ഒരു പതിറ്റാണ്ടുകാലത്തെ ഇടവേളയ്ക്കുശേഷം വീണ്ടും മലയാളസിനിമയില്‍ തിരിച്ചെത്തിയിരിക്കുകയാണ് നടി നവ്യ നായര്‍. വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’യിലൂടെയാണ് നവ്യയുടെ രണ്ടാംവരവ്. ഈ മാസം 18നാണ് ചിത്രം തിയേറ്ററിലെത്തുന്നത്.
സിനിമയിലേക്കുള്ള തിരിച്ചുവരവിന് തനിക്ക് പ്രചോദനമായ വ്യക്തിയെ കുറിച്ച് അടുത്തിടെ നവ്യ തുറന്നു പറഞ്ഞിരുന്നു. സിനിമയിലേക്കുള്ള തന്റെ തിരിച്ചുവരവിന് പ്രചോദനമായത് മഞ്ജു വാര്യര്‍ ആണെന്നായിരുന്നു നവ്യ പറഞ്ഞത്. മഞ്ജു ചേച്ചി പൊളിയാണെന്നും അഭിമുഖത്തില്‍ നവ്യ പറഞ്ഞിരുന്നു.
ഇപ്പോള്‍ നവ്യയ്ക്കും പുതിയ ചിത്രത്തിനും ആശംസകള്‍ നേര്‍ന്ന് എത്തുകയാണ് മഞ്ജു വാര്യര്‍. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം നവ്യ തിരിച്ചെത്തിയിരിക്കുകയാണെന്നും നവ്യയുടെ കാര്യത്തില്‍ തനിക്ക് സന്തോഷമുണ്ടെന്നുമായിരുന്നു മഞ്ജു വാര്യര്‍ പറഞ്ഞത്.
‘നവ്യയുടെ കാര്യത്തില്‍ എനിക്ക് സന്തോഷമുണ്ട്. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം നവ്യ വീണ്ടും സിനിമ ചെയ്യുകയാണ്. ആ സിനിമ ഞാനും കാണാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ചില തിരക്കുകള്‍ക്കിടയില്‍ പോകാന്‍ സമയം കിട്ടാത്തതുകൊണ്ടാണ്.
എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുമുള്ള എല്ലാ ആശംസകളും ഞാന്‍ നവ്യയെ അറിയിക്കുകയാണ്. ഇത് ഒരു മീഡിയയുടെ മുന്‍പില്‍ ഫോര്‍മല്‍ ആയി പറയുന്നു എന്നേയുള്ളൂ. അല്ലാതെ തന്നെ നവ്യയുടെ സന്തോഷം മാത്രമാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്ന് നവ്യയ്ക്കും അറിയാം,’ മഞ്ജു വാര്യര്‍ പറഞ്ഞു.
മീര ജാസ്മിന്‍, നവ്യ നായര്‍, ഭാവന എന്നിവരുടെ തിരിച്ചു വരവില്‍ താന്‍ ഒരുപാട് സന്തുഷ്ടയാണെന്നും, നവ്യ നായരുടെ തിരിച്ചു വരവില്‍ താന്‍ പ്രചോദനമായിരുന്നില്ലെന്നും മഞ്ജു വാര്യര്‍ പറയുന്നുണ്ട്.
‘മീര ജാസ്മിന്‍, നവ്യ നായര്‍, ഭാവന ഇവരെല്ലാം എന്റെ വളരെ അടുത്ത സുഹൃത്തുക്കളാണ്. അവരൊക്ക സിനിമ ചെയ്യുന്നത് കാണുമ്പോള്‍ സന്തോഷമാണ്.
നവ്യ എന്നോടുള്ള സ്‌നേഹം കാരണം പറയുന്നതാണ്. നവ്യ നായരുടെ തിരിച്ചു വരവില്‍ ഞാന്‍ പ്രചോദനമായിരുന്നില്ല. നവ്യയ്ക്ക് സിനിമ ചെയ്യണമെന്ന സ്പാര്‍ക്കില്ലാതെ അത് സംഭവിക്കില്ലായിരുന്നു. അതുകൊണ്ട് അതിന്റെ ക്രെഡിറ്റുകളെല്ലാം നവ്യയ്ക്ക് തന്നെയാണ്, എനിക്കല്ല,’ മഞ്ജു പറയുന്നു. ലളിതം സുന്ദരം എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെയായിരുന്നു നവ്യയെ കുറിച്ചുള്ള ചോദ്യത്തോട് മഞ്ജു പ്രതികരിച്ചത്.
ജീവിതത്തില്‍ നേരിടുന്ന പ്രതിസന്ധികളെ മനോധൈര്യംകൊണ്ട് നേരിടുന്ന സാധാരണക്കാരിയായ വീട്ടമ്മയുടെ കഥപറയുന്ന ചിത്രത്തില്‍ രാധാമണിയെന്ന കേന്ദ്രകഥാപാത്രമായാണ് നവ്യ നായര്‍ വീണ്ടും ബിഗ് സ്‌ക്രീനിലെത്തുന്നത്. പെണ്‍പോരാട്ടത്തിന്റെ കഥപറയുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ഏവരും നോക്കിക്കാണുന്നത്.
കുടുംബ പശ്ചാത്തലത്തില്‍ അതീജീവനത്തിന്റെയും സ്‌നേഹബന്ധങ്ങളുടെയും കഥയാണ് ചിത്രം പറയുന്നത്. കെ.പി.എ.സി. ലളിത അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണിത്. വിനായകന്‍, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂര്‍, അരുണ്‍ നാരായണ്‍, മുകുന്ദന്‍, ജയശങ്കര്‍ കരിമുട്ടം, മനു രാജ്, മാളവിക മേനോന്‍, ചാലി പാല എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
Content Highlight: Actress manju Warrier About Navya Nair