തമിഴ്, മലയാളം എന്നീ ഭാഷകളിലെ സിനിമകളിലും ടെലിവിഷന്‍ സീരിയലുകളിലും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള താരമാണ് മീര വാസുദേവന്‍. മോഹന്‍ലാലിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത തന്മാത്ര എന്ന സിനിമയിലെ താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. തന്മാത്രയില്‍ അഭിനയിക്കുമ്പോള്‍ ഉണ്ടായിരുന്ന അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് മീരയിപ്പോള്‍.
ഷൂട്ട് തുടങ്ങുന്നതിന് മുമ്പ് കഥാപാത്രത്തിന്റെ പൂര്‍ണ രൂപം സംവിധായകന്‍ തനിക്ക് നല്‍കിയിരുന്നുവെന്നും സിനിമയിലെ ബാക്കിയുള്ളവരുടെ സഹായം കൊണ്ടാണ് തനിക്ക് ആ കഥാപാത്രം ചെയ്യാന്‍ കഴിഞ്ഞതെന്നും അവര്‍ പറഞ്ഞു. തന്റെ അമ്മയെ നിരീക്ഷിച്ചാണ് ആ കഥാപാത്രം ചെയ്തതെന്നും മീര പറഞ്ഞു. അമൃത ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘ആ കഥാപാത്രത്തെ കുറിച്ച് വിശദമായ ഒരു രൂപം ബ്ലെസി സര്‍ എനിക്ക് നല്‍കിയിരുന്നു. എന്റേതായ രീതിയില്‍ ചെറിയ നിരീക്ഷണങ്ങളൊക്കെ നടത്തി അത് പൂര്‍ണമാക്കുക എന്നതായിരുന്നു ശരിക്കും പറഞ്ഞാല്‍ ഉത്തരവാദിത്തം. അതിനുവേണ്ടി ഞാന്‍ എന്റെ അമ്മയെ നിരീക്ഷിക്കുമായിരുന്നു. അമ്മക്ക് ഞങ്ങള്‍ രണ്ട് കുട്ടികളാണുള്ളത്.
ഞങ്ങളുടെ കാര്യങ്ങള്‍ എങ്ങനെയാണ് അമ്മ നോക്കുന്നത്, അതിനുമപ്പുറത്തേക്ക് അച്ഛനോട് അമ്മ എങ്ങനെയാണ് ഇടപഴകുന്നത് എന്നൊക്കെ ഞാന്‍ നോക്കി പഠിച്ചു. അങ്ങനെയാണ് ആ കഥാപാത്രം ചെയ്തത്. പിന്നെ എനിക്ക് നല്ലൊരു സപ്പോര്‍ട്ടിങ് ടീമുണ്ടായിരുന്നു. ബ്ലെസി സാറിന്റെ നിര്‍ദേശങ്ങളും, മറ്റ് ക്രൂ മെമ്പേഴ്‌സും ആ കഥാപാത്രം ചെയ്യാന്‍ എന്നെ സഹായിച്ചിരുന്നു.
അവരൊക്കെ എന്റെ ജോലി കൂടുതല്‍ എളുപ്പമാക്കി തന്നു. ഞാന്‍ എപ്പോഴും ബ്ലെസി സാറിനോട് സംശയങ്ങള്‍ ചോദിച്ചുകൊണ്ടേയിരുന്നു. അതുകൊണ്ടൊക്കെയാണ് ആ കഥാപാത്രം നല്ലരീതിയില്‍ എനിക്ക് ചെയ്യാന്‍ കഴിഞ്ഞത്.
ഏത് കഥാപാത്രം കിട്ടുമ്പോഴും ഞാന്‍ ആദ്യം ചിന്തിക്കുന്നത് എന്നെകൊണ്ട് അത് ചെയ്യാന്‍ കഴിയുമോ എന്നാണ്. എനിക്ക് പറ്റില്ലായെന്ന് തോന്നിയാല്‍ ഒരിക്കലും അതിന് വേണ്ടി മറ്റൊരാളുടെ പണവും സമയവും ഞാന്‍ നശിപ്പിക്കില്ല. എനിക്ക് ചെയ്യാന്‍ കഴിയുമെന്ന് തോന്നിയാല്‍ കൃഷ്ണ ഭഗവാനെ ഏല്‍പ്പിച്ച് ആ പ്രോജക്ടിലേക്ക് പോകും. ഏതൊരു കഥാപാത്രം ചെയ്യുമ്പോഴും അതിനെ കുറിച്ച് കൃത്യമായൊരു ധാരണ ഉണ്ടായിരിക്കണമെന്ന് എനിക്ക് നിര്‍ബന്ധമാണ്,’ മീര വാസുദേവ് പറഞ്ഞു.
content highlight: actress meera vasudevan about director blessy