| Thursday, 17th March 2022, 11:05 am

ബിജു ചേട്ടനെ സെറ്റില്‍ കണ്ട് ഗുഡ്‌മോണിങ് പറഞ്ഞപ്പോള്‍ തലേദിവസം 'പത്ര'ത്തില്‍ അഭിനയിച്ചു തിരിച്ചുവന്നപോലെയായിരുന്നു തോന്നിയത്: മഞ്ജു വാര്യര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പത്രം, കണ്ണെഴുതിപ്പൊട്ടും തൊട്ട് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബിജുമേനോനും മഞ്ജു വാര്യരും ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ് മധു വാര്യരുടെ സംവിധാനത്തിലൊരുങ്ങിയ ലളിതം സുന്ദരം.

മാര്‍ച്ച് 18 ന് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെയാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. 20 വര്‍ഷത്തിന് ശേഷം മഞ്ജു-ബിജു മേനോന്‍ കോമ്പിനേഷനിലെത്തുന്ന ചിത്രം കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകരും.

കണ്ണെഴുതിപ്പൊട്ടും തൊട്ട് എന്ന ചിത്രത്തിലെ വില്ലന്‍-നായിക കോംബോയില്‍ നിന്ന് മാറി ചേട്ടനും അനുജത്തിയുമായാണ് ഇരുവരും ലളിതം സുന്ദരത്തില്‍ എത്തുന്നത്.

വര്‍ഷങ്ങള്‍ക്കിപ്പുറം ബിജുമേനോനൊപ്പം അഭിനയിച്ചപ്പോഴുണ്ടായ അനുഭവത്തെ കുറിച്ച് പങ്കുവെക്കുകയാണ് മഞ്ജു വാര്യര്‍. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ജിഞ്ചര്‍ മീഡിയയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. 20 വര്‍ഷത്തിന് ശേഷമാണ് ഒന്നിച്ചഭിനയിക്കുന്നതെന്ന് ഒരിക്കല്‍ പോലും തോന്നിയില്ലെന്നും പത്രത്തില്‍ അഭിനയിച്ച ശേഷം പിറ്റേ ദിവസം സെറ്റില്‍ എത്തിയതാണെന്ന ഫീലിങ് ആയിരുന്നെന്നുമാണ് മഞ്ജു പറയുന്നത്.

‘കണ്ണെഴുതിപ്പൊട്ടും തൊട്ടിന് ശേഷമാണ് പത്രം ഷൂട്ട് ചെയ്തത്. പക്ഷേ പത്രമാണ് ആദ്യം ഇറങ്ങിയത്. അതുകൊണ്ട് തന്നെ രണ്ട് സിനിമയുടെ പേരും ഒന്നിച്ചുപറയാം. അതിലാണ് ബിജു ചേട്ടനുമായി ഒടുവില്‍ ഒന്നിച്ച് വര്‍ക്ക് ചെയ്തത്. അത് കഴിഞ്ഞിട്ട് പിന്നെ ലളിതം സുന്ദരത്തിലാണ്.

20 ല്‍ അധികം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞങ്ങള്‍ ഒന്നിച്ചൊരു സിനിമ ചെയ്യുന്നത്. അത് അധികം പറയാത്തത് അത്ര അധികം വര്‍ഷങ്ങളായി എന്ന് പറയേണ്ട എന്ന പരസ്പര ധാരണയിലാണ്(ചിരി).

ലളിതം സുന്ദരത്തിന്റെ സെറ്റില്‍ ബിജു ചേട്ടനെ കണ്ട് ഗുഡ് മോണിങ് എന്ന് പറഞ്ഞപ്പോള്‍ തലേ ദിവസം പത്രത്തില്‍ അഭിനയിച്ചു വന്നപോലെയായിരുന്നു എനിക്ക് തോന്നിയത്.

ഞങ്ങള്‍ ഇടയ്ക്ക് വല്ലപ്പോഴും കാണാറുണ്ടായിരുന്നെങ്കിലും വര്‍ക്ക് ചെയ്യുന്ന ഒരു ഇക്വേഷനില്‍ വന്നപ്പോള്‍ തലേദിവസം അഭിനയിച്ച് റൂമില്‍ പോയി പിറ്റേ ദിവസം വന്നപോലെയാണ് തോന്നിയത്.

ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ഒന്നിച്ചഭിനയിക്കുന്നതെന്ന് ഇപ്പോഴും തോന്നുന്നില്ല. ഫ്രഷ്‌നെസും കംഫര്‍ട്ട് ലെവലും എല്ലാം അതുപോലെ തന്നെയാണ് തോന്നിയത്, മഞ്ജു വാര്യര്‍ പറഞ്ഞു.

പേരില്‍ പറയുന്നതുപോലെ ലളിതം സുന്ദരമായിട്ടുള്ള ഒരു സിനിമയാണ് ഇതെന്നും വലിയ അവകാശവാദങ്ങളൊന്നും ഇല്ലാത്ത ചെറിയൊരു സിനിമയാണെന്നും മജ്ഞു പറഞ്ഞു. കണ്ടാല്‍ സന്തോഷം തോന്നുന്ന സിനിമയാണ്. ചേട്ടന്‍ സംവിധായകനാകുന്ന സിനിമയില്‍ ഞാന്‍ അഭിനയിക്കുന്ന എന്നത് സന്തോഷമാണ്. എന്നെ സംബന്ധിച്ച്, ചേട്ടന് ഇഷ്ടപ്പെട്ടൊരു കഥ, അതില്‍ എനിക്ക് പറ്റുന്ന ഒരു കഥാപാത്രമുണ്ടായിരുന്നതുകൊണ്ട് വിളിച്ചു. അത്രയേ ഉള്ളൂ. അല്ലാതെ ഞങ്ങള്‍ ഒന്നിച്ചിരുന്ന് പ്ലാന്‍ ചെയ്ത് ഉണ്ടാക്കിയെടുത്ത ഒരു സിനിമയൊന്നും അല്ല ഇത്. സംഭവിച്ചുപോയ ഒരു സിനിമയാണ്, മഞ്ജു പറഞ്ഞു.

Content Highlight: Actress Manju Warrier About Biju Menon and Lalitham Sundaram Movie

We use cookies to give you the best possible experience. Learn more