സിനിമയിലേക്കുള്ള തന്റെ രണ്ടാം വരവിനെ കുറിച്ചും അതില്‍ സംഭവിച്ച വിജയങ്ങളെ കുറിച്ചും പരാജയ ചിത്രങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടി മഞ്ജു വാര്യര്‍.
അവസാന സമയങ്ങളില്‍ വന്ന കുറച്ചധികം സിനിമകള്‍ പരാജയപ്പെട്ടതിനെ കുറിച്ചും അതിന്റെ കാരണത്തെ കുറിച്ചുമൊക്കെയാണ് മഞ്ജു സംസാരിക്കുന്നത്.
അതിനൊക്കെ വലിയൊരു മറുപടിയെന്നോണമാണോ എമ്പുരാനിലെ കഥാപാത്രം ്‌വന്നതെന്ന ചോദ്യത്തിനും താരം മറുപടി പറയുന്നുണ്ട്.
‘ഒന്നും ഒന്നിന്റേയും മറുപടിയൊന്നുമല്ല. എല്ലാ സിനിമകളും നല്ല രീതിയില്‍ പ്രേക്ഷകര്‍ സ്വീകരിക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു തന്നെയാണ് എല്ലാവരും സിനിമ ചെയ്യുന്നത്.
അത് എന്തുകൊണ്ട് വര്‍ക്കായില്ല എന്ന് മനസിലാക്കാന്‍ ശ്രമിക്കും. കഴിയുന്നതും അത് ആവര്‍ത്തിക്കാതിരിക്കാന്‍ നോക്കും. അതില്‍ നിന്നും നമുക്ക് എന്താണ് പഠിക്കാന്‍ പറ്റുക എന്ന് വെച്ചാല്‍ അത് നോക്കും.
അല്ലാതെ ഇതിന് മറുപടി മറ്റേത് വരും എന്നൊന്നും ആലോചിച്ചിട്ടേ ഇല്ല. എല്ലാ സിനിമകളും ഏറ്റവും ഇഷ്ടത്തോട് കൂടി തന്നെയാണ് ചെയ്തത്. ഓടിയതും അല്ലാത്തതും എന്ന നിലയില്‍ ഒരു സിനിമകളോടും ഏറ്റക്കുറച്ചിലുകളോ പക്ഷപാതമോ ഇല്ല. എന്റെ എല്ലാ സിനിമകളും എനിക്ക് ഒരുപോലെ പ്രിയപ്പെട്ടതാണ്,’ മഞ്ജു വാര്യര്‍ പറഞ്ഞു.
മലയാളത്തിലെ തന്റെ അടുത്ത സിനിമയെ കുറിച്ച് പറയാനായിട്ടില്ലെന്നും മനോഹരമായ ചില കഥകള്‍ കേട്ടിട്ടുണ്ടെന്നും മഞ്ജു പറഞ്ഞു.
പൃഥ്വിരാജ് ലൂസിഫര്‍ സംവിധാനം ചെയ്യാന്‍ പോകുന്നു എന്ന് അറിഞ്ഞപ്പോള്‍ തന്നെ അതിലൊരു ഭാഗമാകാന്‍ പറ്റിയിരുന്നെങ്കിലെന്ന് താന്‍ ആഗ്രഹിച്ചിരുന്നെന്നും അതിന് ശേഷമാണ് പ്രിയദര്‍ശിനി തന്നെ തേടിയെത്തിയതെന്നും മഞ്ജു പറഞ്ഞു.
പ്രിയദര്‍ശിനി രാംദാസ് എന്ന അമ്മയാണോ അതോ പ്രിദയര്‍ശിനി രാംദാസ് എന്ന രാഷ്ട്രീയ പ്രവര്‍ത്തകയാണോ ചേര്‍ന്ന് നില്‍ക്കുന്നത് എന്ന ചോദ്യത്തിന് പ്രിയദര്‍ശിനി രാംദാസ് തന്നെയാണെന്നായിരുന്നു താരത്തിന്റെ മറുപടി.
എല്ലാം ചേര്‍ന്നതാണല്ലോ പ്രിയദര്‍ശിനി. ഒന്നായിട്ട് അങ്ങനെ എടുത്തു പറയാന്‍ പറ്റിയില്ല. പ്രിയദര്‍ശിനി എനിക്ക് കിട്ടിയിട്ടുള്ള മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണെന്ന് നിസംശയം പറയാന്‍ പറ്റും. അത് എന്റെ വലിയ ഭാഗ്യമാണെന്ന ബോധ്യം എനിക്കുണ്ട്.
എമ്പുരാനിലെ എന്റെ ഭാഗങ്ങള്‍ നേരത്തെ കണ്ടിരുന്നു. സിനിമ റിലീസായ ശേഷമാണ് പൂര്‍ണമായി കണ്ടത്. ചില ഭാഗങ്ങള്‍ പ്ലേ ചെയ്യുമ്പോള്‍ മാറിയിരിക്കുമായിരുന്നു. എനിക്ക് ഫുള്‍ വേര്‍ഷന്‍, ഫുള്‍ ഗ്ലോറിയില്‍ കാണണമെന്നുണ്ടായിരുന്നു.
പ്രിയദര്‍ശിനിക്കായി പ്രത്യേക ഇന്‍സ്ട്രക്ഷനുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. എനിക്ക് ഫ്‌ളാഷ് ബാക്കുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഇത്രയും വര്‍ഷത്തെ സ്വാഭാവികമായ പ്രോഗ്രസ് എന്താണോ അത് തന്നെയാണ് കഥാപാത്രങ്ങള്‍ക്കും ഉണ്ടായിരുന്നത്.
വലിയ മാറ്റമൊന്നും ഉണ്ടായിരുന്നില്ല. അതേ ട്രാക്കില്‍ തന്നെയാണ് മുന്നോട്ടുപോയത്. ട്രാന്‍സ്ഫര്‍മേഷന്‍ വരുന്ന സീനുകളില്‍ അതിനനുസരിച്ച് നമ്മളും മാനസികമായി നീങ്ങുമല്ലോ,’ മഞ്ജു പറയുന്നു.
Content Highlight: Actress Manju Warrier about her box office failure movies and Empuraan