| Friday, 26th February 2021, 4:53 pm

റാണിയെപ്പോലെ എല്ലാവരേയും കണ്ണടച്ച് വിശ്വസിക്കുന്ന ആളായിരുന്നു ഞാനും, ഇപ്പോള്‍ അങ്ങനെയല്ല: മീന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദൃശ്യം 2 വിന് ലഭിച്ച മികച്ച പ്രതികരണത്തിന്റെ സന്തോഷത്തിലാണ് ചിത്രത്തിലെ നായികയായ മീന. റാണി എന്ന കഥാപാത്രത്തെ വീണ്ടും അവതരിപ്പിക്കാന്‍ അവസരം ലഭിച്ചതിന്റെ ത്രില്ലില്‍ കൂടിയാണ് താരം. ജോര്‍ജ്ജുകുട്ടിയും കുടുംബവും വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമ്പോള്‍ ശക്തമായ ഒരു കഥാപാത്രമാകാന്‍ മീനയ്ക്കും സാധിച്ചു.

ദൃശ്യത്തിലെ റാണിയെപ്പോലെ തന്നെ ഒരു കാലത്ത് എല്ലാവരേയും കണ്ണടച്ച് വിശ്വസിക്കുന്ന ആളായിരുന്നു താനെന്നും എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ലെന്നും പറയുകയാണ് ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ മീന.

റാണിയുടെ കഥാപാത്രത്തിലുള്ള എന്തെങ്കിലും സ്വഭാവം മീനയ്ക്കുണ്ടോ എന്ന ചോദ്യത്തിന് റാണിയെപ്പോലെ തന്നെ കുസൃതിയും ഊര്‍ജ്ജ്വസ്വലതയും തന്നിലും ഉണ്ടെന്നായിരുന്നു മീനയുടെ മറുപടി.

എങ്കിലും റാണിയുമായി വലിയ സാമ്യമുണ്ടെന്ന് പറയാന്‍ പറ്റില്ലെന്നും താരം പറയുന്നു. വളരെ ഇന്നസെന്റും ബബ്ലിയുമാണ് റാണി. കുറേയൊക്കെ ഞാനും അങ്ങനെയാണ്. കാര്യങ്ങള്‍ ആലോചിക്കുന്നതിലും പറയുന്നതിലുമൊക്കെ ചിലപ്പോഴെങ്കിലും റാണിയെപ്പോലെയാണ്, മീന പറയുന്നു.

റാണിയെപ്പോലെ യഥാര്‍ത്ഥ ജീവിതത്തിലും എല്ലാവരേയും കണ്ണടച്ച് വിശ്വസിക്കുന്ന ആളാണോ മീന എന്ന ചോദ്യത്തിന് ആദ്യം അങ്ങനെ ആയിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ലെന്നുമായിരുന്നു മീനയുടെ മറുപടി.

ഇപ്പോള്‍ കാണുന്ന എല്ലാവരേയും വിശ്വസിക്കുന്ന ആളല്ല ഞാന്‍. പണ്ടൊക്കെ എല്ലാവരേയും സുഹൃത്തായും വെല്‍വിഷറായും കാണുന്ന ഒരു മീന ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല.

യഥാര്‍ത്ഥ ജീവിതത്തില്‍ രഹസ്യം സൂക്ഷിക്കാന്‍ കഴിയുന്ന ആളാണോ അതോ റാണിയെപ്പോലെ എല്ലാ കാര്യവും എല്ലാവരുടേയും അടുത്ത് തുറന്നു പറയുമോ എന്ന ചോദ്യത്തിന് ഒരിക്കലും ഇല്ലെന്നായിരുന്നു താരത്തിന്റെ മറുപടി.

ഞാന്‍ പറഞ്ഞില്ലേ അങ്ങനെ ഒരു സമയം ഉണ്ടായിരുന്നു. ഇപ്പോള്‍ ഇല്ല. റാണിയുമായി അങ്ങനെ താരതമ്യം ചെയ്യാന്‍ കഴിയില്ല. കുറേ കാര്യങ്ങളില്‍ റാണി വളരെ പാവമാണെന്നും മീന പറയുന്നു.

ദൃശ്യം 2 വിന് ഇത്രയും വലിയ സ്വീകാര്യത പ്രതീക്ഷിച്ചിരുന്നില്ലെന്നും ദൃശ്യത്തിന്റെ ആദ്യ ഭാഗത്തിന് തന്നെ ഇത്രയും വലിയ പ്രതികരണം താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും താരം പറഞ്ഞു.

