മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മീന. തന്റെ മകളെ കുറിച്ച് സംസാരിക്കുകയാണ് അവരിപ്പോള്‍. വിജയ്‌യെ നായകനാക്കി അറ്റ്‌ലി സംവിധാനം ചെയ്ത തെരി എന്ന സിനിമയിലൂടെയാണ് മീനയുടെ മകള്‍ നിവി അഭിനയത്തിലേക്ക് കടന്നുവരുന്നത്. മികച്ച പ്രതികരണങ്ങള്‍ നേടിയ സിനിമയിലെ നിവിയുടെ അഭിനയവും പ്രശംസകള്‍ നേടിയിരുന്നു.
എന്നാല്‍ സിനിമയുടെ വലിയ വിജയത്തിന് ശേഷവും നിവി മറ്റ് സിനിമകളില്‍ അഭിനയിച്ചില്ല. അതിനെ കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയാണ് മീന. അഭിനയത്തിനേക്കാള്‍ കൂടുതല്‍ ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത് പഠനത്തിനാണെന്നും പഴയ കാലത്തെ പോലെയല്ല കൃത്യമായി ശ്രദ്ധിച്ചില്ലെങ്കില്‍ ശരിയാകില്ലെന്നും മീന പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘മകളുടെ സ്‌കൂളൊക്കെ വളരെ വ്യത്യസ്തമാണ്. നമ്മള്‍ ചെറുപ്പത്തില്‍ പഠിച്ചത് പോലെയൊന്നുമല്ലല്ലോ. കോച്ചിങ്ങും ട്യൂഷനുമൊന്നും ശരിയാകുന്നില്ല. അങ്ങനെയൊക്കെയുള്ള സാഹചര്യത്തില്‍ അവള്‍ ഷൂട്ടിങ്ങിന് പോയാല്‍ ഭയങ്കര കഷ്ടപ്പാടായിരിക്കും. അങ്ങനെ ആയാല്‍ അവള്‍ ഒരുപാട് പിറകിലായി പോകും. അതുകൊണ്ട് തന്നെ കൂടുതല്‍ ശ്രദ്ധ ഇപ്പോള്‍ കൊടുക്കുന്നത് പഠനത്തിനാണ്,’ മീന പറഞ്ഞു.
മകള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട തന്റെ സിനിമ ഏതാണെന്നും മീന പറഞ്ഞു. ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യവും പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡിയുമാണ് മകള്‍ക്ക് ഇഷ്ടപ്പെട്ട സിനിമയെന്നും താരം പറഞ്ഞു. ഇരു ചിത്രങ്ങളിലും നായകനായി അഭിനയിച്ചത് മോഹന്‍ലാലായിരുന്നു.
‘അവള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള എന്റെ സിനിമ ദൃശ്യവും ബ്രോ ഡാഡിയുമാണ്,’ മീന പറഞ്ഞു.
അതേസമയം ബ്രോ ഡാഡിയാണ് മീന ഏറ്റവും ഒടുവില്‍ അഭിനയിച്ച മലയാള ചിത്രം. മോഹന്‍ലാലിനും മീനക്കും പുറമെ പൃഥ്വിരാജ്, കല്ല്യാണി പ്രിയദര്‍ശന്‍, ലാലു അലക്‌സ്, കനിഹ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
content highlight: actress meena about her daughter nivi