തിരക്കഥാകൃത്തും സംവിധായകനുമായ ലോഹിതദാസിന്റെ ഓര്‍മ്മകളുമായി നടി മഞ്ജു വാര്യര്‍. ലോഹിതദാസ് ഉണ്ടായിരുന്നെങ്കില്‍ കൊവിഡ് കാലത്തെയും ലോക്ഡൗണിനെയും കുറിച്ച് എന്തായിരിക്കും പറയുകയെന്ന് താന്‍ ആലോചിച്ചു പോകുകയാണെന്ന് മഞ്ജു വാര്യര്‍ ഫേസ്ബുക്കിലെഴുതി.
‘ഇന്നലെയും ആലോചിച്ചു… ലോഹിസാര്‍ ഉണ്ടായിരുന്നുവെങ്കില്‍ ഈ കാലം എങ്ങനെ നീന്തിക്കടക്കുമായിരുന്നെന്ന്. വള്ളുവനാട്ടിലിരുന്ന് ഈ ലോകത്തോടായി അദ്ദേഹം ചിലപ്പോള്‍ ഇങ്ങനെയായിരിക്കാം പറയുക, ‘ഇപ്പോഴാണ് നമ്മള്‍ അക്ഷരാര്‍ഥത്തില്‍ ‘അണു’കുടുംബങ്ങളായത് ‘!
ഉറപ്പാണ്, കഥകള്‍ക്കു വേണ്ടിയായിരിക്കും സഹജമായ കൗതുകത്തോടെയുള്ള അദ്ദേഹത്തിന്റെ അന്വേഷണം. മനുഷ്യര്‍ ‘തനിയാവര്‍ത്തന ‘ത്തിലെ ബാലന്‍ മാഷിനെപ്പോലെ വീട്ടിനുള്ളില്‍ തളച്ചിടപ്പെട്ട നാളുകളില്‍ തനിക്ക് മാത്രം സാധ്യമാകുന്ന സര്‍ഗാത്മക വൈഭവത്തോടെ ലോഹി സാര്‍ ജീവിതാവസ്ഥകളെ മനസിലേക്ക് ഒപ്പിയേനെ.
തൂവലുകളുഴിഞ്ഞ് കഥയുടെ കൊട്ടാരങ്ങള്‍ തീര്‍ക്കുന്ന, കരിങ്കല്ലുപോലൊരു കാലത്തില്‍ നിന്ന് കന്മദം കണ്ടെത്തുന്ന ജാലവിദ്യ അപ്പോള്‍ നമുക്ക് കാണാനാകുമായിരുന്നു. നഷ്ടവേദനയോടെ ലോഹി സാറിന്റെ ഓര്‍മകള്‍ക്ക് പ്രണാമം,’ മഞ്ജു വാര്യരുടെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. കന്മദം ഷൂട്ടിംഗ് സെറ്റില്‍ നിന്നുള്ള ലോഹിതദാസിനൊപ്പമുള്ള ചിത്രവും മഞ്ജു പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
നടന്‍ പൃഥ്വിരാജും ലോഹിതദാസിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചിരുന്നു. നടനെന്ന നിലയില്‍ തന്നെ ഏറെ സ്വാധീനിച്ച വ്യക്തിയാണ് ലോഹിതദാസെന്നും അദ്ദേഹവുമായി ചെയ്യാനിരുന്ന സിനിമ നടക്കാതെ പോയത് ജീവിതത്തിലെ വലിയ നഷ്ടമാണെന്നും പൃഥ്വിരാജ് പറഞ്ഞു.
‘നടനെന്ന നിലയില്‍ എന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തികളിലൊരാളായിരുന്നു ലോഹി സര്‍. അദ്ദേഹത്തോടൊപ്പം ചെയ്ത ആ ഒരൊറ്റ ചിത്രത്തിലൂടെ എന്റെ കഴിവിന്റെ നിരവധി വശങ്ങള്‍ കണ്ടെത്താന്‍ എനിക്ക് സാധിച്ചു.
മറ്റൊരു ചിത്രം ആരംഭിക്കാനിരിക്കേ ലോഹി സര്‍ എന്നന്നേക്കുമായി വിട പറഞ്ഞത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നാണ്. നിങ്ങള്‍ എന്നെന്നും ഞങ്ങളുടെ ഹൃദയങ്ങളിലുണ്ടാകും. നിങ്ങളൊരു ഇതിഹാസം തന്നെയാണ്,’ പൃഥ്വിരാജ് ഫേസ്ബുക്കിലെഴുതി.
തനിയാവര്‍ത്തനം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തിരക്കഥാകൃത്തായി എത്തിയ ലോഹിതദാസ് 35 സിനിമകള്‍ക്ക് തിരക്കഥയൊരുക്കിയിട്ടുണ്ട്. 1997ലിറങ്ങിയ ഭൂതക്കണ്ണാടിയാണ് ലോഹിതദാസ് ആദ്യമായി സംവിധാനം ചെയ്ത സിനിമ. പിന്നീട് കാരുണ്യം, ജോക്കര്‍, കസ്തൂരിമാന്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തു.
സിനിമയില്‍ തിരിച്ചുവരവിനൊരുങ്ങുന്ന സമയത്ത് 2009ലാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ലോഹിതദാസ് മരണപ്പെട്ടത്.