| Monday, 16th January 2023, 11:47 am

പേളിയെ കണ്ടാണ് ആ ഹെയര്‍സ്റ്റൈല്‍ ചെയ്തത്, പക്ഷെ ഞാന്‍ ചെയ്ത് വന്നപ്പോള്‍ ഡാന്‍സ് മാസ്റ്റര്‍ വിക്രമായിപ്പോയി: മഞ്ജു വാര്യര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആയിഷ എന്ന മഞ്ജു വാര്യരുടെ ഏറ്റവും പുതിയ ചിത്രത്തിലെ കണ്ണിലെ കണ്ണിലെ… എന്ന ഗാനം ഏറെ പ്രേക്ഷക ശ്രദ്ധനേടിയിരുന്നു. പ്രഭുദേവ കോറിയോഗ്രഫി ചെയ്ത ഡാന്‍സില്‍ മഞ്ജുവിന്റെ ഹെയര്‍ സ്റ്റൈല്‍ വളരെ വ്യത്യസ്തമായിരുന്നു.

പേളി മാണിയുടെയൊക്കെ മുടി പോലെയുണ്ടാകുമെന്ന് വിചാരിച്ചിട്ടാണ് ആ രീതിയില്‍ ഹെയര്‍സ്‌റ്റൈല്‍ ചെയ്തതെന്നും എന്നാല്‍ തനിക്ക് ചെയ്ത് വന്നപ്പോള്‍ ചതിക്കാത്ത ചന്തുവിലെ ഡാന്‍സ് മാസ്റ്റര്‍ വിക്രമായി പോയെന്നും മഞ്ജു പറഞ്ഞു.

സിനിമയില്‍ ഈ ഹെയര്‍ സ്റ്റൈല്‍ അല്ലെന്നും പാട്ടിന്റെ മൂഡല്ല സിനിമക്കെന്നും താരം പറഞ്ഞു. പേളി മാണിയുമായുള്ള അഭിമുഖത്തിലാണ് മഞ്ജു ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”പ്രഭുസാര്‍ ഇടക്ക് എനിക്ക് ഇങ്ങോട്ട് മെസേജ് അയക്കാറുണ്ടായിരുന്നു. ഞാനും ഹായ് സാര്‍ എന്നൊക്കെ ചോദിച്ച് സംസാരിക്കാറുണ്ട്. ഷൂട്ടിങ്ങിന്റെ വിശേഷങ്ങളും സിനിമകളെക്കുറിച്ചുമെല്ലാം ചോദിക്കാറുണ്ട്. പക്ഷെ ഡാന്‍സ് കോറിയോഗ്രഫി ചെയ്യുമോയെന്ന് ചോദിക്കാന്‍ ഒരു മടിയായിരുന്നു.

ഇങ്ങനെ ഒരു പാട്ടുണ്ട്, സാറിന് ചെയ്യാന്‍ പറ്റുമോയെന്ന് ഞാന്‍ ചോദിച്ചപ്പോഴേക്കും രണ്ട് സെക്കന്റിനുള്ളില്‍ തന്നെ മറുപടി പറഞ്ഞു. അതിനെന്താ നമുക്ക് ചെയ്യാമെന്ന് പറഞ്ഞപ്പോള്‍ എനിക്ക് സമാധാനമായി. പേടിച്ചിട്ടായിരുന്നു ആദ്യം ഞാന്‍ ചോദിച്ചത്. ആ ഒരു മറുപടി കേട്ടപ്പോള്‍ അടിച്ചു മോനേ.. എന്ന ഇന്നസെന്റിന്റെ അവസ്ഥയായിരുന്നു എനിക്ക്.

പേളിയുടെ മുടി പോലെയൊക്കെ ഉണ്ടാവണമെന്നൊക്കെ ആഗ്രഹിച്ചാണ് പാട്ടില്‍ അങ്ങനെയൊരു ഹെയര്‍സ്റ്റൈല്‍ ചെയ്തത്. പക്ഷെ ചെയ്ത് വന്നപ്പോള്‍ ഡാന്‍സ് മാസ്റ്റര്‍ വിക്രം ആയി പോയി. ഞാന്‍ ചെയ്ത് വന്നപ്പോള്‍ ആ രീതിയിലായിപ്പോയി. നല്ല ഭംഗിയില്‍ നില്‍ക്കണമെന്നൊക്കെ വിചാരിച്ചാണ് ആ ഒരു ഹെയര്‍ സ്റ്റൈല്‍ ചെയ്തത്.

സിനിമയില്‍ ഈ ഹെയര്‍സ്‌റ്റൈല്‍ അല്ല. ഈ പാട്ട് ശരിക്കും ഒരു ഡ്രീം സീക്വന്‍സാണ്. പാട്ട് കണ്ടപ്പോള്‍ പലരും വിചാരിച്ചു സിനിമ ആ മൂഡ് പോലെയായിരിക്കുമെന്ന്. എന്നാല്‍ പാട്ടിന്റെ മൂഡേ അല്ല സിനിമക്ക്. പാട്ടില്‍ കാണുന്നത്, ആയിഷ എന്ന കഥാപാത്രത്തിന്റെ സ്വപ്‌നം മാത്രമാണ്,” മഞ്ജു വാര്യര്‍ പറഞ്ഞു.

മഞ്ജു വാര്യര്‍ക്കൊപ്പം രാധിക, സജ്‌ന, പൂര്‍ണിമ, ലത്തീഫ, സലാമ, ജെന്നിഫര്‍, സറഫീന, സുമയ്യ, ഇസ്ലാം തുടങ്ങിയവരും ചിത്രത്തിലുണ്ട്. നവാഗതനായ ആമിര്‍ പള്ളിക്കല്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

content highlight: actress manju warrier about ayisha movie song hair style

We use cookies to give you the best possible experience. Learn more