സിനിമയിലെത്തുന്നതിന് മുന്‍പ് തനിക്ക് പട്ടാളത്തില്‍ ചേരാനായിരുന്നു ആഗ്രഹമെന്നും എന്നാല്‍ അത് വേണ്ടെന്ന് പറഞ്ഞ് അമ്മ പിന്തിരിപ്പിക്കുകയായിരുന്നുവെന്നും നടി മേഘ്‌ന രാജ്. സിനിമാതാരമായിരുന്നില്ലെങ്കില്‍ ഒരുപക്ഷേ ഡോക്ടറോ നര്‍ത്തകിയോ ആകുമായിരുന്നെന്നും മേഘ്‌ന പറയുന്നു.
മലയാള സിനിമ മികച്ച അവസരങ്ങള്‍ തന്നെ എനിക്ക് നല്‍കിയിട്ടുണ്ട്. സിനിമയെന്ന് പറയുന്നത് ഒരു സ്വപ്‌നലോകമാണ്. അവിടെ അഭിനയത്തിനും അതോടൊപ്പം തന്നെ സൗന്ദര്യത്തിനും സ്ഥാനമുണ്ട്. ഒരു കഥാപാത്രം ആവശ്യപ്പെടുന്ന സൗന്ദര്യം തീര്‍ച്ചയായും ഉണ്ടാകണമെന്നും മേഘ്‌ന പറയുന്നു.
തനിക്ക് തടി കൂടുതലാണെന്നും അത് കുറക്കണമെന്നും പലരും പറയാറുണ്ട്. തമിഴിലേയും കന്നഡയിലേയും ആളുകളാണ് അത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ ഉന്നയിക്കാറ്. അഭിനയം നല്ലതാണെന്നും എന്നാല്‍ തടി കുറക്കാതെ കാര്യമില്ലെന്നും വരെ അവര്‍ പറയും.
ഇതുകേള്‍ക്കുമ്പോള്‍ പേടിയായിരുന്നു. പിന്നീട് ജിമ്മില്‍ പോയി വര്‍ക്ക് ഔട്ട് ചെയ്ത് തടികുറച്ചെടുത്തു. എന്നാല്‍ മലയാളികള്‍ അങ്ങനെയല്ല. അവര്‍ തടിയേക്കാളും സൗന്ദര്യത്തേക്കാളും പ്രാധാന്യം നല്‍കുന്നത് അഭിനയത്തിനാണ്. തടി കൂടുതലാണെന്ന വിമര്‍ശനമൊന്നും മലയാളത്തില്‍ നിന്നും കേട്ടിട്ടില്ല.
ഓരോ സംവിധായകന്റേയും കാഴ്ചയാണ് ഓരോ സിനിമയും. അവിടെ അവരുടെ കാഴ്ചപ്പാടിനാണ് പ്രാധാന്യം. അല്ലാതെ നമ്മുടേതിനല്ല.
ബ്യൂട്ടിഫുള്‍ എന്ന സിനിമ ചെയ്യുന്ന സമയത്ത് എനിക്ക് മുഖത്ത് അലര്‍ജി ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ സ്‌ക്രീനില്‍ അത് എങ്ങനെ വരുമെന്ന ആശങ്കയും ഉണ്ടായി. എന്നാല്‍ മുഖത്തെ അലര്‍ജി കുഴപ്പമില്ലെന്നും അത് കഥാപാത്രത്തിന് അനുയോജ്യമായ രീതിയില്‍ തന്നെ സ്‌ക്രീനില്‍ വരുമെന്നും മുഖത്ത് അലര്‍ജി വന്നത് നന്നായെന്നുമായിരുന്നു സംവിധായകന്‍ വി.കെ പ്രകാശ് പറഞ്ഞത്.
എനിക്ക് മലയാളം കേട്ടാല്‍ നന്നായി മനസിലാകും. അല്പമൊക്കെ സംസാരിക്കാനും കഴിയും. എന്നാല്‍ ഇംഗ്ലീഷ് ചുവ അതില്‍ വരും. മലയാളത്തില്‍ അധികം വൈകാതെ തന്നെ സ്വന്തമായി ഡബ്ബ് ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കന്നഡ സിനിമകളെ അപേക്ഷിച്ച് മലയാളത്തില്‍ സ്ത്രീ പ്രാധാന്യമുള്ള നിരവധി സിനിമകള്‍ വരുന്നുണ്ട്. കന്നഡയിലൊന്നും അത്തരം ചിത്രങ്ങള്‍ പ്രതീക്ഷിക്കുകയേ വേണ്ട. എന്നാല്‍ അടുത്തകാലത്തായി അതില്‍ ചെറിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്.
നല്ല റോളുകള്‍ ചെയ്യുന്ന സിനിമകളെല്ലാം എല്ലായ്‌പ്പോഴും സൂപ്പര്‍ഹിറ്റായിരിക്കും. മോശം കഥാപാത്രങ്ങള്‍ ചെയ്യുന്ന ചിത്രമാകട്ടെ അത് പരാജയവുമായിരിക്കും. എന്നാല്‍ എന്നെ സംബന്ധിച്ച് എല്ലാ ചിത്രവും നൂറ് ശതമാനം ആത്മാര്‍ത്ഥതയോടെ തന്നെയാണ് ചെയ്യാറ്. ജയവും പരാജയവും വേറൊരു ഘടകമാണെന്നും മേഘ്‌ന പറയുന്നു.
മലയാളത്തില്‍ സ്ത്രീപ്രാധാന്യമുള്ള സിനിമകള്‍ നിരവധിയാണ്. അത്തരത്തിലുള്ള ചിത്രങ്ങളിലേക്കും എന്നേയും ക്ഷണിക്കണമെന്നാണ് സംവിധായകരോട് തനിക്ക് ആവശ്യപ്പെടാനുള്ളതെന്നും മേഘ്‌ന പറയുന്നു. മാതൃഭൂമിയുടെ ഷോ ഗുരു എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മേഘ്‌ന.