ദൃശ്യം 2 വിന്റെ കഥ കേട്ടപ്പോള്‍ വളരെയധികം ഇഷ്ടമായി. കഥയിലെ ടെന്‍ഷനും സസ്‌പെന്‍സും ഇനി എന്താവുമെന്ന ആലോചനയെല്ലാം വളരെ രസകരമായി തോന്നി. ഒരു പേടി മാത്രമേ ഉണ്ടായിരുന്നുള്ളു. അത് ദൃശ്യത്തിന്റെ ഒന്നാം ഭാഗം ഇത്രയും വലിയ ഹിറ്റായതുകൊണ്ട് തന്നെ ആളുകളുടെ പ്രതീക്ഷ അത്രയും വലുതായിരിക്കുമല്ലോ എന്നതായിരുന്നെന്നും മീന പറയുന്നു.

ദൃശ്യം 2 വില്‍ എത്തിയപ്പോഴേക്ക് റാണി സീരിയസ് ആയോ എന്ന ചോദ്യത്തിന് അത് ക്യാരക്ടറിന് കൊടുത്ത മാറ്റമാണെന്നായിരുന്നു താരത്തിന്റെ മറുപടി. ആദ്യ പാര്‍ട്ടില്‍ അവരുടേത് ഒരു സാധാരണ ജീവിതമായിരുന്നു. എന്നാല്‍ ആ പ്രത്യേക സംഭവത്തിന് ശേഷമാണ് അവരുടെ ലൈഫ് മാറുന്നത്.

ആറ് വര്‍ഷത്തിന് ശേഷമാണ് രണ്ടാം ഭാഗം കാണിക്കുന്നത്. മകള്‍ക്ക് എന്തെങ്കിലും സംഭവിക്കുമോ എന്നും എല്ലാ കാര്യങ്ങളും ആളുകള്‍ അറിയാന്‍ തുടങ്ങിയതിന്റെ ടെന്‍ഷനും എല്ലാം റാണിക്കുണ്ട്. എങ്കിലും ആദ്യ പാര്‍ട്ടിലെ റാണിയെ ഞാന്‍ മിസ്സ് ചെയ്തു. ‘നാടോടുമ്പോള്‍ നടുവെ ഓടണം’ എന്ന ഡയലോഗ് ദൃശ്യം 2 വില്‍ എവിടെയെങ്കിലും പറയണമെന്നുണ്ടായിരുന്നു. പക്ഷ അത് പറ്റാതെ പോയി (ചിരി).

ദൃശ്യം 2 വില്‍ മക്കള്‍ വളര്‍ന്ന് വലുതായെങ്കിലും അച്ഛനും അമ്മയും അതുപോലെ തന്നെയാണല്ലോ ഇരിക്കുന്നത്, നിങ്ങള്‍ക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ലല്ലോ, ചെറുപ്പമായി ഇരിക്കുന്നതിന് പിന്നിലെ രഹസ്യം എന്താണെന്ന ചോദ്യത്തിന് ചിരിയായിരുന്നു മീനയുടെ മറുപടി.

അത് തനിക്ക് അറിയില്ലെന്നും ഒരുപക്ഷേ ടെന്‍ഷന്‍ കൂടിയതുകൊണ്ട് പ്രായം കൂടാതെ കുറഞ്ഞതായിരിക്കുമെന്നായിരുന്നു മീന പറഞ്ഞത്.

മക്കളൊക്കെ വളര്‍ന്ന് വലുതായല്ലോ അപ്പോള്‍ തലയില്‍ കുറച്ച് നരയൊക്കെ വരുമെന്ന് തങ്ങള്‍ കരുതിയിരുന്നെന്ന ചോദ്യത്തിന് ഞങ്ങളെ ചെറുപ്പത്തിലേ വിവാഹം ചെയ്തുകൊടുത്തത് കൊണ്ടാണ് പ്രായം അധികം തോന്നിപ്പിക്കാത്തത് എന്നായിരുന്നു. മീനയുടെ മറുപടി.

റാണിയാകാനായി പ്രത്യേകിച്ച് ഒരു തയ്യാറെടുപ്പും നടത്തിയിട്ടില്ലെന്നും തെലുങ്കിലും മലയാളത്തിലും നേരത്തെ ചെയ്തതുകൊണ്ട് തന്നെ റാണിയാകാന്‍ തനിക്ക് എളുപ്പമായിരുന്നെന്നും മീന പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actress Meena compare her Character with Rani

We use cookies to give you the best possible experience. Learn more