| Tuesday, 24th January 2023, 7:51 pm

സുരേഷേട്ടന്റെ ആ സിനിമയില്‍ കാണുന്നത് ശരിക്കുമുള്ള എന്റെ റിയാക്ഷനാണ്, സത്യമായിട്ടും ഞാന്‍ ഞെട്ടിയതാണ്: മഞ്ജു വാര്യര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തനിക്ക് വലിയ ശബ്ദങ്ങള്‍ പേടിയാണെന്ന് നടി മഞ്ജു വാര്യര്‍. പടക്കത്തിനും വെടിക്കെട്ടിനൊക്കെയുണ്ടാവുന്ന ബ്ലാസ്റ്റ് സൗണ്ട് തനിക്ക് ചെറുപ്പം മുതലെ പേടിയാണെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു.

പത്രം സിനിമയില്‍ താന്‍ തോക്കു ചൂണ്ടി നില്‍ക്കുന്ന സീനില്‍ വെടിപൊട്ടുമ്പോഴുള്ള എക്‌സ്പ്രഷന്‍ ഒറിജിനലാണെന്ന് മഞ്ജു പറഞ്ഞു. തോക്ക് പൊട്ടിക്കില്ലെന്നും ഞെട്ടുന്ന പോലെ അഭിനയിച്ചാല്‍ മതിയെന്നായിരുന്നു തന്നോട് പറഞ്ഞിരുന്നതെന്നും എന്നാല്‍ ശരിക്കും തന്റെ പുറകില്‍ നിന്നും അവര്‍ പൊട്ടിച്ചുവെന്നും നടി പറഞ്ഞു.

അതില്‍ കാണുന്ന റിയാക്ഷന്‍ ഒറിജിനലാണെന്നും താന്‍ അഭിനയിച്ചതല്ലെന്നും താരം പറഞ്ഞു. റെഡ് എഫ്. എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”എനിക്ക് വലിയ ശബ്ദങ്ങള്‍ പേടിയാണ്. അതായത്, പടക്കങ്ങള്‍, വെടിക്കെട്ട്, വെടി വഴിപാട് തുടങ്ങിയവയൊക്കെ പേടിയാണ്. ബ്ലാസ്റ്റ് സൗണ്ടൊക്കെ എനിക്ക് ഭയങ്കര പേടിയാണ്. കുട്ടിക്കാലം തൊട്ടേ അത് അങ്ങനെയാണ്.

തുനിവില്‍ അതിന് വേണ്ട പ്രൊട്ടക്ഷന്‍ ഒക്കെ എടുത്തിരുന്നു. അജിത്ത് സാറിന് അത് നിര്‍ബന്ധമായിരുന്നു. പത്രം എന്ന സിനിമയില്‍ ഇതുപോലെ ഞാന്‍ പേടിച്ചിരുന്നു. അതില്‍ എന്റെ കഥാപാത്രം വര്‍ഗീസ് ഏട്ടന്റെ കഥാപാത്രത്തെ തോക്ക് ചൂണ്ടി നില്‍ക്കുന്ന സീനുണ്ട്. പേടിച്ച് കണ്ണടച്ചാണാ തോക്ക് ചൂണ്ടിയത്. അപ്പോള്‍ പുറകില്‍ നിന്നും സുരേഷേട്ടന്‍ വെടി വെക്കുന്നതാണ് സീന്‍.

ആ സീന്‍ എടുത്ത് നോക്കിയാല്‍ കാണുന്നവര്‍ക്ക് മനസിലാകും. അതില്‍ ഞാന്‍ പേടിച്ചത് ഒറിജിനലായാണ്. അയ്യോ പൊട്ടിക്കല്ലെ എനിക്ക് പേടിയാണെന്ന് പറഞ്ഞ് ചെവി പൊത്തിയാണ് ഞാന്‍ നിന്നത്.

പൊട്ടിക്കില്ല, അഭിനയിച്ചാല്‍ മതി എന്നായിരുന്നു ജോഷിയേട്ടന്‍ പറഞ്ഞത്. പക്ഷെ ജോഷി സാര്‍ ഗണ്ണ് എടുത്ത് പുറകെ വെച്ചു. എന്നിട്ട് ഞാന്‍ ഞെട്ടുന്നത് പോലെ അഭിനയിക്കാന്‍ നില്‍ക്കുമ്പോള്‍ ബാക്കില്‍ നിന്നും ജോഷിസാര്‍ ഒറ്റപൊട്ടിക്കലാണ്. അതിലുള്ള റിയാക്ഷന്‍ എന്റെ സത്യമായിട്ടുള്ള റിയാക്ഷനാണ്. ശരിക്കും ഞാന്‍ ഞെട്ടിയതാണ്,” മഞ്ജു വാര്യര്‍ പറഞ്ഞു.

CONTENT HIGHLIGHT: ACTRESS MANJU WARRIER ABOUT PATHRAM MOVIE

We use cookies to give you the best possible experience. Learn more