മലയാള സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നാണ് മഞ്ജു വാര്യരെ പലരും വിശേഷിപ്പിക്കാറുള്ളത്. എന്നാല്‍ മഞ്ജുവിന്റെ ജീവിതത്തിലെ യഥാര്‍ത്ഥ സൂപ്പര്‍സ്റ്റാര്‍ മഞ്ജുവിന്റെ അമ്മയാണ്. അച്ഛന്‍ തങ്ങളെ വിട്ട് പോയപ്പോഴും അമ്മ കരുത്തോടെ അതിനെ നേരിട്ടെന്നും തന്റെ ജീവിതത്തിലെ എല്ലാം ഇന്ന് അമ്മയാണെന്നും മഞ്ജു ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
‘ എന്റെ ജീവിതത്തിലെ സൂപ്പര്‍ സ്റ്റാര്‍ തീര്‍ച്ചയായും അമ്മ തന്നെയാണ്. സ്തനാര്‍ബുദം വന്നപ്പോള്‍ അമ്മ മനഃശക്തി കൊണ്ടാണ് അതിനെ തരണം ചെയ്തത്. അതിനുശേഷം പഴയതിലും സന്തോഷവതിയായും പഴയതിലും സുന്ദരമായും ജീവിതത്തിലേക്ക് അമ്മ തിരിച്ച് വന്നു.
അച്ഛന്‍ ഞങ്ങളെ വിട്ട് പോയപ്പോഴും അമ്മ കരുത്തോടെ നേരിട്ടു. അച്ഛനും അമ്മയും ഒരുമിച്ചല്ലാതെ ഒരിക്കലും ഞാന്‍ കണ്ടിട്ടേയില്ല. എന്ത് കാര്യത്തിനും എവിടെ പോവാനും രണ്ടുപേരും ഒരുമിച്ചായിരുന്നു.
അങ്ങനെയൊരാള്‍ പെട്ടെന്ന് നമ്മളെ വിട്ട് പോയിക്കഴിയുമ്പോള്‍ ഏതൊരാളും തളര്‍ന്ന് പോവും. അച്ഛനില്ലാത്ത വീടും ജീവിതവും എനിക്കും ചിന്തിക്കാന്‍ പറ്റിയിരുന്നില്ല. അതിനുശേഷം ഷൂട്ടിങ്ങിനൊക്കെ പോവേണ്ടി വരുമ്പോള്‍ അമ്മ ഒറ്റയ്ക്കാണല്ലോ എന്ന ചിന്ത എന്നെ സങ്കടപ്പെടുത്താന്‍ തുടങ്ങിയിരുന്നു.
പക്ഷേ എന്നെ വിഷമിപ്പിക്കാതിരിക്കാനായിരിക്കാം, അമ്മ തന്നെ സ്വയം ഇഷ്ടമുള്ള കാര്യങ്ങള്‍ കണ്ടെത്തി അതില്‍ മുഴുകി. സന്തോഷവതിയായി കരുത്തോടെ മുന്നോട്ട് പോയി. അമ്മയിങ്ങനെ ആക്ടീവായി ഇരിക്കുന്നത് കാണുമ്പോള്‍ സന്തോഷത്തോടെ ഇരിക്കുന്നു എന്നറിയുമ്പോള്‍ എനിക്ക് ദൂര സ്ഥലങ്ങളില്‍ പോലും സമാധാനത്തോടെ ഷൂട്ടിങ്ങിന് പോവാന്‍ കഴിയുന്നു.
ഇപ്പോള്‍ അമ്മ ചെയ്തുകൊണ്ടിരിക്കുന്ന ഓരോ പുതിയ കാര്യങ്ങളും കൗതുകത്തോടെയും അത്ഭുതത്തോടെയും ആരാധനയോടെയും നോക്കിക്കൊണ്ടിരിക്കുന്ന കുട്ടിയാണ് ഞാന്‍,’ മഞ്ജു വാര്യര്‍ പറഞ്ഞു.
അമ്മ വീണ്ടും എഴുതിത്തുടങ്ങി എന്നത് വലിയ സന്തോഷമാണ്. അമ്മ കോളേജ് സമയത്ത് എഴുതി തുടങ്ങിയതാണ്. പലപ്പോഴും അതേക്കുറിച്ചൊക്കെ പറഞ്ഞിട്ടുണ്ടങ്കിലും ആ കഥകളൊന്നും ഞാന്‍ വായിച്ചിരുന്നില്ല. പിന്നീട് അമ്മ ചെറിയ കുറിപ്പുകളൊക്കെ എഴുതി തുടങ്ങിയ പ്പോള്‍ നല്ല ഭംഗിയുളള എഴുത്താണല്ലോ എന്ന് അഭിമാനം തോന്നിയിരുന്നു.
ഇപ്പോള്‍ എഴുത്ത് മാത്രമല്ല, അമ്മയുടെ അല്ലാതെയുള്ള ആഗ്രഹങ്ങളൊക്കെ നടക്കുന്നുണ്ട്. കഥകളി പഠിക്കാന്‍ തുടങ്ങി. ഇതില്‍ നിന്നൊക്കെ എനിക്ക് വലിയ പ്രചോദനം കിട്ടുന്നുണ്ട്. ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ പ്രായം ഒരു തടസ്സമല്ലെന്ന് ഞാനല്ല, എന്റെ അമ്മയാണ് ഇപ്പോള്‍ തെളിയിച്ച് കാണിച്ചിരിക്കുന്നത്. അമ്മയാണ് എന്നേക്കാള്‍ വലിയ പ്രചോദനം, മഞ്ജു പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Actress Manju Warrier About Her Mother and Remember Father