| Thursday, 17th March 2022, 8:20 pm

മോഹന്‍ലാലിനൊപ്പം അഭിനയിക്കുമ്പോള്‍ അക്കാര്യത്തില്‍ പേടി വേണ്ടാ: മഞ്ജു വാര്യര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മഞ്ജു വാര്യര്‍. തന്മയീഭാവത്തോടെ തന്റെ കഥാപാത്രങ്ങള്‍ അഭിനയിച്ച് ഫലിപ്പിച്ചാണ് താരം മോളിവുഡില്‍ തന്റെ സ്ഥാനം അടിവരയിട്ടുറപ്പിച്ചത്. പതിനേഴാം വയസില്‍ അഭിനയരംഗത്തേക്ക് കടന്നുവന്ന താരം ഇപ്പോള്‍ പുതിയ സിനിമയുമായാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.

തന്റെ പുതിയ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് താരം. ജിഞ്ചര്‍ മീഡിയയോടാണ് താരം മനസുതുറക്കുന്നത്.

സിനിമയുടെ പേര് പോലെ തന്നെ ലളിതവും സുന്ദരവുമായ ചിത്രമാണിതെന്നും ചേട്ടന്റെ കഥയില്‍ ഇഷ്ടപ്പെട്ട കഥാപാത്രം ഉണ്ടാക്കിയെടുത്തതല്ലെന്നും, സംഭവിച്ചുപോയ ഒന്നാണെന്നും മഞ്ജു പറയുന്നു.

”സിനിമയുടെ പേര് പോലെ തന്നെ ലളിതവും സുന്ദരവുമായ ഒരു ചിത്രമാണിത്. ചെറിയ സിനിമയാണ്. കണ്ടാല്‍ സന്തോഷം തോന്നുന്ന ഒരു സിനിമയാണ്.

ചേട്ടന് ഇഷ്ടപ്പെട്ട ഒരു കഥയില്‍ എനിക്ക് പറ്റിയ കഥാപാത്രം ഉണ്ടായിരുന്നത് കൊണ്ട് എന്നെ വിളിച്ചു. അത്രയെ ഉള്ളു. അല്ലാതെ ഞങ്ങള്‍ ഒരുമിച്ചിരുന്ന് പ്ലാന്‍ ചെയ്ത് ഉണ്ടാക്കി എടുത്ത ഒരു സിനിമയല്ലയിത്. സംഭവിച്ച് പോയ ഒരു സിനിമയാണിത്,” താരം പറയുന്നു.

മോഹന്‍ലാലിന്റെ സിനിമയോടുള്ള ഡെഡിക്കേഷനെ കുറിച്ചും താരം അഭിമുഖത്തില്‍ പറയുന്നുണ്ട്.

”ഞാനും ലാലേട്ടനും ഒരുപാട് സിനിമകളൊന്നും ചെയ്തിട്ടില്ല. ഏഴോ എട്ടോ സിനിമകള്‍ മാത്രമേ ആകെ ചെയ്തിട്ടുള്ളൂ. അദ്ദേഹത്തെ കുറിച്ച് പറയുകയാണെങ്കില്‍ ദൈവം അനുഗ്രഹിച്ച് വിട്ട ഒരു കലാകാരനാണ്.

അദ്ദേഹത്തിന് കിട്ടിയ ആ ഒരു കഴിവിനെ ഒരുപാട് വാല്യു ചെയ്യുന്ന ഒരാളാണ് ഞാന്‍. അദ്ദേഹം ജോലിയോട് കാണിക്കുന്ന ആത്മാര്‍ഥത, സമയനിഷ്ഠ സിനിമയോടുള്ള ഡെഡിക്കേഷന്‍, സമയം പാലിക്കാനുള്ള ഒരു ഡിസിപ്ലിന്‍. ഇതെല്ലാം എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്.

