Advertisement
Malayalam Cinema
'ഇതുപോലൊരു കമന്റിട്ട അങ്കിളിന്റെ തൊലിക്കട്ടി മോശമാണെന്ന് ഞാനും കരുതുന്നില്ല'; ആക്ഷേപിച്ചു കമന്റു ചെയ്തയാള്‍ക്ക് മീനാക്ഷിയുടെ മറുപടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Jan 16, 07:23 am
Saturday, 16th January 2021, 12:53 pm

കൊച്ചി: പിഞ്ചുകുഞ്ഞിന്റെ ചികിത്സയ്ക്കായി സഹായമഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള പോസ്റ്റിന് താഴെ അധിക്ഷേപ കമന്റുമായി എത്തിയ ആള്‍ക്ക് മറുപടിയുമായി ബാലതാരം മീനാക്ഷി

കഴിഞ്ഞ ദിവസമാണ് മീനാക്ഷി ഒരു കുഞ്ഞിന്റെ ചികിത്സക്കായി സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് പോസ്റ്റിട്ടത്. സിനിമാമേഖലയില്‍ ദിവസക്കൂലിക്ക് ജോലിചെയ്യുന്ന ജീവനക്കാരന്റെ കുഞ്ഞിനുവേണ്ടായായിരുന്നു താരം സഹായം അഭ്യര്‍ത്ഥിച്ചത്.

തുടര്‍ന്ന് നിരവധി പേര്‍ സഹായവുമായി രംഗത്തെത്തുകയും ചെയ്തു. ഇതിനിടെയായിരുന്നു മീനാക്ഷിയെ ആക്ഷേപിച്ചുകൊണ്ടുള്ള കമന്റുകള്‍ വന്നത്.

ജനങ്ങളോട് സഹായം അഭ്യര്‍ത്ഥിക്കാനുള്ള തൊലിക്കട്ടി അപാരമാണ് എന്നായിരുന്നു ഒരാളുടെ കമന്റ്. ‘കോടികള്‍ പ്രതിഫലം പറ്റുന്നവര്‍ നിറഞ്ഞു വിലസുന്ന സിനിമാ മേഖലയില്‍ ഉള്ളവര്‍ വിചാരിച്ചാല്‍ പോരെ? അതോ മലയാളികള്‍ ചാരിറ്റിയിലൂടെ മാത്രം ചികിത്സിക്കുകയൊള്ളുയെന്നുണ്ടോ? ജനങ്ങളുടെ മുന്നില്‍ ഇങ്ങനെ പോസ്റ്റിടാന്‍ അത്യാവശ്യത്തിലധികം തൊലിക്കട്ടി വേണം?’. എന്നായിരുന്നു കമന്റ്.

എന്നാല്‍ ഇതിന് മറുപടിയുമായി മീനാക്ഷി തന്നെ രംഗത്തെത്തി. ‘അങ്കിളേ, എന്നെ കൊണ്ട് കഴിയുന്ന ഒരു കുഞ്ഞു സഹായമാണെങ്കിലും ഞാന്‍ ചെയ്തിട്ടുണ്ട്..വലിയ വലിയ സിനിമക്കാരുടെ മുന്‍പിലൊക്കെ എത്തിക്കാന്‍ കാത്തിരുന്നാല്‍ സമയം കടന്ന് പോകുമെന്ന് ഉള്ളതു കൊണ്ടാണ് ഇങ്ങനെയൊരു പോസ്റ്റിട്ടത്..അങ്കിളിനു പറ്റുമെങ്കില്‍ മാത്രം സഹായിച്ചാല്‍ മതി. ഇങ്ങനെയൊരു സാഹചര്യത്തില്‍ ഇത് പോലെയൊരു കമന്റിടാന്‍ കഴിഞ്ഞെങ്കില്‍ അങ്കിളിന്റെ തൊലിക്കട്ടിയും മോശമാണെന്നു ഞാന്‍ കരുതുന്നില്ല.’- എന്നായിരുന്നു മീനാക്ഷി പറഞ്ഞത്.

മീനാക്ഷിയെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. നല്ലൊരു കാര്യമാണ് മീനാക്ഷി ചെയ്‌തെന്നും ആ കുഞ്ഞിന് വേഗം സുഖമാകട്ടെയെന്നും പലരും പ്രതികരിച്ചു. ആ കുഞ്ഞ് എത്രയും വേഗം സുഖം പ്രാപിക്കട്ടെ, അതോടൊപ്പം ആ കുഞ്ഞിനും, കുടുംബത്തിനും വേണ്ടി മാതൃകാപരമായ മനസ്സ് കാണിച്ച മീനൂട്ടിയുടെ നല്ല മനസ്സിനും നന്ദിയെന്നായിരുന്നു ചിലരുടെ പ്രതികരണങ്ങള്‍.

കുഞ്ഞിന്റെ ചികിത്സയ്ക്ക് ആവശ്യമായ പണമായെന്ന് വ്യക്തമാക്കിക്കൊണ്ട് മീനാക്ഷി മറ്റൊരു കുറിപ്പുകൂടി പങ്കുവെച്ചിട്ടുണ്ട്. ‘ഞാനൊരു കുഞ്ഞിന്റെ ചികിത്സയുടെ കാര്യം ശ്രദ്ധയില്‍ പെടുത്തിയിരുന്നു.. ആവശ്യമുള്ള പൈസ ആയിട്ടുണ്ട് എന്നാണ് ബന്ധപ്പെട്ടവരില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്.. അതു കൊണ്ട് ഞാന്‍ പറഞ്ഞത് പ്രകാരം.., ഇനി പൈസ അയക്കേണ്ടതില്ല … ( അത് കൊണ്ട് കൂടി മുന്‍ പോസ്റ്റ് ഡിലീറ്റ് ചെയ്യുന്നു ) ഈ കാര്യത്തില്‍ ഒത്തു ചേര്‍ന്ന എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി …കുഞ്ഞ് ഇപ്പഴും ചികിത്സയില്‍ തന്നെയാണ് ടെസ്റ്റുകളും മറ്റും നടക്കുന്നു.. കാര്യമായ വിത്യാസങ്ങളൊന്നുമില്ല എന്നു പറയേണ്ടിരിക്കുന്നു… എല്ലാവരും പ്രാര്‍ത്ഥിക്കുമല്ലോ-‘ താരം കുറിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actress Meenakshi Reply To objectionable-comment on Facebook