| Friday, 8th October 2021, 12:23 pm

കുറച്ചുനാള്‍ മാറി നില്‍ക്കേണ്ടി വന്നു, ഇനി സിനിമയാണ് ലോകം ; മനസുതുറന്ന് മീര

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തുകയാണ് നടി മീര ജാസ്മിന്‍. തന്റെ തിരിച്ചുവരവ് ആളുകള്‍ ആഗ്രഹിക്കുന്നുണ്ട് എന്ന് കേള്‍ക്കുന്നതാണ് തന്റെ സന്തോഷമെന്നും അതാണ് തന്നെ മുന്നോട്ടു നയിക്കുന്നതെന്നും പറയുകയാണ് മീര ജാസ്മിന്‍. യു.എ.ഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചതിന് പിന്നാലെയായിരുന്നു മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് താരം സംസാരിച്ചത്.

”കുറച്ചുനാള്‍ ഞാന്‍ സിനിമയില്‍ മാറിനിന്നു. ഇപ്പോള്‍ ഞാന്‍ തയ്യാറാണ്. ഇനി സജീവമായിട്ട് തന്നെ സിനിമയില്‍ ഉണ്ടാവും. എന്നാല്‍ സെലക്ടീവായിട്ട് തന്നെ സിനിമകള്‍ തെരഞ്ഞെടുക്കാനാണ് തീരുമാനം. സത്യന്‍ അങ്കിളിന്റെ കൂടെ നാല് സിനിമകള്‍ ചെയ്തു. അഞ്ചാമത്തെ സിനിമയാണ് ഇത്. വളരെ സന്തോഷമുണ്ട്.

സിനിമയെ സംബന്ധിച്ച് പറയുകയാണെങ്കില്‍ കണ്ടന്റിനാണ് ഇപ്പോള്‍ ഏറ്റവും പ്രാധാന്യം. എല്ലാ കലാകാരന്‍മാര്‍ക്കും അത് ഗുണം ചെയ്യുന്നുമുണ്ട്. ഏത് ഏജ് ഗ്രൂപ്പിലായാലും ഏത് ജന്റര്‍ ആയാലും നല്ല റോളുകള്‍ അവര്‍ക്ക് ലഭിക്കുന്നു.

മാത്രമല്ല ഇപ്പോള്‍ ഒരുപാട് ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകള്‍ ഉണ്ട്. ഇന്ത്യന്‍ സിനിമയെ പോലും ഇപ്പോള്‍ റെപ്രസന്റ് ചെയ്യുന്നത് മലയാള സിനിമയാണ്. ബോളിവുഡ് പോലും ഇപ്പോള്‍ മലയാള സിനിമയെ നോക്കി പഠിക്കുന്നതു. അതില്‍ നമുക്ക് അഭിമാനിക്കാം. നമ്മുടെ പ്രേക്ഷകര്‍ക്കാണ് അതിന്റെ ക്രെഡിറ്റ് കൊടുക്കേണ്ടത്. അവര്‍ ഇന്റലിജന്റാണ്. ആവറേജ് മെറ്റീരിയല്‍ കൊടുത്ത് അവരെ നമുക്ക് തൃപ്തിപ്പെടുത്താന്‍ ബുദ്ധിമുട്ടാണ്. അവരുടെ ബുദ്ധിക്കനുസരിച്ചുള്ളത് കൊടുക്കണം. അവരാണ് ഈ അംഗീകാരത്തിന് അര്‍ഹര്‍,” മീര ജാസ്മിന്‍ പറഞ്ഞു.

സംവിധായകന്‍ ലോഹിതദാസിനെ കുറിച്ചും മീര മനസുതുറന്നു. ലോഹിയങ്കിളിന്റെ നഷ്ടം മലയാള സിനിമയുടെ നഷ്ടം തന്നെയാണെന്നും മമ്മൂട്ടിയെപ്പോലെയും മോഹന്‍ലാലിനെപ്പോലെയുമുള്ള വലിയ താരങ്ങള്‍ക്കും തന്നെപ്പോലുള്ള പല നടിമാര്‍ക്കും മികച്ച റോളുകള്‍ നല്‍കിയിട്ടുള്ള സംവിധായകനാണ് അദ്ദേഹമെന്നും തനിക്ക് മാത്രമല്ല എല്ലാവര്‍ക്കും അദ്ദേഹത്തിന്റെ വിയോഗം നഷ്ടം തന്നെയാണെന്നും മീര പറഞ്ഞു. ലോഹിയങ്കിളിനേയും പത്മരാജന്‍ അങ്കിളിനേയും പോലുള്ളവര്‍ ഉണ്ടാക്കിയ അടിത്തറയിലാണ് ഇന്ന് മലയാള സിനിമ നിലകൊള്ളുന്നതെന്നും മീര പറഞ്ഞു.

രസതന്ത്രവും അച്ചുവിന്റെ അമ്മയുമായും പുതിയ ചിത്രത്തെ താരതമ്യപ്പെടുത്തരുതെന്നും ഇതും ഒരു സത്യന്‍ അന്തിക്കാട് സിനിമ തന്നെയാണെന്നുമായിരുന്നു മീര പറഞ്ഞത്. ഇതൊരു നല്ല തുടക്കമാകട്ടെയെന്ന് കരുതുന്നു. ഇതില്‍ നിന്നും ഇനിയും നല്ല കഥാപാത്രങ്ങളും സിനിമയും തേടിയെത്തട്ടെയെന്നും താരം പറഞ്ഞു.

2016ല്‍ പുറത്തിറങ്ങിയ പത്ത് കല്‍പനകളിലാണ് മുഴുനീള വേഷത്തില്‍ മീര അവസാനമായി മലയാളത്തില്‍ എത്തിയത്. 2018ല്‍ റിലീസ് ചെയ്ത കാളിദാസ് ജയറാം നായകനായ പൂമരം സിനിമയില്‍ അതിഥിവേഷത്തിലും അഭിനയിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content highlight: Actress Meera Jasmine About Her New Movie

We use cookies to give you the best possible experience. Learn more