മഞ്ജു വാര്യരെ നായികയാക്കി നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ആയിഷ. ഈ മാസം 20നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
പ്രഖ്യാപന സമയം മുതല്‍ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രം കൂടിയായിരുന്നു ആയിഷ. ഗള്‍ഫില്‍ വീട്ടുജോലിക്കെത്തുന്ന ആയിഷ എന്ന കഥാപാത്രമായാണ് മഞ്ജു ചിത്രത്തില്‍ വേഷമിടുന്നത്.
2011 ല്‍ സംവിധായകന്‍ കമല്‍ നടി കാവ്യാ മാധവനെ നായികയാക്കി ഒരുക്കിയ ‘ഗദ്ദാമ’ എന്ന ചിത്രവും ഗള്‍ഫ് രാജ്യങ്ങളില്‍ വീട്ടുജോലിക്കായി എത്തപ്പെടുന്ന പ്രവാസി സ്ത്രീകളുടെ കഥയായിരുന്നു പറഞ്ഞത്.
ഗദ്ദാമ എന്ന ചിത്രവുമായി ആയിഷയ്ക്ക് എന്തെങ്കിലും സാമ്യമുണ്ടോ എന്ന ചോദ്യമായിരുന്നു കഴിഞ്ഞ ദിവസം നടന്ന പ്രസ് മീറ്റില്‍ മഞ്ജുവിന് നേരെ ഉയര്‍ന്നത്.
കാവ്യ നായികയായ ഗദ്ദാമയുമായി ആയിഷയുടെ കഥയ്ക്ക് ബന്ധമുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്ന മറുപടിയായിരുന്നു മഞ്ജു നല്‍കിയത്. ഒപ്പം ചിത്രത്തില്‍ ഒരു കഥാപാത്രത്തെ മാത്രം തന്റെ പ്രിയപ്പെട്ട കഥാപാത്രമായി പറയാന്‍ കഴിയില്ലെന്നും എല്ലാവരും തനിക്ക് പ്രിയപ്പെട്ട കഥാപാത്രങ്ങളെന്നും മഞ്ജു പറഞ്ഞു. മെയ്ഡ് ആന്‍ഡ് മെജസ്റ്റി സൗഹൃദമാണ് ചിത്രത്തിന്റെ പ്രധാന ത്രെഡെന്നും മഞ്ജു പറഞ്ഞു.
‘ആയിഷ എന്ന സിനിമയുടെ പ്രധാനപ്പെട്ട ഒരു ത്രെഡ് മൈഡ് ആന്‍ഡ് മജസ്റ്റി തമ്മിലുള്ള സൗഹൃദമാണ്. നിങ്ങള്‍ കണ്ട ട്രെയിലറില്‍ മാമ്മ എന്ന് എല്ലാവരും വിളിക്കുന്ന കഥാപാത്രവും വീട്ടിലെ ഏറ്റവും ഉന്നതമായ സ്ഥാനത്തിരിക്കുന്ന സ്ത്രീയും അവിടെയുള്ള മൈഡ്സുമായുള്ള സൗഹൃദമാണ് ആയിഷയില്‍ ഉള്ളത്.
ആയിഷയോടൊപ്പം ജോലിചെയ്യുന്നവര്‍ മാത്രമല്ല, ആ സിനിമയില്‍ മറ്റു പല പ്രധാനപ്പെട്ട കഥാപാത്രങ്ങളുമുണ്ട്. എല്ലാ കഥാപാത്രങ്ങളും സിനിമയില്‍ പ്രധാനപ്പെട്ടവരാണ്. പ്രത്യേകമായിട്ട് ഒരാളെ എന്റെ പ്രിയപ്പെട്ട കഥാപാത്രമായി ചൂണ്ടിക്കാണിക്കാന്‍ കഴിയില്ല. എല്ലാവരും എനിക്ക് പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്,’ മഞ്ജു പറഞ്ഞു.
മലയാളത്തിന് പുറമെ ആറു ഭാഷകളിലായിട്ടാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഈ സിനിമക്ക് വേണ്ടി മഞ്ജു അറബിഭാഷ പഠിച്ചിരുന്നു. ആഷിഫ് കക്കോടിയുടെ തിരക്കഥയില്‍ എം. ജയചന്ദ്രനാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
അപ്പു എന്‍. ഭട്ടതിരിയുടെയാണ് ഛായാഗ്രഹണം. കൃഷ്ണശങ്കര്‍, മോന, സജ്‌ന, രാധിക എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
Content Highlight: Actress Manju Warrier about Asyisha Movie and Gadhama