‍ക്കു മുന്‍പില്‍ സംസാരിക്കുകയായിരുന്നു മേഘ്‌ന.

വിഷമഘട്ടത്തില്‍ മാതാപിതാക്കളും അടുത്ത സുഹൃത്തുക്കളായ നസ്രിയയും അനന്യയും ഒപ്പം നിന്നെന്നും താരം പറഞ്ഞു. അഭിനയം എന്നത് തന്റെ അഭിനിവേശമാണെന്നും അത് രക്തത്തിലുള്ളതാണെന്നും അതുകൊണ്ട് തന്നെ കഴിയുന്നിടത്തോളം കാലം സിനിമയില്‍ തുടരുമെന്നും മേഘ്‌ന പറഞ്ഞു.

‘ചിരു എല്ലാവരുടെയും പ്രിയങ്കരനായിരുന്നു. അതുപോലെ എന്റെ മകനെയും ഞാന്‍ വളര്‍ത്തും. ഞാന്‍ എത്രത്തോളം ശക്തയാണെന്ന് അറിയില്ല. കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോയതു പോലെയായിരുന്നു നിന്നിരുന്ന ഇടം ഇളകിപ്പോകുന്ന അവസ്ഥയായിരുന്നു ചിരുവിന്റെ വേര്‍പാട്. എല്ലാം ചിട്ടയോടെ ചെയ്യുന്ന ആളായിരുന്നു ഞാന്‍. ചിരു നേര്‍ വിപരീതവും. ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കുന്നതായിരുന്നു ചിരുവിന്റെ രീതി. മരണശേഷമാണ് എനിക്ക് അതിന്റെ നഷ്ടം മനസ്സിലായത്. ഇനി ഞാനും ചിരുവിനെപ്പോലെയാകും. നാളെ എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ലല്ലോ?.’മേഘ്‌ന പറയുന്നു.

‘അഭിനയം എന്റെ അഭിനിവേശമാണ്. അത് എന്റെ രക്തത്തിലുളളതാണ്. ഞാന്‍ ഇഷ്ടപ്പെടുന്ന എന്തെങ്കിലും ഉപേക്ഷിക്കണമെന്ന് എന്റെ ഭര്‍ത്താവ് ഒരിക്കലും ആഗ്രഹിക്കുകയില്ല. എനിക്ക് കഴിയുന്നിടത്തോളം കാലം ഞാന്‍ സിനിമകളില്‍ അഭിനയിക്കുന്നത് തുടരും.’- മേഘ്ന പറഞ്ഞു.

‘മകന്‍ ചിരുവിനെപ്പോലെ തന്നെയാണ്. ജനിക്കുന്നത് ആണ്‍കുട്ടി ആയിരിക്കുമെന്ന് ചിരു പറയുമായിരുന്നു. പെണ്‍കുട്ടിയാകുമെന്നായിരുന്നു ഞാന്‍ പറഞ്ഞിരുന്നത്. അവിടെയും ചിരു പറഞ്ഞത് സത്യമായി. ലയണ്‍കിങിലെ സിംബയെപ്പോലെ കുട്ടിയെ വളര്‍ത്തണമെന്നായിരുന്നു ചിരുവിന്റെ ആഗ്രഹം. കുഞ്ഞ് ജനിക്കുമ്പോള്‍ സിംബയെ പരിചയപ്പെടുത്തുന്നതുപോലെ ഈ ലോകത്തിനു മുന്നില്‍ താന്‍ പരിചയപ്പെടുത്തുമെന്നും ചിരു പറഞ്ഞിരുന്നു. എന്നാല്‍ അതൊക്കെ വെറുതെയായി.’മേഘ്‌ന പറഞ്ഞു.

വിഷമഘട്ടത്തില്‍ മാതാപിതാക്കളും അടുത്ത സുഹൃത്തുക്കളായ നസ്രിയയും അനന്യയും ഒപ്പം നിന്നു. എനിക്ക് ഇപ്പോള്‍ കുഞ്ഞുണ്ട്. ആ കുഞ്ഞിലൂടെ ചിരുവിന്റെ എല്ലാ സ്വപ്നങ്ങളും ഞാന്‍ നിറവേറ്റും’ മേഘ്‌ന പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more