ഭരതന്‍ സംവിധാനം ചെയ്ത് 1991ല്‍ പുറത്തിറങ്ങിയ അമരം ഇന്നും മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ്. ചിത്രത്തിലെ മമ്മൂട്ടിയുടെ അച്ചൂട്ടിയോളം തന്നെ ശ്രദ്ധ നേടിയ കഥാപാത്രമായിരുന്നു മകളായ രാധ. മാതുവായിരുന്നു കൗമാരക്കാരിയായ രാധയായെത്തിയത്.
ഇപ്പോള്‍ അമരത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് നടി. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മാതു. മലയാളത്തില്‍ അഭിനയച്ചതില്‍ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രമേതെന്ന ചോദ്യത്തിന് മറുപടി നല്‍കുമ്പോഴാണ് അമരത്തെ കുറിച്ച് നടി സംസാരിച്ചത്.
അമരം ആണ് തന്റെ ഇഷ്ടസിനിമയെന്നും ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാനുള്ള ആലോചനകള്‍ ആ സമയത്ത് നടന്നിരുന്നുവെന്നും മാതു പറയുന്നു. ‘അമിതാഭ് ബച്ചനുമായി ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും ആ പ്രോജക്ട് തുടര്‍ന്നില്ല, അത് പിന്നീട് ഉപേക്ഷിക്കുകയായിരുന്നു,’ മാതു പറഞ്ഞു.
മമ്മൂട്ടിയോടൊപ്പം കുട്ടേട്ടന്‍ സിനിമയിലൂടെയാണ് മാതു മലയാള സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്. അമരം, ആയുഷ്‌കാലം, സദയം, മാട്ടുപെട്ടിമച്ചാന്‍, തുടര്‍കഥ, സന്ദേശം, സദയം എന്നിങ്ങനെ നിരവധി മലയാള സിനിമകളില്‍ മാതു ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.
തമിഴ്, മലയാളം, തെലുങ്ക്, കന്നട ഭാഷകളിലെല്ലാം മാതു അഭിനയിച്ചിരുന്നു. തമിഴ് സിനിമകള്‍ ചെയ്യാന്‍ ആണ് കൂടുതല്‍ താല്‍പര്യമെങ്കിലും മലയാളത്തിലാണ് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുകയെന്നാണ് അഭിമുഖത്തില്‍ മാതു പറയുന്നത്.
ഇഷ്ടപ്പെട്ട മലയാള നടന്‍ ആരാണെന്ന ചോദ്യത്തിന് സുരേഷ് ഗോപിയെന്നായിരുന്നു മാതു മറുപടി നല്‍കിയത്. മലയാള സിനിമയിലെ യുവ താരങ്ങളായ ദുല്‍ഖര്‍, നിവിന്‍ പോളി എന്നിവരോടൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നും നടി മാതു പറഞ്ഞു.
ഹോളിവുഡില്‍ അഭിനയിക്കണമെന്നൊക്കെ മക്കള്‍ ഇടക്ക് പറയാറുണ്ടെന്ന് പറഞ്ഞ മാതു ഇംഗ്ലീഷ്, ഹിന്ദി ചിത്രങ്ങളില്‍ അഭിനയിക്കാനുള്ള തന്റെ ആഗ്രഹത്തെ കുറിച്ചും അഭിമുഖത്തില്‍ പങ്കുവെക്കുന്നുണ്ട്.
കന്നടയിലും തമിഴിലും ബാലതാരമായി എത്തി അഭിനയജീവിതത്തിന് തുടക്കം കുറിച്ച മാതു തൊണ്ണൂറുകളില്‍ ദക്ഷിണേന്ത്യന്‍ സിനിമയിലെ സജീവസാന്നിധ്യമായിരുന്നു. 2000ത്തോടെ സിനിമയില്‍ നിന്നും പിന്‍വാങ്ങിയ നടി 2019ല്‍ അനിയന്‍ കുഞ്ഞും തന്നാലയത് എന്ന ചിത്രത്തിലൂടെ തിരിച്ചുവന്നിരുന്നു.