| Saturday, 25th March 2023, 1:18 pm

ഈ മഞ്ജു വാര്യറിന് ഇതെന്തുപറ്റി? നിരാശ മാത്രം സമ്മാനിച്ച് വെള്ളരിപട്ടണത്തിലെ സുനന്ദ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മഞ്ജു വാര്യറിന്റെ ഏറ്റവും പുതിയ ചിത്രമാണ് വെള്ളരിപട്ടണം. നവാഗതനായ മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സൗബിന്‍ ഷഹീര്‍, സലീം കുമാര്‍, വീണ നായര്‍, കൃഷ്ണ ശങ്കര്‍ തുടങ്ങി നിരവധി കഥാപാത്രങ്ങളുണ്ട്. രാഷ്ട്രീയ ആക്ഷേപഹാസ്യമെന്ന രീതിയില്‍ ചിത്രീകരിച്ച സിനിമയാണ് വെള്ളരിപട്ടണം. പ്രധാന രാഷ്ട്രീയ പാര്‍ട്ടികളെയും അവയുടെ മുന്നണികളെയുമാണ് വെള്ളരിപട്ടണത്തിലും പരിഹാസരൂപേണ കാണിക്കുന്നത്.

സുനന്ദ എന്ന കഥാപാത്രമായാണ് മഞ്ജു വാര്യര്‍ ചിത്രത്തിലെത്തുന്നത്. രാഷ്ട്രീയപ്രവര്‍ത്തകയായ സുനന്ദ വെള്ളരിപട്ടണം എന്ന ഗ്രാമത്തിലെ പഞ്ചായത്ത് മെമ്പറാണ്. സുനന്ദയുടെ സഹോദരനായ സുരേഷായാണ് സൗബിനെ ചിത്രത്തില്‍ കാണിക്കുന്നത്. സുനന്ദയുടെ സ്ഥാനത്ത് എത്താനായി സൗബിന്‍ ഒരുപാട് ആഗ്രഹിക്കുന്നതായി ചിത്രത്തില്‍ കാണാം. എന്നാല്‍ മഞ്ജു വാര്യറിന്റെ കഥാപാത്രത്തെ തന്നെയാണ് സിനിമയില്‍ ഉയര്‍ത്തി കാണിക്കുന്നത്.

ഇതിനുമുമ്പ് ജാക്ക് ആന്‍ ജില്‍ എന്ന ചിത്രത്തിലാണ് മഞ്ജുവും സൗബിനും ഒരുമിച്ചെത്തിയത്. വലിയ പരാജയമായ ചിത്രത്തിന് ശേഷം ഇരുവരും ഒന്നിച്ച വെള്ളരിപട്ടണവും മടുപ്പുളവാക്കുന്ന ചിത്രമാണ്. രാഷ്ട്രീയ പ്രവര്‍ത്തകരെ പരിഹസിച്ചുകൊണ്ട് കാലാകാലങ്ങളായി കേട്ടു തഴമ്പിച്ച കോമഡികള്‍ മാത്രമാണ് ചിത്രത്തിന്റെ അങ്ങോളം ഇങ്ങോളം വലിച്ചു നീട്ടുന്നത്.

ബിജുമേനോന്‍ നായകനായ വെള്ളിമൂങ്ങയിലെ ക്ലൈമാക്‌സ് തന്നെയാണ് ഏറ്റവും ഒടുവില്‍ വെള്ളരിപട്ടണത്തിന്റേതും. തിരിച്ചു വരവിന് ശേഷം മഞ്ജു വാര്യര്‍ അഭിനയിച്ച മിക്ക സിനിമകളിലേയും പോലെ തന്നെയുള്ള കഥാപാത്രമാണ് സുനന്ദ. പുതിയതായി ഒന്നും തന്നെ ഈ സിനിമയിലും മഞ്ജു വാര്യറിന്റെ കഥാപാത്രത്തിനില്ല.

അനിയനും ചേച്ചിയും തമ്മിലുള്ള വഴക്കും സ്‌നേഹവും കാണുന്നവരിലേക്ക് അടിച്ചേല്‍പ്പിക്കുന്ന രീതിയിലാണ് അവര്‍ അഭിനയിക്കുന്നത്. വളരെ യങ്ങായ കഥാപാത്രമാവാന്‍ മഞ്ജു കഷ്ടപ്പെടുന്നതായാണ് പല സീനുകളിലും അനുഭവപ്പെടുന്നത്. സിനിമയിലെ പ്രധാന കഥാപാത്രമായിട്ട് പോലും ഒരു തരത്തിലും മഞ്ജുവിന് പ്രേക്ഷകരുമായി കണക്ട് ചെയ്യാന്‍ കഴിയുന്നില്ല.

അനാവശ്യമായി പല ഇടങ്ങളിലായി ഭാവങ്ങള്‍ കൊണ്ടു വരികയും, ക്യൂട്ടായി അനുഭവപ്പെടാനായി ആര്‍ട്ടിഫിഷ്യലായി ക്യൂട്ട്‌നസ് ക്രിയേറ്റ് ചെയ്യുന്നതും അരോചകമായാണ് അനുഭവപ്പെടുന്നത്. തമിഴ് ചിത്രങ്ങളായ തുനിവിലും അസുരനിലും താരത്തിന്റെ അഭിനയം പ്രശംസിനിയമാകുമ്പോള്‍ മലയാളത്തില്‍ യാതൊന്നും ചെയ്യാന്‍ മഞ്ജുവിന് കഴിയുന്നില്ല.

മലയാള സിനിമയില്‍ വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് അഭിനയ പരിചയമുള്ള അഭിനേത്രിയാണ് വെള്ളരിപട്ടണത്തിലെ മഞ്ജു വാര്യര്‍ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സുനന്ദ എന്ന മഞ്ജുവിന്റെ കഥാപാത്രത്തിന് വെള്ളിമൂങ്ങയിലെ മാമച്ചനായി നല്ല സാമ്യം തോന്നാം. എന്നാല്‍ മാമച്ചന്‍ എന്ന കഥാപാത്രത്തിന് ലഭിച്ച ഡെപ്ത്ത് പോലും മഞ്ജുവിന്റെ സുനന്ദക്കില്ല. തമിഴ് സിനിമകളോട് കാണിക്കുന്ന സൂഷ്മത മഞ്ജു വാര്യര്‍ മലയാള സിനിമയോട് കൂടെ കാണിക്കേണ്ടതുണ്ട്.

CONTENT HIGHLIGHT: ACTRESS MANJU WARRIER IN THE MOVIE VELLARIPATTANAM

We use cookies to give you the best possible experience. Learn more