| Sunday, 26th March 2023, 8:58 am

കുടുംബവിളക്ക് കാരണം ക്രിക്കറ്റ് കാണാന്‍ പറ്റുന്നില്ലെന്ന് പറഞ്ഞ് ദേഷ്യപ്പെടും, എന്നിട്ട് സെല്‍ഫിയും എടുത്താണ് പോകുന്നത്: മീര വാസുദേവന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളില്‍ സിനിമയിലും ടെലിവിഷന്‍ സീരിയലുകളിലുമൊക്കെ അഭിനയിക്കുന്ന താരമാണ് മീര വാസുദേവന്‍. സീരിയലില്‍ നായികയായ മീരയിപ്പോള്‍ മലയാള കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരം കൂടിയാണ്. സീരിയല്‍ ഹിറ്റായതിന് ശേഷം ആരാധകരില്‍ നിന്നുണ്ടായില അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് അവര്‍.

സെലിബ്രിറ്റിയായി കഴിഞ്ഞാല്‍ പേഴ്‌സണല്‍ സ്‌പേസ് നഷ്ടപ്പെടുമെന്നും താരങ്ങളെ പബ്ലിക്ക് പ്രൊപ്പര്‍ട്ടിയായിട്ടാണ് പലരും കാണുന്നതെന്നും മീര പറഞ്ഞു. പലരും തന്നെ ഫ്‌ളേട്ട് ചെയ്യാന്‍ ശ്രമിക്കാറുണ്ടെന്നും സീരിയല്‍ കാരണം ക്രിക്കറ്റ് കളി കാണാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞ് തന്നോട് ദേഷ്യപ്പെടുന്നവര്‍ വരെയുണ്ടെന്നും ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു.

‘ആളുകള്‍ ഇങ്ങനെ വന്ന് സംസാരിക്കുന്നതൊക്കെ ഉറപ്പായും പ്രൈവസിയെ ബാധിക്കും. സെലിബ്രിറ്റിയായി കഴിഞ്ഞാല്‍ തന്നെ നമ്മുടെ പേഴ്സണല്‍ സ്പേസ് നഷ്ടപ്പെടും. കാരണം നമ്മള്‍ പബ്ലിക്ക് പ്രൊപ്പര്‍ട്ടി പോലെയാകും. പലരും താരങ്ങള്‍ക്ക് ഒരു ജീവിതമുണ്ടെന്ന കാര്യം മനസിലാക്കാറില്ല. നമ്മുടെ അടുത്ത് വരുന്നതിലും സംസാരിക്കുന്നതിലുമൊന്നും പ്രശ്നമില്ല. പക്ഷെ ഫോട്ടോയോ മറ്റുമൊക്കെ എടുക്കുമ്പോള്‍ ചോദിക്കണം.

ചിലപ്പോള്‍ നമ്മളെ ഫ്ളേട്ട് ചെയ്യാന്‍ വരെ നോക്കാറുണ്ട്. ചിലരുടെയൊക്കെ കൂടെ വൈഫുണ്ടാകും എന്നിട്ടും നമ്മളെ ഫ്ളേട്ട് ചെയ്യാന്‍ നോക്കുന്നവരുണ്ട്. കുടുംബ വിളക്ക് വന്നതിനുശേഷം ഞങ്ങള്‍ക്ക് ക്രിക്കറ്റ് കാണാന്‍ പറ്റുന്നില്ലായെന്ന് പറഞ്ഞ് ദേഷ്യപ്പെടുന്നവര്‍ വരെയുണ്ട്. പക്ഷെ അവരും സെല്‍ഫിയെടുക്കും. സെല്‍ഫിയും വേണം നോക്കി ദേഷ്യപ്പെടുകയും ചെയ്യും,’ മീര വാസുദേവന്‍ പറഞ്ഞു.

മോഹന്‍ലാലിനെ നായകനാക്കി ബ്ലസി സംവിധാനം ചെയ്ത തന്മാത്ര എന്ന സിനിമയില്‍ അഭിനയിച്ചതിന്റെ അനുഭവങ്ങളും മീര പങ്കുവെച്ചു.

‘ടെക്‌നിക്കലി സിനിമ എല്ലാം ഒരുപോലെയാണ്. ബാക്കിയെല്ലാം നമ്മുടെ പെര്‍ഫോമന്‍സുമായി ബന്ധപ്പെട്ടിരിക്കും. ഭാഷ അറിയില്ലെങ്കിലും, എല്ലാ ഭാഷയിലെയും ഇമോഷണല്‍ കണ്ടന്റുകള്‍ ഒരുപോലെയാണ്. തന്മാത്രയിലെ ഇമോഷണല്‍ കണ്ടന്റ് എനിക്ക് മനസിലായിരുന്നു. വളരെ നന്നായിട്ടാണ് ബ്ലസി സാര്‍ എനിക്കത് മനസിലാക്കി തന്നത്. തോമസേട്ടനും എപ്പോഴും എന്റെ കൂടെയുണ്ടാകുമായിരുന്നു.

തുടര്‍ച്ചയായി ഓരോ ഡയലോഗുകളും എന്നെ ഓര്‍മിപ്പിച്ചുകൊണ്ടിരിക്കും. ഇരുപതോ മുപ്പതോ പ്രാവശ്യം അദ്ദേഹം ഡയലോഗുകള്‍ റിപ്പീറ്റ് ചെയ്യും. അതുപോലെ തന്നെ ഒരു നടനെന്ന നിലയില്‍ മോഹന്‍ലാല്‍ സാര്‍ ഭയങ്കര സപ്പോര്‍ട്ടാണ്. ഒന്ന് രണ്ട് സീനിലൊക്കെ എങ്ങനെ ചെയ്യണമെന്ന് എനിക്ക് തന്നെ അറിയില്ലായിരുന്നു. അതൊക്കെ എനിക്ക് കാണിച്ച് തന്നത് അദ്ദേഹമായിരുന്നു. ഒരുപാട് കാര്യങ്ങള്‍ ആ സിനിമയില്‍ നിന്നും എനിക്ക് പഠിക്കാന്‍ സാധിച്ചു,’ മീര വാസുദേവന്‍ പറഞ്ഞു.

content highlight: actress meera vasudevan about reactions of fans

We use cookies to give you the best possible experience. Learn more