|

അങ്ങനെ പറഞ്ഞത് എനിക്ക് സഹിച്ചില്ല, കരണം നോക്കിയൊന്ന് കൊടുത്തു: മെറീന മിഷേല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമാ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് മെറീന മിഷേല്‍. തന്റെ ജീവിതത്തില്‍ സംഭവിച്ച് ഒരു മോശം അനുഭവത്തെ കുറിച്ച് പറയുകയാണ് മെറീനയിപ്പോള്‍. താന്‍ പ്ലസ്ടുവില്‍ പഠിക്കുന്ന സമയത്ത് കുറച്ച് ചെറുപ്പക്കാര്‍ തന്നെ കുറിച്ച് മോശമായ ചില കമന്റുകള്‍ പറഞ്ഞെന്നും അത് തന്നെ ഒരുപാട് ബാധിച്ചെന്നും മെറീന പറഞ്ഞു.

എന്നാല്‍ അവരെ വെറുതെ വിടാന്‍ തനിക്ക് തോന്നിയില്ലെന്നും തിരികെ ചെന്ന് ആ കൂട്ടത്തില്‍ ഒരാളെ താന്‍ തല്ലിയെന്നും മെറീന പറഞ്ഞു. തനിക്ക് അത് മാത്രമെ ചെയ്യാന്‍ കഴിയുകയുള്ളായിരുന്നു എന്നും അയാള്‍ സംസാരിച്ച ഭാഷയില്‍ തന്നെ തിരിച്ച് സംസാരിക്കാന്‍ കഴിയില്ലെന്നും മെറീന പറഞ്ഞു.

‘പ്ലസ്ടുവിന് പഠിക്കുന്ന സമയത്തായിരുന്നു ആ സംഭവം നടന്നത്. ഞാന്‍ ക്ലാസ് കഴിഞ്ഞ് വരുന്ന വഴി രണ്ട് ചെറുപ്പക്കാര്‍ അവിടെ നില്‍ക്കുന്നത്. അതിലൊരാള്‍ മറ്റെയാളോട് എന്നെ കുറിച്ച് എന്തോ വൃത്തികേട് പറയുകയായിരുന്നു. ആദ്യം ഞാന്‍ ഒന്നും പ്രതികരിക്കാതെ നടന്നു പോയി. പക്ഷെ കുറച്ച് അങ്ങോട്ട് എത്തിയപ്പോള്‍ എനിക്ക് സഹിക്കാന്‍ പറ്റാതായി. എന്നാലും എന്നെ കുറിച്ചല്ലേ അത് പറഞ്ഞതെന്നോര്‍ത്ത് എനിക്ക് വല്ലാതെ വിഷമം വരാന്‍ തുടങ്ങിയിരുന്നു.

ഞാന്‍ പെട്ടന്ന് തിരിഞ്ഞ് അവരുടെ അടുത്തേക്ക് നടന്നു. അപ്പോള്‍ അയാള്‍ അവിടെയൊരു കടയില്‍ എന്തോ സാധനം വാങ്ങാനായി നില്‍ക്കുകയായിരുന്നു. ഞാന്‍ പോയി പുറകില്‍ നിന്ന് അയാളെ തോണ്ടി വിളിച്ചു. തിരിഞ്ഞു നോക്കിയതും കരണത്തിന് ഒറ്റയടി കൊടുത്തു. എന്നിട്ട് ഞാന്‍ അവിടെ നിന്നും ഓടി.

എന്റെ നാട്ടുകാര്‍ക്കൊക്കെ ആ കാര്യം അറിയാം. പക്ഷെ എനിക്ക് അപ്പോള്‍ അതേ ചെയ്യാന്‍ പറ്റുമായിരുന്നുള്ളൂ. അയാള്‍ പറഞ്ഞ ഭാഷയില്‍ തിരിച്ചു പറയാന്‍ പറ്റില്ലല്ലോ. അന്ന് ഞാന്‍ സമാധാനത്തോടെ കിടന്നുറങ്ങി. തിരിഞ്ഞു നോക്കുമ്പോള്‍ അങ്ങനെ ചെയ്തത് നന്നായി എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

എല്ലാവര്‍ക്കും വാരിക്കോരി ബഹുമാനം നല്‍കണമെന്നൊന്നും ഞാന്‍ പറയില്ല. പക്ഷെ ഓരോ വ്യക്തിക്കും ഒരു ഡിഗ്‌നിറ്റി ഉണ്ടാവും. അതിനെ ബാധിക്കുന്ന തരത്തില്‍ അപമര്യാദയായി പെരുമാറുന്നത് എനിക്ക് സഹിക്കാന്‍ പറ്റില്ല. അത്തരം ഘട്ടങ്ങളില്‍ ഞാന്‍ ഇറിട്ടേറ്റ് ആവാറുണ്ട്,’ മെറീന പറഞ്ഞു.

ട്വന്റിവണ്‍ ഗ്രാംസ്, മെമ്പര്‍ രമേശന്‍ തുടങ്ങി നിരവധി സിനിമകളാണ് താരത്തിന്റേതായി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയത്. സിനിമകള്‍ കൂടാതെ നിരവധി ഷോര്‍ട്ട് ഫിലിമുകളിലും താരം അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.

content highlight: actress mareena michael about a incident

Latest Stories