ബാലതാരമായി സിനിമയിലേക്കെത്തിയ താരമാണ് മീന. 1982ല്‍ നെഞ്ചങ്ങള്‍ എന്ന തമിഴ് സിനിമയിലൂടെയാണ് താരം സിനിമാരംഗത്തേക്കെത്തിയത്. പിന്നീട് 45ഓളം സിനിമകളില്‍ താരം ബാലതാരമായി അഭിനയിച്ചു. 1990ല്‍ നവയുഗം എന്ന തെലുങ്ക് ചിത്രത്തിലൂടെ നായികയായും അരങ്ങേറി. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി 150ഓളം സിനിമകളില്‍ താരം അഭിനയിച്ചു.
ജയ ജോസ് രാജ് സംവിധാനം ചെയ്യുന്ന ആനന്ദപുരം ഡയറീസാണ് താരത്തിന്റെ പുതിയ ചിത്രം. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ഡേറ്റ് ക്ലാഷ് കാരണം തനിക്ക് നഷ്ടമായ സിനിമകളെക്കുറിച്ച് സംസാരിച്ചു. ഏതെങ്കിലും കഥ കേട്ട് വേണ്ടെന്ന് തീരുമാനിക്കുകയും, വേറൊരു ആര്‍ട്ടിസ്റ്റ് അതില്‍ അഭിനയിച്ച് ആ സിനിമ ഹിറ്റാവുകയും പിന്നീട് അത് ആലോചിച്ച് വിഷമം തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.
‘അങ്ങനെ വേണ്ടെന്ന് വെച്ച അനുഭവമൊന്നുമില്ല. കഥ കേട്ട് ചെയ്യണമെന്ന് ആഗ്രഹമുണ്ടായിട്ടും ഡേറ്റ് ഇഷ്യു കാരണം ചെയ്യാന്‍ പറ്റാതെ പോവുകയും, അത് വേറൊരാള്‍ ചെയ്ത് ഹിറ്റാവുകയും ചെയ്ത സിനിമകള്‍ ഒരുപാടുണ്ട്. അതില്‍ നമുക്ക് ഒന്നും ചെയ്യാന്‍ പറ്റില്ലല്ലോ. എല്ലായിടത്തും നമുക്ക് എത്താന്‍ പറ്റാത്ത കാരണമാണ് അങ്ങനെ ഉണ്ടായത്. നാഗാര്‍ജുന നായകനായ തെലുങ്ക് സിനിമ ‘നിന്നെ പെല്ലാടുത്ത’, ‘അന്നമയ്യ’ അതുപോലെ തമിഴില്‍ രജിനികാന്തിന്റെ പടയപ്പ, കമല്‍ ഹാസന്റെ തേവര്‍ മകനൊക്കെ അങ്ങനെ മിസ്സായ സിനിമകളാണ്.
മലയാളത്തില്‍ നോക്കിയാല്‍ പരികൃഷ്ണന്‍സ് അങ്ങനെ മിസ്സായ സിനിമയാണ്. ലാലേട്ടനും മമ്മൂക്കയും ഒരുമിച്ചഭിനയിക്കുന്ന സിനിമയില്‍ നായികയാവാന്‍ പറ്റാത്തതില്‍ നല്ല വിഷമമുണ്ട്. ആ സിനിമയില്‍ അഭിനയിക്കാന്‍ പറ്റാത്തത് വലിയ നഷ്ടമാണ്. ഇനി അതിന്റെ സെക്കന്‍ഡ് പാര്‍ട്ട് ഉണ്ടെങ്കില്‍ അതില്‍ എന്തായാലും ഞാന്‍ അഭിനയിക്കും. പ്രീക്വലിന്റെയും സീക്വലിന്റെയും കാലമല്ലേ. കിട്ടുമോ എന്ന് നോക്കാം,’ മീന പറഞ്ഞു.
Content Highlight: Actress Meena lists the movies that she missed due to date clash