| Thursday, 17th March 2022, 4:35 pm

പ്രളയത്തില്‍ കോസ്റ്റിയൂംസ് മുഴുവന്‍ നശിച്ചുപോയി, ഷൂട്ട് തുടങ്ങാന്‍ ഒരാഴ്ച മാത്രമുള്ളപ്പോഴാണ് സംഭവം അറിയുന്നത്; ലളിതം സുന്ദരം ഷൂട്ടിനെ കുറിച്ച് മധുവാര്യര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മഞ്ജു വാര്യര്‍- ബിജുമേനോന്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി മധു വാര്യര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ലളിതം സുന്ദരം. മാര്‍ച്ച് 18 ന് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെയാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.

20 വര്‍ഷത്തിന് ശേഷം മഞ്ജു-ബിജു മേനോന്‍ കോമ്പിനേഷനിലെത്തുന്ന ചിത്രം കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഒപ്പം മധു വാര്യരുടെ സംവിധാനത്തില്‍ മഞ്ജു അഭിനയിക്കുന്നു എന്നതും ചിത്രത്തിന്റെ ഹൈലൈറ്റാണ്.

ചിത്രത്തെ കുറിച്ചും ചിത്രീകരണ സമയത്ത് നേരിടേണ്ടി വന്ന ചില വെല്ലുവിളികളെ കുറിച്ചും സംസാരിക്കുകയാണ് മധു വാര്യര്‍. ഇന്ത്യന്‍ സിനിമ ഗാലറിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മധു വാര്യര്‍.

‘സിനിമയ്ക്ക് മധുരം എന്ന് ടൈറ്റില്‍ ഇടണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ അത് പറ്റിയില്ല. പണ്ട് ആ പേരില്‍ ഒരു സിനിമ ഇറങ്ങിയിരുന്നു. പിന്നെ അടുത്തിടെ ആ പേരില്‍ തന്നെ മറ്റൊരു സിനിമയും ഇറങ്ങി.

ഈ സിനിമയ്ക്ക് രണ്ട് ക്യാമറാമാന്‍മാര്‍ ഉണ്ട്. പി. സുകുമാറും ഗൗതം ശങ്കറും. രണ്ട് പേരുടേയും എക്‌സ്ട്രീമ് ലി എക്‌സലന്റ് വര്‍ക്കായിരുന്നു. ആദ്യത്തെ ഷെഡ്യൂള്‍ പി. സുകുമാര്‍ സാര്‍ ആണ് വര്‍ക്ക് ചെയ്തത്. രണ്ടാമത്തെ ഷെഡ്യൂള്‍ തുടങ്ങുന്നതിന് തലേ ദിവസം അദ്ദേഹത്തിന് കൊവിഡ് ബാധിച്ചു. അങ്ങനെ രാത്രി എട്ട് മണിക്കാണ് അടുത്ത ക്യാമറാമാനെ തപ്പുന്നത്. അങ്ങനെയാണ് ലാസ്റ്റ് മിനുറ്റില്‍ ഗൗതമിനെ കിട്ടുന്നത്.

അതുപോലെ കോസ്റ്റിയൂമിന്റെ കാര്യം. ആദ്യത്തെ ഷെഡ്യൂള്‍ കഴിഞ്ഞപ്പോള്‍ കോസ്റ്റിയൂം ഞങ്ങള്‍ ഞങ്ങളുടെ ഓഫീസില്‍ സ്റ്റോര്‍ ചെയ്തിട്ടുണ്ടായിരുന്നു. പിന്നെ ലോക്ക് ഡൗണ്‍ ആണല്ലോ, ആര്‍ക്കും അങ്ങോട്ട് പോകാനേ പറ്റിയില്ല. അപ്പോഴാണ് പ്രളയം വരുന്നത്. അങ്ങനെ വെള്ളം കേറി ആ കോസ്റ്റിയൂം മുഴുവന്‍ നശിച്ചു.

രണ്ടാമത്തെ ഷെഡ്യൂള്‍ തുടങ്ങുന്നതിന്റെ ഒരാഴ്ച മുന്‍പാണ് ഇത് ഞങ്ങള്‍ക്ക് മനസിലാകുന്നത്. കോസ്റ്റിയൂം എടുക്കാനായി പോയപ്പോഴാണ് കോസ്റ്റിയൂംസെല്ലാം പൊടിഞ്ഞുപോയിരിക്കുന്നത് കണ്ടത്. പ്രത്യേകിച്ച് കണ്ടിന്യുറ്റിയുള്ള കോസ്റ്റിയൂസൊക്കെയായിരുന്നു. പിന്നീട് അതെല്ലാം റീ ക്രിയേറ്റ് ചെയ്തു. മൊത്തത്തില്‍ കുറിച്ച് എഫേര്‍ട്ട് എടുക്കേണ്ടി വന്നു,’ മധുവാര്യര്‍ പറഞ്ഞു.

സഹോദരന്റെ സംവിധാനത്തില്‍ അഭിനയിക്കാന്‍ തീരുമാനിച്ചതിനെ കുറിച്ച് മഞ്ജു വാര്യരും അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ ഏറെ ഇഷ്ടപ്പെട്ടെന്നും ഈ ചിത്രം നമ്മുടേതാക്കണമെന്ന തോന്നലിലാണ് സിനിമ നിര്‍മിക്കാന്‍ തീരുമാനിച്ചതെന്നും മഞ്ജു വാര്യര്‍ പറഞ്ഞു.

ഇപ്പോള്‍ കുറേ ത്രില്ലര്‍ സിനിമകളൊക്കെ വന്നുകൊണ്ടിരിക്കുന്ന സമയമാണ്. അതിനിടയില്‍ ഒരു കുടുംബകഥ പറയുന്ന, കാണാന്‍ സുഖമുള്ള ഒരു സിനിമയാണ് ഇതെന്ന് തോന്നി. നമ്മുടെ ജീവിതത്തില്‍ നമ്മള്‍ കണ്ടുമറന്ന ചില കാര്യങ്ങള്‍ ഉണ്ട്. പലര്‍ക്കും ഇത് കണക്ട് ചെയ്യുമെന്നാണ് തോന്നുന്നത്, മഞ്ജു വാര്യര്‍ പറഞ്ഞു.

Content Highlight: Actress Manju warrier and Madhu Warrier about Lalitham Sundaram Shooting

We use cookies to give you the best possible experience. Learn more