| Tuesday, 10th January 2023, 1:29 pm

പ്രഭുദേവ എനിക്കൊരു ക്രേസ് ആയിരുന്നു, എന്റെ ആരാധനാപാത്രം; രക്തത്തില്‍ എഴുതിയ കത്തൊക്കെ അയച്ചിട്ടുണ്ട്: മഞ്ജു വാര്യര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മഞ്ജു വാര്യര്‍ പ്രധാന കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ആയിഷ. നവാഗതനായ ആമിര്‍ പള്ളിക്കലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ചിത്രത്തില്‍ പ്രഭുദേവ കൊറിയോഗ്രഫി ചെയ്ത ‘കണ്ണില് കണ്ണില്’ എന്ന ഗാനം പ്രേക്ഷക പ്രശംസ നേടിയിരുന്നു. ഗാനരംഗത്തിലെ മഞ്ജുവിന്റെ പെര്‍ഫോമന്‍സും പ്രഭുദേവയുടെ കൊറിയോഗ്രാഫിയുമായിരുന്നു വലിയ രീതിയില്‍ ആഘോഷിക്കപ്പെട്ടത്.

ആയിഷയുടെ ട്രെയ്ലര്‍ ലോഞ്ചില്‍ വെച്ച് തന്റെ ആരാധന പാത്രമായ പ്രഭുദേവയെ കുറിച്ച് സംസാരിക്കുകയാണ് മഞ്ജു വാര്യര്‍. പ്രഭുദേവയോട് തനിക്ക് എന്നും ഒരു ക്രേസ് ആയിരുന്നെന്നും തന്റെ സ്‌കൂള്‍ പഠന കാലത്ത് സ്വന്തം രക്തത്തില്‍ എഴുതിയ കത്ത് വരെ പ്രഭുദേവക്ക് അയച്ചിട്ടുണ്ടെന്നുമാണ് മഞ്ജു പറയുന്നത്. ആയിഷയില്‍ ഒരവസരം വന്നപ്പോള്‍ ധൈര്യം സംഭരിച്ചാണ് കൊറിയോഗ്രഫി ചെയ്യാമോ എന്ന് ചോദിച്ചതെന്നും മഞ്ജു പറയുന്നു.

‘എന്നെ അറിയുന്ന എല്ലാവര്‍ക്കും ഒരുപക്ഷെ അറിയാമായിരിക്കും കുട്ടികാലം തൊട്ടേ പ്രഭുദേവ എന്ന് പറയുന്ന വ്യക്തി എനിക്കൊരു ക്രേസ് ആയിരുന്നു. എന്റെ ആരാധന പാത്രമായിരുന്നു അദ്ദേഹം. ഞാന്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ ചോരയില്‍ എഴുത്തൊക്കെ എഴുതി അയച്ചിട്ടുണ്ട്. എനിക്ക് അദ്ദേഹത്തോട് അത്രയും വലിയ ആരാധന ആയിരുന്നു.

കുറെ വര്‍ഷങ്ങളുടെ ആഗ്രഹങ്ങള്‍ക്കൊടുവില്‍ ഈ സിനിമയിലൊരു പാട്ടിനു അവസരമുണ്ടെന്ന് കണ്ടപ്പോള്‍ ഞാന്‍ ധൈര്യം സംഭരിച്ച് അദ്ദേഹത്തോട് ചോദിക്കുകയായിരുന്നു. സാറിനിത് കൊറിയോഗ്രഫി ചെയ്യാന്‍ പറ്റുമോയെന്ന്. ഒട്ടും ആലോചിക്കാതെയാണ് അദ്ദേഹം അപ്പോള്‍ത്തന്നെ ‘പിന്നെന്താ ചെയ്യാം’ എന്ന് പറഞ്ഞത്.

അതിനു ശേഷം പിന്നെ അതിന്റെ തയ്യാറെടുപ്പില്‍ ആയിരുന്നു. സാറിന്റെ കൊറിയോഗ്രഫിയ്ക്ക് ചേരുന്ന അത്രയും വലിയ ഒരു പാട്ട് സൃഷ്ടിക്കാനുള്ള ശ്രമത്തിലായിരുന്നു പിന്നെ എല്ലാവരും. അതില്‍ ഏറ്റവും കൂടുതല്‍ ഞാന്‍ ഓര്‍ക്കുന്നത് എം.ജയചന്ദ്രന്‍ സാറിനെയാണ്. ഞങ്ങളുടെയൊക്കെ അഭിപ്രായങ്ങള്‍ മുഖവിലക്കെടുത്ത്, ഞങ്ങള്‍ നിര്‍ദ്ദേശ്ശിക്കുന്ന ചെറിയ മാറ്റങ്ങള്‍ അടക്കം പൂര്‍ണ മനസോടെ ഉള്‍കൊണ്ടുകൊണ്ടാണ് ഇന്ന് നമ്മള്‍ കേള്‍ക്കുന്ന ‘കണ്ണില് കണ്ണില്’ എന്ന ഗാനം അദ്ദേഹം തയ്യാറാക്കി തന്നത്.’മഞ്ജു വാര്യര്‍ പറഞ്ഞു.

മലയാളത്തിന് പുറമെ ആറു ഭാഷകളിലായിട്ടാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന് വേണ്ടി മഞ്ജു അറബിഭാഷ പഠിച്ചിരുന്നു. ഈ മാസം 20നാണ് ചിത്രം റിലീസിനൊരുങ്ങുന്നത്.

Content Highlight: Actress Manju Warrier about Prabhudeva

We use cookies to give you the best possible experience. Learn more