എന്റെ കൂടെ അഭിനയിക്കാന്‍ ലാലേട്ടന് ഇഷ്ടമില്ലാത്തതുകൊണ്ടാണെന്ന് തോന്നി: മഞ്ജു വാര്യര്‍
ആറാം തമ്പുരാന് എന്ന സിനിമയില്‍ അഭിനയിക്കാനായി എത്തിയപ്പോഴുണ്ടായ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നടി മഞ്ജുവാര്യര്‍. മോഹന്‍ലാലിനൊപ്പം ആദ്യമായി ഒരു സിനിമയില്‍ അഭിനയിക്കുന്നതിലുപരി അദ്ദേഹത്തെ നേരിട്ട് കാണാമല്ലോ എന്നായിരുന്നു തന്റെ ഏറ്റവും വലിയ സന്തോഷമെന്നായിരുന്നു അമൃത ടി.വിയിലെ പരിപാടിയില്‍ മഞ്ജു പറഞ്ഞത്.
എന്നാല്‍ സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കെ അദ്ദേഹം വളരെ ഈസിയായി ചില സീനുകളില്‍ അഭിനയിക്കുന്നത് തന്നില്‍ തെറ്റിദ്ധാരണയുണ്ടാക്കിയെന്നും തനിക്കൊപ്പം അഭിനയിക്കാന്‍ ലാലേട്ടന് ഇഷ്ടമല്ലേ എന്നുപോലും ഒരു ഘട്ടത്തില്‍ തോന്നിയെന്നാണ് മഞ്ജു പറയുന്നത്. എന്നാല്‍ ഷൂട്ട് കഴിഞ്ഞ് ഡബ്ബിങ് തിയേറ്ററില്‍ സിനിമ കണ്ടപ്പോഴാണ് ലാല്‍ മാജിക് എന്താണെന്ന് താന്‍ തിരിച്ചറിഞ്ഞതെന്നും മഞ്ജു പറഞ്ഞു.
‘ ഇപ്പോഴും ലാലേട്ടന് മുന്പില് നില്‍ക്കുമ്പോഴും ഒരു സീനില്‍ അഭിനയിക്കുമ്പോഴും എനിക്ക് അന്നുണ്ടായ അതേ വിറയലും പേടിയുമൊക്കെയുണ്ട്. വേറൊരു സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആറാം തമ്പുരാനിലേക്ക് എനിക്ക് ക്ഷണം വരുന്നത്. അന്ന് എല്ലാവരും എന്നെ അഭിനന്ദിച്ചു. ഏറ്റവും വലിയ കാര്യമല്ലേ നടക്കാന്‍ പോകുന്നത് എന്ന് പറഞ്ഞു.
അന്നുവരെ ഞാന്‍ ലാലേട്ടനെ നേരിട്ട് കണ്ടിട്ടില്ല. സിനിമ ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ അദ്ദേഹത്തെ നേരിട്ട് കാണാന്‍ പറ്റുമല്ലോ എന്ന എക്സൈറ്റ്മെന്റായിരുന്നു എനിക്ക്. സെറ്റില്‍ വന്നപ്പോഴും ഞാന്‍ ലാലേട്ടനോട് ഒരുപാട് സ്നേഹത്തോടെ സംസാരിക്കും. അപ്പോഴും ഞാന്‍ ദൂരെ മാറിനിന്ന് പേടിയോടെയും ബഹുമാനത്തോടെയുമാണ് അദ്ദേഹത്തെ കണ്ടുനിന്നത്.
എന്നാല്‍ സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ ലാലേട്ടന് വളരെ ലാഘവത്തോടെ, ഈസിയായിട്ടാണ് ചെയ്യുന്നത്. ഞാന്‍ പുതിയ ആളായാതുകൊണ്ട് എന്റെ കൂടെ അഭിനയിക്കാന്‍ ഇഷ്ടമില്ലാത്തതുകൊണ്ടാണോ ഇങ്ങനെ ചെയ്യുന്നതെന്ന് തോന്നി. വെറുതെ തോന്നിയതാണ്. എന്നാല്‍ അതിന് ശേഷം അതേ സീന്‍ ഡബ്ബിങ് തിയേറ്ററില്‍ കണ്ടപ്പോഴാണ് ലാല്‍ മാജിക് എന്താണെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്.
കണ്മുന്നില് കണ്ടതിലും പതിനായിരം മടങ്ങ് സ്ക്രീനില്‍ അത് റീ പ്രൊഡ്യൂസ് ചെയ്ത് കാണുക എന്ന മാജിക് ഞാന്‍ നേരിട്ട് കണ്ടത് ആറാം തമ്പുരാന്റെ ഷൂട്ടിനിടയിലാണ്,’ മഞ്ജു പറഞ്ഞു.
അതുപോലെ ഒരു മാജിക്കുള്ള കുട്ടിയാണ് മഞ്ജു വാര്യര്‍ എന്നായിരുന്നു ഇതിനോടുള്ള മോഹന്‍ലാലിന്റെ മറുപടി. നമ്മള് കാണുന്ന ഈ മഞ്ജുവല്ല ഒരു സീന്‍ ചെയ്യുന്ന സമയത്തെന്നും അങ്ങനെ സാധിക്കുന്നത് ഒരു ഭാഗ്യവും അത്ഭുതവുമാണെന്നുമായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്.
ആറാം തമ്പുരാനില്‍ മഞ്ജുവിന്റെ കഥാപാത്രമായ ഉണ്ണിമായയെ ജഗന്നാഥന് ആദ്യമായി കണ്ടുമുട്ടുന്ന സീനില്‍ മഞ്ജുവിന്റെ പെര്‍ഫോമന്‍സ് കണ്ട് താന്‍ ഞെട്ടിപ്പോയെന്നും മോഹന്‍ലാല്‍ പറഞ്ഞു.
വിസ്മയം എന്ന വാക്ക് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ലാലേട്ടനെ ബന്ധപ്പെടുത്തിയാണെന്നും അത് അക്ഷരാര്‍ത്ഥത്തില്‍ തെളിയിക്കുന്ന സ്ക്രീന്‍ പ്രസന്‍സും മാജിക്കുമാണ് അദ്ദേഹത്തില്‍ നിന്ന് വരികയെന്നും മഞ്ജു പറഞ്ഞു. എല്ലാ വിശേഷണങ്ങള്‍ക്കും ഏറ്റവും അര്‍ഹനായ ആളാണ് അദ്ദേഹം. മോഹന്‍ലാല്‍ എന്ന സിനിമയില്‍ ലാല്‍ ആരാധികയായി ഞാന്‍ അഭിനയിച്ചു. എനിക്ക് എഫേര്‍ട്ട് എടുത്ത് അഭിനയിക്കേണ്ടി വന്നിട്ടില്ല. മലയാളികളായ എല്ലാവരും ലാലേട്ടനെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്നവരാണ്, മഞ്ജു പറഞ്ഞു.
Content Highlight: Actress Manju warrier about Mohanlal magic and his attittude