14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയില്‍ തിരിച്ചെത്തിയപ്പോള്‍ പഴയ അതേ സ്‌നേഹം നല്‍കി ആരാധകര്‍ സ്വീകരിച്ച താരമാണ് നടി മഞ്ജു വാര്യര്‍. കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ് ഇന്ന് മഞ്ജു. മലയാളത്തിന് പുറമെ തമിഴിലും ബോളിവുഡിലും താരം തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. ആമിര്‍ പള്ളിക്കലിന്റെ സംവിധാനത്തിലൊരുങ്ങുന്ന ആയിഷയാണ് മഞ്ജുവിന്റെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം.
റിലീസിന് മുന്‍പ് തന്നെ വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു ആയിഷ. ചിത്രത്തില്‍ പ്രഭുദേവ കൊറിയോഗ്രഫി ചെയ്ത ‘കണ്ണില്‍ കണ്ണില്‍’ എന്ന് തുടങ്ങുന്ന ഗാനം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇതോടൊപ്പം തന്നെ ട്രോളന്‍മാരും ഈ ഗാനം ഏറ്റെടുത്തിരുന്നു. ചിത്രത്തിലെ മഞ്ജുവിന്റെ കോസ്റ്റിയൂമുമായി ചതിക്കാത്ത ചന്തുവെന്ന ചിത്രത്തിലെ സലിം കുമാറിന്റെ കഥാപാത്രത്തിനുള്ള സാദൃശ്യം പറഞ്ഞുകൊണ്ടുള്ള ട്രോളുകളായിരുന്നു അതില്‍ ഏറെയും.
പ്രഭുദേവയെപ്പോലൊരു വലിയ ആര്‍ടിസ്റ്റിനെ കൊണ്ടുവന്ന് കൊറിയോഗ്രാഫി ചെയ്തിട്ട് അവസാനം അതൊരു ട്രോള്‍ ആയിപ്പോയത് വിഷമം ഉണ്ടാക്കിയോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് മഞ്ജു വാര്യര്‍. ട്രോളുകളൊന്നും തനിക്ക് പുത്തരിയല്ലെന്നും സ്വയം ട്രോളുന്ന ആളാണ് താനെന്നുമാണ് മഞ്ജു പറയുന്നത്. ആയിഷ സിനിമയുടെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘ട്രോളൊന്നും പുത്തരിയല്ലല്ലോ, വിഷമമൊന്നും ആയില്ല. എന്നെ ആദ്യം ട്രോളിയത് ഞാന്‍ തന്നെയാണ്. അങ്ങനെ വിഷമമൊന്നും ഇല്ല. ട്രോളുന്നതൊക്കെ ഓരോരുത്തരുടേയും സ്വാതന്ത്ര്യം അല്ലേ. മറ്റുള്ളവരെ വിഷമിപ്പിക്കാത്ത രീതിയില്‍ ട്രോള്‍സ് ഉണ്ടാക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. അത് നിങ്ങള്‍ക്കുമുണ്ട്, എനിക്കുമുണ്ട്. അതിനെ ആ സ്പിരിറ്റിലെ ഞാന്‍ എടുത്തിട്ടുള്ളു,’ മഞ്ജു പറഞ്ഞു.
‘ചിത്രത്തിലെ ആ ഗാനം പ്രഭുദേവ സാറിന് ഞങ്ങള്‍ മുന്‍കൂട്ടി അയച്ചു കൊടുത്തിരുന്നു. അതിന് ശേഷം അദ്ദേഹം തന്നെ കൊറിയോഗ്രഫി സെറ്റ് ചെയ്ത് ഡാന്‍സേഴ്‌സിനെ ലൊക്കേഷനിലേക്ക് അയച്ചു.
ഷൂട്ടിന്റെ ഇടയില്‍ മൂന്നു നാലുദിവസം ഷോട്ടുകളുടെ ഇടയിലും ലഞ്ച് ബ്രേക്കിലും ഒഴിവു സമയങ്ങളിലുമൊക്കയാണ് അതിന്റെ സ്റ്റെപ്പുകള്‍ പഠിപ്പിച്ചു തന്നത്. പിന്നീട് പ്രഭുദേവ സാര്‍ ഒരു ദിവസം മുഴുവന്‍ കൂടെ നിന്ന് റിഹേഴ്‌സലും ചെയ്തു. മൂന്നു ദിവസമെടുത്താണ് ‘കണ്ണില് കണ്ണില്’ എന്ന ഗാനം ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്,’ മഞ്ജു പറഞ്ഞു.
പ്രേതഭവനം എന്ന് വിശേഷിപ്പിക്കുന്ന അല്‍ ഖസ് അല്‍ ഗാഖിദ് എന്ന കൊട്ടാരമാണ് ആയിഷയുടെ ലൊക്കേഷന്‍. ഗള്‍ഫില്‍ വീട്ടു ജോലിക്കെത്തുന്ന സ്ത്രീകളുടെ കഥയാണ് ആയിഷ പറയുന്നത്. മലയാളത്തിന് പുറമെ ആറു ഭാഷകളിലായിട്ടാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഈ മാസം 20നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.
Content Highlight: Actress Manju warrier About Pravhudeva and Ayisha movie song troll