ആ സിനിമയില്‍ അഭിനയിക്കേണ്ടത് ഞാനായിരുന്നു, എനിക്ക് പകരമാണ് ഐശ്വര്യ റായ് അഭിനയിച്ചത്: മഞ്ജു വാര്യര്‍
Entertainment news
ആ സിനിമയില്‍ അഭിനയിക്കേണ്ടത് ഞാനായിരുന്നു, എനിക്ക് പകരമാണ് ഐശ്വര്യ റായ് അഭിനയിച്ചത്: മഞ്ജു വാര്യര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 20th January 2023, 11:07 pm

രാജീവ് മേനോന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് കണ്ടുകൊണ്ടേയ്ന്‍ കണ്ടുകൊണ്ടേയ്ന്‍. മമ്മൂട്ടി, അജിത്ത് കുമാര്‍, ഐശ്വര്യ റായ്, തബു, അബ്ബാസ് തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

സിനിമയില്‍ ഐശ്വര്യ റായ് അവതരിപ്പിച്ച മീനാക്ഷി എന്ന കഥാപാത്രം ചെയ്യാനായി സംവിധായകന്‍ ആദ്യം സമീപിച്ചത് തന്നെയായിരുന്നുവെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു. ആ സമയത്ത് താന്‍ ബാക്ക് ടു ബാക്ക് സിനിമകള്‍ ചെയ്ത് കൊണ്ടിരിക്കുകയായിരുന്നുവെന്നും അതുകൊണ്ടാണ് തനിക്ക് അഭിനയിക്കാന്‍ കഴിയാതിരുന്നതെന്നും മഞ്ജു പറഞ്ഞു. റെഡ് എഫ്. എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”അസുരന് മുമ്പും എനിക്ക് ഒരുപാട് തമിഴ് സിനിമകളില്‍ നിന്നും ഓഫര്‍ വന്നിട്ടുണ്ടായിരുന്നു. കുറേ ഓഫര്‍ ലഭിച്ചു. പല കാരണങ്ങള്‍ കൊണ്ട് അത് നടന്നില്ല. പല പല കാരണങ്ങളുണ്ടായിരുന്നു. മലയാളത്തില്‍ ആ സമയത്ത് ബാക്ക് ടു ബാക്ക് സിനിമകള്‍ ചെയ്തുകൊണ്ടിരിക്കുന്ന സമയമായിരുന്നു. അതുകൊണ്ട് തന്നെ ഡേറ്റിന്റെ പ്രശ്‌നമായിരുന്നു കൂടുതല്‍ വന്നിരുന്നത്.

കണ്ടുകൊണ്ടേയ്ന്‍ കണ്ടുകൊണ്ടേയ്ന്‍ ആണ് ഇപ്പോള്‍ എനിക്ക് പെട്ടെന്ന് ഓര്‍മ വരുന്നത്. അത് എനിക്ക് പകരം ഐശ്വര്യ റായ് അഭിനയിച്ചു. ഇന്ന് എനിക്ക് അതുകൊണ്ട് അങ്ങനെ പറയാന്‍ പറ്റുമല്ലോ. അതിന്റെ സംവിധായകന്‍ ആദ്യം എന്നെ ആയിരുന്നു സമീച്ചത്.

എന്നെ എപ്പോള്‍ വേണെങ്കിലും സിനിമക്ക് വേണ്ടി സമീപിക്കാവുന്നതാണ്. റീച്ച് ചെയ്യാന്‍ പറ്റുന്നില്ല, കോണ്ടാക്ട് ചെയ്യാന്‍ പറ്റുന്നില്ല എന്ന പരാതിയൊന്നും ആര്‍ക്കും ഇല്ല. അതൊന്നും ഞാന്‍ അധികം ആരും പറഞ്ഞ് കേട്ടിട്ടില്ല,” മഞ്ജു വാര്യര്‍ പറഞ്ഞു.

ആയിഷയാണ് മഞ്ജു വാര്യറിന്റെ പുതിയ ചിത്രം. നവാഗതനായ ആമിര്‍ പള്ളിക്കലാണ് ചിത്രം സംവിധാനം ചെയ്തത്. 1950 കളിലെ നാടക സംഘം കേരള നൂര്‍ജഹാന്‍ എന്ന് വിശേഷിപ്പിച്ച നിലമ്പൂര്‍ ആയിഷയുടെ ജീവിതമാണ് മഞ്ജു വാര്യര്‍ നായികയായ ആയിഷ. മുസ്ലിം പെണ്‍കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം പോലും നിഷേധിക്കപ്പെട്ട 1950 കളുടെ തുടക്കത്തില്‍ നാടകരംഗത്തേക്ക് കടന്നുവന്നതാണ് നിലമ്പൂര്‍ ആയിഷ.

നിലമ്പൂര്‍ ആയിഷ ഗദ്ദാമയായി റിയാദില്‍ പോയ സമയത്തെ അവരുടെ ജീവിതവും അനുഭവങ്ങളുമാണ് ആമിര്‍ പള്ളിക്കല്‍ മഞ്ജു വാര്യരിലൂടെ സിനിമയില്‍ ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത്.

content highlight: actress manju warrier about kandukondain kandukondain