കൊച്ചി: ചതുര്‍മുഖം സിനിമയുടെ ലൊക്കേഷനില്‍ വിശ്വസിക്കാന്‍ പറ്റാത്ത പല സംഭവങ്ങളും നടന്നിരുന്നുവെന്ന് നടി മഞ്ജു വാര്യര്‍.
മലയാളത്തിലെ ആദ്യ ടെക്‌നോ-ഹൊറര്‍ ചിത്രമായ ചതുര്‍മുഖത്തിന്റെ പ്രസ് മീറ്റില്‍ സംസാരിക്കവേയാണ് പല വിചിത്രമായ സംഭവങ്ങളും ലൊക്കേഷനില്‍ നടന്നുവെന്ന് മഞ്ജു വാര്യര്‍ പറഞ്ഞത്.
പല അനിഷ്ടസംഭവങ്ങളും സെറ്റിലുണ്ടായെന്ന് കേട്ടല്ലോ എന്ന ചോദ്യത്തിന് അതൊന്നും അനിഷ്ട സംഭവങ്ങളല്ലെന്നും ഇതൊക്കെ പ്രഷ്യസ് ആണെന്നുമായിരുന്നു മഞ്ജുവിന്റെ മറുപടി. ഇതൊന്നും വേറെ എവിടേയും കിട്ടില്ലെന്നും മഞ്ജു പറഞ്ഞു.
ഇപ്പോള്‍ തന്നെ നിങ്ങള്‍ കണ്ടില്ലേ ഇവിടെ തുടങ്ങിയത് മുതല്‍ എന്തൊക്കെ സംഭവങ്ങളാണ്. ഇതുപോലെ ഇഷ്ടം പോലെ അനുഭവങ്ങള്‍ ലൊക്കേഷനില്‍ ഉണ്ടായിരുന്നു.
ഒരു പെയിന്റിങിന്റെ ഷോട്ട് എടുക്കുന്ന സീന്‍ ഉണ്ടായിരുന്നു. ഷോട്ട് എടുക്കുന്ന സമയത്ത് ആ പെയിന്റിങ് നിലത്തേയ്ക്ക് വന്നു വീണു. ഷൂട്ടിനിടെ പലരുടേയും ഫോണുകള്‍ പ്രവര്‍ത്തിക്കാതെ ആയി. ഇവിടെയും അങ്ങനെ വന്നപ്പോള്‍ എനിക്ക് ഉറപ്പായി.
ചില സമയത്തൊക്കെ ലൊക്കേഷനില്‍ പലരുടേയും ഫോണുകള്‍ പെട്ടെന്ന് വര്‍ക്ക് ചെയ്യാതെ ആയിപ്പോവുമായിരുന്നു. ചില പ്രത്യേക സമയങ്ങളില്‍ എല്ലാവരുടേയും ഫോണുകള്‍ പെട്ടെന്ന് ഔട്ട് ഓഫ് റേഞ്ച് ആവുന്നു. ഫോണുകള്‍ പെട്ടെന്ന് ഓഫാവുന്നു. അങ്ങനെയൊക്കെയുള്ള ഇഷ്ടംപോലെ അനുഭവങ്ങള്‍. ഇവിടെ സാക്ഷി പറയാന്‍ ആള്‍ക്കാരുണ്ടാകും. എനിക്കും ഒരു തവണ അങ്ങനെ ഫോണ്‍ ഹാങ് ആവുകയൊക്കെ ചെയ്തു, എന്നായിരുന്നു മഞ്ജു പറഞ്ഞത്.
സിനിമയെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും മികച്ച ഒരു ചിത്രമായിരിക്കും ഇതെന്നുമായിരുന്നു സണ്ണി വെയ്ന്‍ പറഞ്ഞത്. മഞ്ജു വാര്യര്‍ പറഞ്ഞതുപോലെ ചില വിചിത്ര അനുഭവങ്ങള്‍ സെറ്റില്‍ ഉണ്ടായിരുന്നെന്നും പൊതുവെ പ്രേതത്തെ പേടിയുള്ള തനിക്ക് രാത്രിയില്‍ ഷൂട്ട് നടക്കുമ്പോള്‍ ഇങ്ങനെ ചെറിയ സംഭവങ്ങളുണ്ടാകുമ്പോള്‍ ഉള്ളില്‍ ടെന്‍ഷനായിരുന്നെന്നും സണ്ണി വെയ്ന്‍ പറഞ്ഞു.
അതേസമയം മഞ്ജു വാര്യര്ക്കെതിരെ സോഷ്യല് മീഡിയയില് വിമര്ശനം ഉയരുന്നുണ്ട്. അന്ധവിശ്വാസങ്ങള് പ്രചരിപ്പിക്കുന്നതിന് തുല്യമാണ് ഇത്തരം പ്രസ്താവനകളെന്നാണ് വിമര്ശനം.
രഞ്ജിത്ത് കമല ശങ്കര്‍, സലില്‍ വി എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ചതുര്‍മുഖം. മലയാള സിനിമ ചരിത്രത്തിലെ ആദ്യ ടെക്‌നോ-ഹൊറര്‍ വിഭാഗത്തില്‍ വരുന്ന ചതുര്‍മുഖത്തിലെ നിഗൂഢമായ നാലാമത്തെ മുഖം സ്മാര്‍ട്ട് മൊബൈല്‍ ഫോണ്‍ ആണെന്ന് ഇവര്‍ പറഞ്ഞിരുന്നു. മഞ്ജു വാരിയര്‍, സണ്ണി വെയിന്‍, അലന്‍സിയര്‍ എന്നിവരാണ് മറ്റു മുഖങ്ങള്‍.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക