| Monday, 6th January 2020, 5:35 pm

"ചോരയൊലിച്ച മുഖങ്ങള്‍ കണ്ട് ഞെട്ടിപ്പോയി, ആ കുട്ടികളുടെ കൂടെ നില്‍ക്കാതിരിക്കാനാവില്ല," മഞ്ജു വാര്യര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ജെ.എന്‍.യു ക്യാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെ നടന്ന ആക്രമണത്തില്‍ പ്രതികരണവുമായി നടി മഞ്ജു വാര്യര്‍.
ജെ.എന്‍.യുവിലെ ക്യാമ്പസിലെ ചിത്രങ്ങള്‍ കണ്ട് ഞെട്ടിപ്പോയെന്നും ക്യാമ്പസില്‍ പുറത്തു നിന്നുള്ളവര്‍ കയറി ആക്രമണം നടത്തുന്നതിനു പിന്നിലുള്ള രാഷ്ട്രീയം എന്തായാലും പിന്തുണയ്ക്കാനാവില്ലെന്നും മഞ്ജു വാര്യര്‍ പറഞ്ഞു.
ജെ.എന്‍.യു രാജ്യത്തിന്റെ അറിവിന്റെ അടയാളമായിരുന്നെന്നും രാഷ്ട്രീയം പലതായാലും അവിടത്തെ വിദ്യാര്‍ത്ഥികളുടെ രാജ്യസ്‌നേഹം ചോദ്യം ചെയ്യാനാകില്ലെന്നും മഞ്ജു വാര്യര്‍ കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഫേസ്ബുക്കിലൂടെയായിരുന്നു മഞ്ജു വാര്യരുടെ പ്രതികരണം.

‘ജെ.എന്‍.യുവില്‍നിന്നുള്ള മുഖങ്ങള്‍ രാവിലെ ടിവിയില്‍ കണ്ടപ്പോള്‍ ഞെട്ടിപ്പോയി. ചോര ഒലിച്ചുകൊണ്ടുള്ള കുറെ മുഖങ്ങള്‍. രാത്രി അവരെ മൂന്നു മണിക്കൂറോളം പലരും ചേര്‍ന്ന് അക്രമിച്ചിരിക്കുന്നു. ജെഎന്‍യു എന്നതു ഈ രാജ്യത്തിന്റെ അറിവിന്റെ അടയാളമായിരുന്നു. അവിടെ പഠിക്കുക എന്നതു അറിവിന്റെ മാനദണ്ഡമായിരുന്നു. അവിടെ പഠിച്ച പലരുമാണ് ഇന്നും നമ്മളെ നയിക്കുന്നതും ഭരിക്കുന്നതും. അവരുടെ രാഷ്ട്രീയം പലതായിരുന്നുവെങ്കിലും അവരുടെ രാജ്യസ്‌നേഹം ചോദ്യം ചെയ്യാനാകില്ല. രാഷ്ട്രീയ അഭിപ്രായ വ്യത്യാസത്തിനിടയിലും അവര്‍ അവിടെ കലാപമുണ്ടാക്കുകയല്ല ചെയ്തത്. പുറത്തുനിന്നുള്ളവര്‍ കൂടി ചേര്‍ന്നു ഇരുളിന്റെ മറവില്‍ അക്രമം നടത്തുന്നുവെന്നു പറയുമ്പോള്‍ അതിലെ രാഷ്ട്രീയം എന്തായാലും തുണയ്ക്കാനാകില്ല. കുട്ടികളെ അവിടെ പഠിപ്പിക്കാന്‍ വിട്ട അമ്മമാരില്‍ ഭൂരിഭാഗവും സാധാരണക്കാരാകും. ടിവിയില്‍ ചോരയില്‍ കുതിര്‍ന്ന പലരുടെയും മുഖങ്ങള്‍ കാണുമ്പോള്‍ ആ അമ്മമാരുടെ മനസ്സിന്റെ അവസ്ഥ എന്താകും. നമുക്ക് ആ കുട്ടികളുടെ കൂടെ നില്‍ക്കാതിരിക്കാനാകില്ല. ഞാനും കൂടെ നില്‍ക്കുന്നു,’ മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫീസ് വര്‍ധനയ്‌ക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കു നേരെ നടന്ന അതിക്രമത്തിനു നേരെ ഇതിനകം നിവിന്‍ പോളി, സ്വര ഭാസ്‌കര്‍, ട്വിങ്കിള്‍ ഖന്ന തുടങ്ങി സിനിമാ രംഗത്തു നിന്നുള്‍പ്പെടെയുള്ള നിരവധി പ്രമുഖരാണ് രംഗത്തെത്തിയിരിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഞായറാഴ്ച്ച വൈകുന്നേരമാണ് ദല്‍ഹി ജെ.എന്‍.യു ക്യാംപസില്‍ മുഖംമൂടി ധരിച്ച് ഒരു സംഘം ആളുകള്‍ മാരകായുധങ്ങളുമായി എത്തിയത്. സംഘം സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ വലിയ രീതിയിലുള്ള അക്രമമായിരുന്നു അഴിച്ചുവിട്ടത്.

ജെ.എന്‍.യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് ഐഷേ ഗോഷും ജനറല്‍ സെക്രട്ടറി സതീഷുമടക്കം നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു.

We use cookies to give you the best possible experience. Learn more