ചെന്നൈ: ദളിത് വിരുദ്ധ പരാമര്‍ശം നടത്തിയ കേസില്‍ അറസ്റ്റിലായ നടി മീര മിഥുന് കോടതി ജാമ്യം അനുവദിച്ചു. തെറ്റ് ചെയ്യുന്നത് മനുഷ്യസഹജമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്.
എസ്.സി വിഭാഗങ്ങളെ മൊത്തം അപമാനിക്കുന്ന തരത്തിലാണ് മീര മിഥുന്‍ പരാമര്‍ശം നടത്തിയത്. മറ്റൊരു വ്യക്തിയും മീരയ്‌ക്കൊപ്പം ഉണ്ടായിരുന്നു. ഇരുവരും കഴിഞ്ഞ അഞ്ച് ആഴ്ചയായി കസറ്റഡിയിലാണെന്നും കോടതി പറഞ്ഞു.
പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ആര്‍. സെല്‍വകുമാറാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ആഗസ്റ്റ് 14 നാണ് മീര മിഥുന്‍ കേരളത്തില്‍ നിന്ന് പൊലീസ് പിടിയിലായത്.
ആഗസ്റ്റ് ഏഴിനാണ് മീര മിഥുന്‍ ദളിത് വിരുദ്ധ പരാമര്‍ശം നടത്തുന്ന വിവാദ വീഡിയോ പങ്കുവെച്ചത്. ദളിത് വിഭാഗത്തില്‍ പെട്ടവരെ എല്ലാം തമിഴ് സിനിമയില്‍ നിന്ന് പുറത്താക്കണമെന്നും ഒരു സംവിധായകന്‍ തന്റെ ചിത്രം മോഷ്ടിച്ച് സിനിമയുടെ ഫസ്റ്റ് ലുക്കിന് ഉപയോഗിച്ചുവെന്നും നടി പറഞ്ഞിരുന്നു.
ദളിത് സമുദായത്തില്‍പ്പെട്ട എല്ലാവരും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവരാണെന്നും ദളിത് വിഭാഗത്തിലുള്ള സംവിധായകരേയും ആളുകളേയും തമിഴ് സിനിമയില്‍ നിന്ന് പുറത്താക്കണമെന്നും നടി വീഡിയോയില്‍ പറഞ്ഞിരുന്നു.
തുടര്‍ന്ന് ലിബറേഷന്‍ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈലം (എല്‍.ടി.ടി.ഇ) ഭാരവാഹി വണ്ണിയരശ് പൊലീസില്‍ പരാതി നല്‍കുകയും കേസ് എടുക്കുകയുമായിരുന്നു.