'ടെന്‍ഷന്‍ കാരണം പ്രായം കുറഞ്ഞതാണ് '; ദൃശ്യം 2 വിലെ ലുക്കിനെ കുറിച്ച് മീന
Malayalam Cinema
'ടെന്‍ഷന്‍ കാരണം പ്രായം കുറഞ്ഞതാണ് '; ദൃശ്യം 2 വിലെ ലുക്കിനെ കുറിച്ച് മീന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 26th February 2021, 4:21 pm

ദൃശ്യം 2 വിന് ഇത്രയും വലിയ സ്വീകാര്യത പ്രതീക്ഷിച്ചിരുന്നില്ലെന്ന് നടി മീന. ദൃശ്യത്തിന്റെ ആദ്യ ഭാഗത്തിന് തന്നെ ഇത്രയും വലിയ പ്രതികരണം താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും താരം പറഞ്ഞു.

ദൃശ്യം 2 വിന്റെ കഥ കേട്ടപ്പോള്‍ വളരെയധികം ഇഷ്ടമായി. കഥയിലെ ടെന്‍ഷനും സസ്‌പെന്‍സും ഇനി എന്താവുമെന്ന ആലോചനയെല്ലാം വളരെ രസകരമായി തോന്നി. ഒരു പേടി മാത്രമേ ഉണ്ടായിരുന്നുള്ളു. അത് ദൃശ്യത്തിന്റെ ഒന്നാം ഭാഗം ഇത്രയും വലിയ ഹിറ്റായതുകൊണ്ട് തന്നെ ആളുകളുടെ പ്രതീക്ഷ അത്രയും വലുതായിരിക്കുമല്ലോ എന്നതായിരുന്നെന്നും മീന പറയുന്നു.

ആളുകളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ പറ്റുമോ എന്ന പേടി മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും മീന ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ദൃശ്യം 2 വില്‍ എത്തിയപ്പോഴേക്ക് റാണി സീരിയസ് ആയോ എന്ന ചോദ്യത്തിന് അത് ക്യാരക്ടറിന് കൊടുത്ത മാറ്റമാണെന്നായിരുന്നു താരത്തിന്റെ മറുപടി. ആദ്യ പാര്‍ട്ടില്‍ അവരുടേത് ഒരു സാധാരണ ജീവിതമായിരുന്നു. എന്നാല്‍ ആ പ്രത്യേക സംഭവത്തിന് ശേഷമാണ് അവരുടെ ലൈഫ് മാറുന്നത്.

ആറ് വര്‍ഷത്തിന് ശേഷമാണ് രണ്ടാം ഭാഗം കാണിക്കുന്നത്. മകള്‍ക്ക് എന്തെങ്കിലും സംഭവിക്കുമോ എന്നും എല്ലാ കാര്യങ്ങളും ആളുകള്‍ അറിയാന്‍ തുടങ്ങിയതിന്റെ ടെന്‍ഷനും എല്ലാം റാണിക്കുണ്ട്. എങ്കിലും ആദ്യ പാര്‍ട്ടിലെ റാണിയെ ഞാന്‍ മിസ്സ് ചെയ്തു. ‘നാടോടുമ്പോള്‍ നടുവെ ഓടണം’ എന്ന ഡയലോഗ് ദൃശ്യം 2 വില്‍ എവിടെയെങ്കിലും പറയണമെന്നുണ്ടായിരുന്നു. പക്ഷ അത് പറ്റാതെ പോയി (ചിരി).

ദൃശ്യം 2 വില്‍ മക്കള്‍ വളര്‍ന്ന് വലുതായെങ്കിലും അച്ഛനും അമ്മയും അതുപോലെ തന്നെയാണല്ലോ ഇരിക്കുന്നത്, നിങ്ങള്‍ക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ലല്ലോ, ചെറുപ്പമായി ഇരിക്കുന്നതിന് പിന്നിലെ രഹസ്യം എന്താണെന്ന ചോദ്യത്തിന് ചിരിയായിരുന്നു മീനയുടെ മറുപടി.

അത് തനിക്ക് അറിയില്ലെന്നും ഒരുപക്ഷേ ടെന്‍ഷന്‍ കൂടിയതുകൊണ്ട് പ്രായം കൂടാതെ കുറഞ്ഞതായിരിക്കുമെന്നായിരുന്നു മീന പറഞ്ഞത്.

മക്കളൊക്കെ വളര്‍ന്ന് വലുതായല്ലോ അപ്പോള്‍ തലയില്‍ കുറച്ച് നരയൊക്കെ വരുമെന്ന് തങ്ങള്‍ കരുതിയിരുന്നെന്ന ചോദ്യത്തിന് ഞങ്ങളെ ചെറുപ്പത്തിലേ വിവാഹം ചെയ്തുകൊടുത്തത് കൊണ്ടാണ് പ്രായം അധികം തോന്നിപ്പിക്കാത്തത് എന്നായിരുന്നു. മീനയുടെ മറുപടി.

റാണിയാകാനായി പ്രത്യേകിച്ച് ഒരു തയ്യാറെടുപ്പും നടത്തിയിട്ടില്ലെന്നും തെലുങ്കിലും മലയാളത്തിലും നേരത്തെ ചെയ്തതുകൊണ്ട് തന്നെ റാണിയാകാന്‍ തനിക്ക് എളുപ്പമായിരുന്നെന്നും മീന പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actress Meena about Drishyam 2 appearance