എന്നെ സംബന്ധിച്ച് എനിക്ക് തോന്നിയത് ലാലേട്ടന്റെ സിനിമകളില്‍ എനിക്ക് കിട്ടുന്ന കഥാപാത്രം ഒരിക്കലും ചെറുതാണന്നോ പ്രാധാന്യം കുറഞ്ഞുപോയെന്നോ തോന്നിപ്പിക്കാത്ത രീതിയിലുള്ള നല്ല കഥാപാത്രങ്ങളാണ് എനിക്കായി മാറ്റി വെക്കപ്പെടാറുള്ളത്.

എന്നെ സംബന്ധിച്ച് ഏറ്റവും സ്പെഷ്യലുമതാണ്. അപ്പോള്‍ ലാലേട്ടന്റെ സിനിമയില്‍ ഒരിക്കലും ഓവര്‍ ഷാഡോ ആയി പോവുമെന്നോ; അങ്ങനെയുള്ള ഒരു പേടിയുമില്ലാതെ അദ്ദേഹത്തിന്റെ കൂടെ എനിക്ക് പോയി അഭിനയിക്കാം,”മഞ്ജു വാര്യര്‍ പറഞ്ഞു.

താന്‍ ഈ സിനിമയുടെ പ്രൊഡ്യൂസറാണെന്ന് ആരെങ്കിലും ഓര്‍മിപ്പിക്കുമ്പോഴാണ് തനിക്ക് ഓര്‍മ വരുന്നതെന്നും, പ്രൊഡ്യൂസറാണെന്ന ടെന്‍ഷന്‍ ഇല്ലാതിരുന്നതിന് കാരണം സിനിമയിലുള്ള തന്റെ അണിയറ പ്രവര്‍ത്തകരാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

”ഞാന്‍ ഈ സിനിമയുടെ പ്രൊഡ്യൂസറാണെന്ന് ഓര്‍ക്കാറില്ല. പ്രൊഡ്യൂസര്‍ എന്നുള്ളത് ആരും ഇങ്ങോട്ടും ഓര്‍മിപ്പിക്കാറില്ല ഞാന്‍ ഓര്‍ക്കാറുമില്ല.

പ്രൊഡ്യൂസറാണെന്ന ടെന്‍ഷന്‍ ഞാന്‍ അറിഞ്ഞിട്ടില്ല, അറിയിച്ചിട്ടുമില്ല. അതിന് കാരണം സിനിമയിലുള്ള എന്റെ അണിയറ പ്രവര്‍ത്തകരാണ്. മാത്രമല്ല, ടെന്‍ഷനുള്ള ഘടകങ്ങള്‍ ഈ സിനിമയില്‍ അധികമുണ്ടായിരുന്നില്ല. സിനിമയില്‍ പ്രവര്‍ത്തിച്ചവരെല്ലാം ഈ സിനിമ നന്നാവണം എന്നാഗ്രഹമുള്ളവരായിരുന്നു. എന്നാല്‍ കൊവിഡ് കാലത്തെ ഷൂട്ടിംഗിനെ കുറിച്ച് ടെന്‍ഷനുണ്ടായിരുന്നു,”താരം പറഞ്ഞു.

മഞ്ജു വാര്യര്‍, ബിജു മേനോന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാവുന്ന ലളിതം സുന്ദരം എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. മധു വാര്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ലളിതം സുന്ദരം.

സൈജു കുറുപ്പ്, ദീപ്തി സതി, അനു മോഹന്‍, ദിലീഷ് പോത്തന്‍, ബേബി തെന്നല്‍ എന്നിവര്‍ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കൊച്ചുമോനൊപ്പം മഞ്ജു വാര്യരും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ബിജിപാല്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ബി.കെ. ഹരിനാരായണനാണ് ഗാനരചന നിര്‍വഹിക്കുന്നത്. സിനിമ മാര്‍ച്ച് 18ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്യും

Content Highlight: Actress Manju Warrier about Mohanlal and her upcoming movie Lalitham Sundaram

We use cookies to give you the best possible experience. Learn more