| Friday, 25th August 2023, 8:49 pm

ഈഫല്‍ ടവറിന് താഴെ ലോകകപ്പ് ട്രോഫിയുമായി മീന; ഭാഗമായത് ചരിത്ര നേട്ടത്തില്‍

സ്പോര്‍ട്സ് ഡെസ്‌ക്

2023 ക്രിക്കറ്റ് ലോകകപ്പ് ട്രോഫി അനാച്ഛാദനം ചെയ്ത് നടി മീന. പാരീസിലാണ് താരം ഐ.സി.സി ട്രോഫി ഔദ്യോഗികമായി ലോഞ്ച് ചെയ്തത്.
ലോകകപ്പിനൊപ്പം മീന ഈഫല്‍ ടവറിന് താഴെ നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നുണ്ട്.

മീനയും തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ലോകകപ്പ് ട്രോഫി ഔദ്യോഗികമായി ലോഞ്ച് ചെയ്യുന്ന ആദ്യ ഇന്ത്യന്‍ അഭിനേതാവ് എന്നതില്‍ സന്തോഷമുണ്ടെന്ന് ഈ ചിത്രങ്ങള്‍ പങ്കുവെച്ച് താരം പറഞ്ഞു.

‘2023 ക്രിക്കറ്റ് ലോകകപ്പ് ട്രോഫി ഔദ്യോഗികമായി ലോഞ്ച് ചെയ്യുകയും അനാച്ഛാദനം ചെയ്യുകയും ചെയ്യുന്ന ആദ്യ ഇന്ത്യന്‍ അഭിനേതാവ് എന്ന ബഹുമതിയില്‍ അഭിമാനം കൊള്ളുന്നു,’ മീന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഒക്ടോബര്‍ അഞ്ച് മുതല്‍ നവംബര്‍ 19 വരെയാണ് 10 ടീമുകള്‍ മത്സരിക്കുന്ന ഏകദിന ലോകകപ്പ് നടക്കുക. ഇതിന്റെ ഭാഗമായിട്ടാണ് വിവിധ രാജ്യങ്ങളില്‍ ലോകകപ്പ് ട്രോഫി അവതരിപ്പിക്കുന്നത്. കഴിഞ്ഞ ആഴ്ചകളില്‍ ഗള്‍ഫ് രാജ്യങ്ങളിലും ട്രോഫികള്‍ അവതരിപ്പിച്ചിരുന്നു.

അതിനിടെ, ലോകകപ്പിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പന തുടങ്ങിയിട്ടുണ്ട്. പേ.ടി.എം, ബുക്ക്‌മൈഷോ എന്നിവ വഴി ആരാധകര്‍ക്ക് ടിക്കറ്റ് ഇപ്പോള്‍ ബുക്ക് ചെയ്യാം. ഓണ്‍ലൈനായി ടിക്കറ്റ് എടുത്താലും ഫിസിക്കല്‍ കോപ്പി കാണിച്ചാല്‍ മാത്രമേ കാണികളെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം, ബെംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയം, ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയം, ദല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയം, ധര്‍മശാലയിലെ ഹിമാചല്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം, ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയം, കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ്, ലഖ്‌നൗവിലെ ഏകനാ സ്റ്റേഡിയം, മുംബൈയിലെ വാംഖഡെ സ്റ്റേഡിയം, പുനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം എന്നീ 10 സ്റ്റേഡിയങ്ങളിലാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുക. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ സന്നാഹ മത്സരവും നടക്കും.

Content Highlight: Actress Meena unveiled the 2023 ICC Cricket World Cup trophy

We use cookies to give you the best possible experience. Learn more